അങ്കമാലി: കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെട്ടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പന്‍ സാജുവിന്റെ മകന്‍ സൈമണ്‍ (20) ആണു മരിച്ചത്. നാലുപേര്‍ക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം.
മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗര്‍ കപ്പേളയില്‍ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടര്‍ന്നാണ് അപകടമുണ്ടായത്.
രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.