റഷ്യയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം; ചൈന ഒപ്പം നിന്നിട്ടും യുഎന്നില്‍ റഷ്യന്‍ പ്രമേയം നിഷ്കരുണം തള്ളപ്പെട്ടു

ഐക്യരാഷ്ട്ര സഭയില്‍ സിറിയക്കെതിരെ യുഎസ് സഖ്യരാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാനായി റഷ്യ കൊണ്ടുവന്ന പ്രമേയം പാസായില്ല. ചൈന റഷ്യന്‍ നിലപാടിനെ പിന്തുണച്ചിട്ടും പ്രമേയം നിഷ്കരുണം തള്ളപ്പെട്ടു.

ബൊളീവിയയും ചൈനയും മാത്രമാണ് റഷ്യന്‍ നിലപാടിനൊപ്പം ചേര്‍ന്നത്. പക്ഷെ യുഎന്നിലെ ഭൂരിപക്ഷ അംഗങ്ങളും സിറിയയില്‍ രാസയുധപ്രയോഗം നടന്നെന്നും അതുകൊണ്ടാണ് യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തിയതെന്നും അഭിപ്രായപ്പെട്ടു. എട്ടു രാജ്യങ്ങള്‍ യു എസ് നിലപാടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് രാജ്യങ്ങള്‍ വിട്ടുനിന്നു.

അതേസമയം സിറിയക്കെതിരായ അമേരിക്കൻ സഖ്യസേനയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ രംഗത്ത്. ആക്രമണത്തിന് നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവർ ‘ക്രിമിനലുകൾ’ ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അൽ ഖമനേനി പറഞ്ഞു.

രാസായുധ പ്രയോഗം സംബന്ധിച്ച് ഒരു തെളിവുമില്ലാതെയാണ് അമേരിക്കൻ സഖ്യസേന സിറിയക്കെതിരെ ആക്രമണം നടത്തിയതെന്ന് ഇറാൻ വിദേശമന്ത്രാലയ വക്താവ് ബഹ്റാം ഗാസിമി പറഞ്ഞു. രാസായുധ നിരായുധീകരണ സംഘടനയുടെ റിപ്പോർട്ട് വരുംമുമ്പായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് അമേരിക്കയും സഖ്യകക്ഷികളും മാത്രമായിരിക്കും ഉത്തരവാദികൾ എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം, അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും ഇസ്രയേലും ക്യാനഡയും രംഗത്തെത്തി. രാസായുധ പ്രയോഗത്തിന്റെ പേരിലാണ് സിറിയക്കെതിരെ അമേരിക്കൻ ചേരി ആക്രമണം നടത്തിയതെന്നും ഇതിനെ യൂറോപ്യൻ യൂണിയൻ പിന്തുണയ്ക്കുന്നതായും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു. സിറിയൻ സർക്കാർ ആദ്യമായല്ല രാസായുധം പ്രയോഗിക്കുന്നതെന്ന് ഇയു കമീഷൻ തലവൻ ജീൻ ക്ലോഡ് ജുൻകർ പ്രതികരിച്ചു.

ഡമാസ്കസ് സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിക്കുള്ള മറുപടിയാണ് അമേരിക്കൻ സഖ്യസേനയുടെ ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു. അമേരിക്കൻ സഖ്യസേനയുടെ ആക്രമണത്തിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡോയും പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം സിറിയയില്‍ അസദ് ഭരണകൂടത്തിന് പിന്തുണപ്രഖ്യാപിച്ചും വിമതരെ തള്ളിപ്പറഞ്ഞും ജനങ്ങള്‍ തലസ്ഥാന നഗരത്തിലടക്കം പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here