ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റോമയ്ക്ക് മുന്നില്‍ നാണംകെട്ട് പുറത്തായതിന്‍റെ പാപഭാരം ക‍ഴുകികളഞ്ഞ് ബാഴ്സലോണ സ്പാനിഷ് ലീഗിൽ റെക്കോഡ് വിജയം സ്വന്തമാക്കി. വലെൻസിയയെ തോൽപ്പിച്ച് ലീഗിൽ തോൽവിയറിയാതെ 39 മത്സരം ബാഴ്സ പൂർത്തിയാക്കി.

വലെൻസിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപ്പിച്ചത്. ലൂയിസ് സുവാരസും സാമുവൽ ഉംറ്റിറ്റിയും ഗോളടിച്ചു. ജയത്തോടെ 32 കളിയിൽ 82 പോയിന്റുമായി ബാഴ്സ ഒന്നാംസ്ഥാനത്ത് ലീഡ് ഉയർത്തി. രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ 14 പോയിന്റ് മുന്നിലായി.

1979‐80ൽ റയൽ സോസിഡാഡിന്റെ തോൽവി അറിയാതെയുള്ള 38 മത്സരങ്ങളുടെ റെക്കോഡിനെയാണ് ബാഴ്സ മറികടന്നത്. ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിൽ റോമയോടേറ്റ അപമാനകരമായ തോൽവിയുടെ നീറ്റലിലായിരുന്നു ബാഴ്സ. രണ്ടാംപാദത്തിൽ മൂന്നു ഗോളിന് തോറ്റ ബാഴ്സ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്താകുകയും ചെയ്തു.

വലെൻസിയക്കെതിരെ തുടക്കത്തിൽ ബാഴ്സയുടെ കളി മങ്ങി. വലെൻസിയക്കായിരുന്നു ആധിപത്യം. ബാഴ്സാ ഗോളി മാർക് ആന്ദ്രേ ടെർസ്റ്റെയ്ഗന്റെ മികവാണ് വലെൻസിയയെ തടഞ്ഞത്.

മൊറേനോയുടെ തകർപ്പനടി ടെർസ്റ്റെയ്ഗൻ നിർവീര്യമാക്കി. കളിഗതിക്കെതിരെ ബാഴ്സ ഗോളടിച്ചു. സുവാരസ് ലക്ഷ്യംകണ്ടു. ഫിലിപ് കുടീന്യോയായിരുന്നു ആസൂത്രകൻ. വലതുഭാഗത്തുവച്ച് ബോക്സിലേക്ക് കുടീന്യോ തൊടുത്ത പന്ത് എളുപ്പത്തിൽ സുവാരസ് വലയിൽ എത്തിച്ചു.

ഇടവേളയ്ക്കുശേഷം വലെൻസിയ മികച്ച അവസരം പാഴാക്കി. സ്ഥാനംതെറ്റിനിന്ന ടെർ സ്റ്റെയ്ഗന്റെ പിഴവ് മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല.

മൊറേനോയുടെ വേഗംകുറഞ്ഞ അടി ഗോൾവരയ്ക്കു മുന്നിൽ ജെറാർഡ് പിക്വെ തട്ടിയകറ്റി. പിന്നാലെ ബാഴ്സ ലീഡ് ഉയർത്തുകയും ചെയ്തു. കുടീന്യോയുടെ ക്രോസിൽ ഉംറ്റിറ്റി തലവച്ചു. അവസാനനിമിഷം പെനൽറ്റിയിലൂടെ ഡാനിയേൽ പറേക്കോ വലെൻസിയക്കായി ഒരു ഗോൾ മടക്കി.