യുഡിഎഫ്‐ബിജെപി സമര ഐക്യത്തിന്‍റെ കാർമികത്വം ആന്‍റണിക്കോ; സ്വാശ്രയ വിദ്യാഭ്യാസ ക്രൂരത നടത്താന്‍ കൂട്ടുനിന്ന ആന്‍റണി ഇപ്പോള്‍ സുവിശേഷകനാകുന്നത് കേരളജനത തിരിച്ചറിയും; കോടിയേരി

കോൺഗ്രസ് നേതാവ് എ കെ ആന്റണി ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെത്തി ചില ഉദ്ബോധനങ്ങളും മാർക്സിസ്റ്റ് വിരുദ്ധ കള്ളപ്രചാരണങ്ങളും ആവർത്തിച്ച് ഡൽഹിക്ക് മടങ്ങി. കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിപ്പിക്കാൻ ആത്മാർഥമായ ആഗ്രഹമുള്ള കക്ഷിയാണ് കോൺഗ്രസ് എങ്കിൽ അതിന്റെ സമുന്നത നേതാവായ ആന്റണി കേരളത്തിൽ വന്ന് ബിജെപി മെഗാഫോണാകില്ലായിരുന്നു. എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എമ്മിനെയും അപകീർത്തിപ്പെടുത്താൻ യുഡിഎഫ്‐ബിജെപി സമര ഐക്യവും ആന്റണിയുടെ കാർമികത്വത്തിൽ അരങ്ങുതകർത്തു.

ചില ദളിത് സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിന് ഐക്യദാർഢ്യവുമായി ഒരുവശത്ത് ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടായ്മ. മറുവശത്ത് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി‐ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. പട്ടികവിഭാഗപീഡനം തടയൽ നിയമത്തിൽ വെള്ളം ചേർക്കുന്ന സുപ്രീംകോടതി ഉത്തരവ് മോഡി സർക്കാരിന്റെ ഒത്താശയോടെ ഉണ്ടായതാണ്. അതിനെതിരെ ഏപ്രിൽ രണ്ടിന് ദളിത് സംഘടനകൾ നടത്തിയ ഭാരത്ബന്ദിൽ പങ്കുചേരാതിരുന്ന സംഘടനകളാണ് ഏപ്രിൽ ഒമ്പതിന് കേരളത്തിൽ ഹർത്താൽ നടത്തിയത്. ബിജെപി പക്ഷത്തുള്ള ചിലരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭാരത്ബന്ദ് സംഘടിപ്പിച്ചതിന് പിന്നിലെ വികാരമല്ല കേരള ഹർത്താലിന് ഉണ്ടായിരുന്നത്. ഏപ്രിൽ രണ്ടിന്റെ ഭാരതബന്ദിനെ ചോരയിൽ മുക്കിക്കൊല്ലാനും സമരഭടന്മാരെ വെടിവച്ചുകൊല്ലാനും രംഗത്തിറങ്ങിയ ആർഎസ്എസുകാരും പൊലീസും 12 പേരെയാണ് കൊലപ്പെടുത്തിയത്.

സുപ്രീംകോടതിയിലെ കേസിൽ സന്ദർഭോചിതമായി ഇടപെടാൻ കേന്ദ്ര സർക്കാർ തയ്യാറാകാതിരുന്നതും ദളിത് പീഡനം തടയൽ നിയമം ദുർബലമാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ച് ഈ കേസിൽ കക്ഷിയല്ലാത്ത സംസ്ഥാന സർക്കാരിനെക്കൂടി പഴിചാരുംവിധമുള്ള പ്രചാരണമാണ് സംഘപരിവാറിന്റെ നിയന്ത്രണത്തിൽ ഒരുവിഭാഗം നടത്തിയത്. എ കെ ആന്റണി അതിന് കൂട്ടുനിന്നു. ആന്റണിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന ഹർത്താൽ ഐക്യദാർഢ്യ യോഗത്തിലെ പ്രസംഗങ്ങളും എൽഡിഎഫ് സർക്കാരിനുമേൽ കുതിരകയറുന്നതായിരുന്നു.

