സംസ്ഥാനത്ത് വ്യാജഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ തടയുന്നു; കടകള്‍ പൂട്ടിച്ചു; കണ്ണൂരില്‍ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ എസ് ഡിപി ഐ ആക്രമണം; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ കണ്ണൂരിൽ സംഘർഷമുണ്ടാക്കാൻ ശ്രമം. കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ എസ് ഡി പി പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു.ഡി വൈ എസ് പി, പി പി സദാനന്ദന് നേരെ കൈയേറ്റ ശ്രമമുണ്ടാക്കി.

നാല് പോലീസുകാർക്ക് പരിക്കേറ്റു.ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.അക്രമ സംഭവങ്ങളിൽ മുപ്പതോളം പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലയാകാരിൽ മൂന്ന് പേർ പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകൾ ആണ്.പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. കൊടുവളളി, ഈങ്ങാപ്പുഴ, പൂനൂര്‍, ഉളള്യേരി എന്നിവിടങ്ങളിലാണ് ഒരു വിഭാഗം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞത്. കോടുവളളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു.

പാലക്കുറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ ബങ്കിലും ഒരു കൂട്ടം ആളുകള്‍ അതിക്രമം നടത്തി. മാത്തോട്ടത്ത് വാഹനങ്ങള്‍ തടയാനെത്തിയവരെ പോലീസ് ലാത്തിവീശി ഓടിച്ചു. ഉള്‍ പ്രദേശങ്ങളില്‍ സ്വകാര്യ ബസ്സ് സര്‍വീസും തടസ്സപ്പെട്ടു.

കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇന്ന് ഹര്‍ത്താലെന്ന് വ്യാജ പ്രചരണം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ഒരു സംഘടനയും ഹര്‍ത്താല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ഈ വ്യാജ പ്രചരണത്തെ കൂട്ടുപിടിച്ചാണ് എസ്ഡിപിഐ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആരാണെന്ന് അറിയില്ലെങ്കിലും പലജില്ലകളിലും ഇതിന്റെ പേരില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു.

ദീര്‍ഘദൂര വാഹനങ്ങള്‍ അടക്കം തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലാകുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം. വ്യാജ ഹര്‍ത്താലിന്റെ പേരില്‍ രാവിലെമുതല്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News