പാർലമെന്റ് സ്തംഭനത്തിന്റെപേരിൽ ഏകദിന ഉപവാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് ബിജെപി നേതാക്കളും നടത്തിയ കാര്യം എന്തേ, കാസർകോട് മുതൽ തിരുവനന്തപുരംവരെ പ്രസംഗിച്ചിട്ടും ആന്റണി മിണ്ടിയില്ല. പാർലമെന്റിൽ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടും നിയമപരമായ സാധൂകരണമുണ്ടായിട്ടും സ്പീക്കർ പരിഗണിച്ചില്ല. ചർച്ച ഒഴിവാക്കാൻ സർക്കാർ സ്പോൺസേർഡ് ബഹളം നടത്തി. സ്പീക്കറെ കൂട്ടുപിടിച്ചുനടത്തിയ ഹീനമായ അട്ടിമറി തുറന്നുകാട്ടാൻ എന്തേ ആന്റണിക്കും കൂട്ടർക്കും ഇത്ര മടി. ഇന്ധനവില റെക്കോഡ് ഭേദിച്ചു മുന്നേറുകയാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ എണ്ണവില ഇന്ത്യയിലാണ്. പെട്രോളിന് 73.73 രൂപ, ഡീസലിന് 65.84 രൂപ. ഇനി വില വർധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി എണ്ണക്കമ്പനികളോട് പറഞ്ഞതായി വാർത്തയുണ്ട്. പക്ഷേ, എന്തുകൊണ്ട് എണ്ണവില താഴ്ത്താൻ മോഡി നിർദേശിക്കുന്നില്ല. നിത്യോപയോഗസാധനവില കുതിക്കുന്നതിന് കാരണം കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച ഇന്ധനവില വർധനയാണ്. ഇതേക്കുറിച്ച് മിണ്ടാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. പശ്ചിമബംഗാളിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാൻ ചെല്ലുന്ന സിപിഐ എം പ്രവർത്തകരെ പൊലീസും ഗുണ്ടകളും തല്ലിയോടിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാൻചെന്ന സമുന്നതനേതാവ് ബസുദേവ് ആചാര്യ ഉൾപ്പെടെയുള്ള നേതാക്കളെ മൃഗീയമായി അക്രമിക്കുകയും ചെയ്തതിനെപ്പറ്റിയും ആന്റണി മിണ്ടുന്നില്ല. ഡൽഹിയിൽ എ കെ ജി ഭവന് മുന്നിലേക്ക് ആർഎസ്എസും ബിജെപിയും തുടർച്ചയായി അക്രമ മാർച്ച് നടത്തിയിട്ടും ഒരുവാക്ക് ഉച്ചരിക്കാൻ തയ്യാറായില്ല.

ഗാന്ധിജിയുടെ പേര് ആവർത്തിച്ച് തെറ്റിക്കുന്ന മോഡിയെപ്പറ്റി വലിയ ഗാന്ധിഭക്തനായ ആന്റണി എന്തേ കമാന്നൊരക്ഷരം പറയുന്നില്ല. ഗാന്ധിജിയുടെ പേര് ഉച്ചരിക്കുമ്പോഴെല്ലാം മോഡിയുടെ നാവിൻതുമ്പത്ത് കളിയാടുന്നത് ചലച്ചിത്രതാരം മോഹൻലാലിന്റെ പേരാണ്. ചമ്പാരൻ സത്യഗ്രഹത്തിന്റെ വാർഷികം ഉദ്ഘാടനംചെയ്യുമ്പോൾ മോഹൻദാസ് ഗാന്ധി മോഡിക്ക് മോഹൻലാൽ ഗാന്ധിയായി. ഇത് ഒരിക്കൽ സംഭവിച്ച പിഴവല്ല. അമേരിക്കയിലെ മാഡിസൻ സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലും മോഹൻലാൽ ആയിരുന്നു. 2013ൽ ജയ്പുരിൽ റാലിയെ അഭിസംബോധന ചെയ്തപ്പോഴും മോഹൻദാസ് മോഹൻലാൽ ആയി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നത് ആവർത്തിക്കുമ്പോൾ എന്തേ കേരളക്കാരായ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചില്ല.

ഇന്ത്യയിൽ മനുഷ്യത്വം മരവിച്ച രാഷ്ട്രീയകക്ഷിയുണ്ടെങ്കിൽ അത് കേരളത്തിലെ സിപിഐ എം ആണെന്നാണ് ആന്റണി കണ്ണൂരിൽ പറഞ്ഞത്. കമ്യൂണിസത്തെപോലെ ഇത്ര മഹത്തായ മാനവികതയും സാഹോദര്യവുമുള്ള പ്രത്യയശാസ്ത്രവും പ്രസ്ഥാനവും വേറൊന്നില്ല. പട്ടിണിയും തൊഴിലില്ലായ്മയും പാർപ്പിടമില്ലായ്മയും ഇല്ലാത്ത, ആരോഗ്യജീവിതം ഉറപ്പാക്കുന്ന, സോഷ്യലിസം നടപ്പാക്കാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. അത് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തെളിയിച്ചതാണ്. ശാസ്ത്രസാങ്കേതികവിദ്യാ വളർച്ചയിൽ അമേരിക്കയ്ക്ക് ഒപ്പംനിന്ന സോവിയറ്റ് യൂണിയൻ ശിഥിലമായി മുതലാളിത്തം പുനഃസ്ഥാപിച്ചതോടെ ആ നാടുകളിൽ ദുരിതം തിരിച്ചെത്തി. ലോകത്തിൽ ഏറ്റവുമധികം തൊഴിൽരഹിതരും യാചകരും വേശ്യകളുമുള്ള രാജ്യങ്ങളായി അവ മാറി. സോഷ്യലിസം ഇന്ത്യയിൽ സ്ഥാപിക്കാൻ പോരാടുന്ന ബഹുജന വിപ്ലവപ്രസ്ഥാനമാണ് സിപിഐ എം. കൊലപാതകരാഷ്ട്രീയം ഈ പാർടിയുടെ നയമല്ല. കണ്ണൂരിൽ ഷുഹൈബ് എന്ന യുവാവ് കൊല്ലപ്പെട്ടതിനെ പാർടി കലവറയില്ലാതെ അപലപിച്ചു. അതുമായി ബന്ധമുള്ള പാർടി അംഗങ്ങളെ പുറത്താക്കി. ഗാന്ധിവധംമുതൽ ഗുജറാത്തിലെ വംശഹത്യവരെയും മുസഫർ കലാപംമുതൽ പശുവിന്റെ പേരിലെ ആൾക്കൂട്ടക്കൊലകൾവരെയും നടത്തിയ സംഘപരിവാറിനെ സുഖിപ്പിക്കുകയാണ് ആന്റണി. ദേശീയകക്ഷിയായ സിപിഐ എം ഒറ്റ പാർടിയാണ്. അത് കേരളത്തിലൊന്നും തമിഴ്നാട്ടിൽ മറ്റൊന്നുമല്ല, ബംഗാളിലൊന്നും ത്രിപുരയിൽ വേറൊന്നുമല്ല. അതിനാൽ ‘കേരളത്തിലെ സിപിഐ എം’ എന്ന ആന്റണിയുടെ പ്രയോഗവും അപഹാസ്യമാണ്.

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് ഓർഡിനൻസിനെതിരെ സുപ്രീംകോടതി പരാമർശിക്കുകയും നിയമസഭ പാസാക്കിയ ബിൽ ഗവർണർ മരവിപ്പിക്കുകയും ചെയ്തതോടെ അസാധാരണസ്ഥിതി സംജാതമായി. ഈ വിഷയത്തിലും പീലാത്തോസിനെ പോലെ കൈകഴുകുകയാണ് ആന്റണി. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിൽ മുതലക്കണ്ണീർ പൊഴിക്കുകയുംചെയ്തു. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള മനുഷ്യത്വപരമായ സമീപനമാണ് ബന്ധപ്പെട്ട ബിൽ ഏകകണ്ഠമായി പാസാക്കി കേരള നിയമസഭ സ്വീകരിച്ചത്. സ്വാശ്രയ മാനേജുമെന്റുകൾ നടത്തുന്ന കൊള്ളരുതായ്മകൾക്കും ക്രമക്കേടുകൾക്കും എൽഡിഎഫ് സർക്കാരോ എൽഡിഎഫോ കൂട്ടുനിൽക്കില്ല. മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പാക്കണമെങ്കിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയവരടക്കമുള്ള എല്ലാ കുട്ടികൾക്കും വേണ്ടി നിയമം നിർമിക്കാനാണ് നിയമകേന്ദ്രങ്ങൾ നൽകിയ ശുപാർശ. അല്ലെങ്കിൽ നിയമം വിവേചനപരമായി എന്ന സാങ്കേതികതടസ്സം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായി. ആ പശ്ചാത്തലത്തിലാണ് യുഡിഎഫും ബിജെപിയും പിന്തുണച്ച പ്രകാരം ബിൽ പാസാക്കിയത്.

ഇക്കാര്യത്തിൽ ആന്റണിയുടെ അഭിപ്രായം കേട്ടപ്പോൾ അദ്ദേഹത്തിന് മറവിരോഗമുണ്ടോയെന്ന് സംശയം തോന്നി. കാരണം വിദ്യാഭ്യാസരംഗത്തെ കേവലമൊരു കമ്പോളമാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ക്രൂരത നടത്തിയത് ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴും തുടർന്ന് യുഡിഎഫ് ഭരിച്ചപ്പോഴുമാണ്. സ്വാശ്രയ എൻജിനിയറിങ് മെഡിക്കൽ കോളേജുകൾ നാടുനീളെ തുറക്കാൻ എൻഒസി കൊടുത്തത് ആന്റണി മുഖ്യമന്ത്രിയായിരിക്കെ. 50 ശതമാനം വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് കോഴയുടെ അടിസ്ഥാനത്തിലാക്കിയത് ആന്റണിയും യുഡിഎഫും ഭരിച്ചപ്പോൾ. ആ നയത്തെ തള്ളിപ്പറയാൻ ആന്റണിക്ക് ഇപ്പോഴെങ്കിലും കഴിയുമോ?

സ്വാശ്രയവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ കഴിയുന്നത്ര മെറിറ്റും സംവരണവും സാമൂഹ്യനീതിയും നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരുകൾ ഇടപെട്ടത്. ഇതെല്ലാം വിസ്മരിച്ച് സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയുടെ പേരിൽ എൽഡിഎഫ് സർക്കാരിന് നേരെ കുന്തമുന തിരിക്കാനുള്ള അടവ് പരിഹാസ്യമാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് രേഖാമൂലം സർക്കാരിന് കത്ത് കൊടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സുപ്രീംകോടതി നിലപാടിനെ തുടർന്ന് മലക്കംമറിഞ്ഞു. ഇത് രാഷ്ട്രീയ അധാർമികതയാണ്. ബിജെപി നിലപാടിനൊപ്പിച്ച് ചുവടുമാറി ആന്റണിയും. എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപിയുമായി കൈകോർക്കുകയാണ് കോൺഗ്രസ്. അതിന് കാർമികത്വം വഹിക്കുകയാണ് ആന്റണി. ഇത് തിരിച്ചറിയാനുള്ള പ്രബുദ്ധത കേരളജനതയ്ക്കുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News