
ഇന്ത്യന്‍ ക്രിക്കറ്റിന് അത്ഭുത വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരവും നായകനുമാണ് എം എസ് ധോണി. ഐപിഎല്ലിലും അങ്ങനെതന്നെ. ധോണിയുടെ പോരാട്ടങ്ങള്‍ വിജയം കാണാറാണ് പതിവ്. തോല്‍വിയുടെ പാപഭാരവുമായി തലകുനിച്ച് ധോണി ഒരിക്കലും ക്രീസ് വീട്ട് മടങ്ങിയിട്ടില്ല.
എന്നാല്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ലോകം അങ്ങനെയൊരു കാഴ്ച കണ്ടു. ക്രീസിലുണ്ടായിട്ടും കൂറ്റനടികളുമായി കളം നിറഞ്ഞിട്ടും ധോണിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയതീരത്തെത്തിക്കാനായില്ല.
198 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആറാമനായി ക്രീസിലെത്തിയ ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്ത്. കടുത്ത പുറം വേദനയെ അതിജീവിച്ച് 44 പന്തില്‍ 5 പടുകൂറ്റന്‍ സിക്‌സറുമായി 79 റണ്‍സാണ് എംഎസ്‌കെ അടിച്ചുകൂട്ടിയത്.
എന്നാല്‍ വിജയത്തിന് നാല് റണ്‍സ് അകലെ ആ പോരാട്ടം നിലച്ചു. നിശ്ചിത ഓവര്‍ തീരുമ്പോള്‍ ധോണിയും സംഘവും 4 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.
അവസാന രണ്ടോവറില്‍ 36 റണ്‍സാണ് വേണ്ടിരുന്നത്. ധോണിയുടെ മികവില്‍ 31 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. അവസാന ഓവറില്‍ 17 റണ്‍സാണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ തന്ത്രപരമായ ബൗളിംഗ് പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു.
മോഹിതിന്റെ അവസാന ഓവറില്‍ ഒരു സിക്‌സും ഒരു ബൗണ്ടറിയും നേടിയെങ്കിലും കളി ഫിനിഷ് ചെയ്യാന്‍ ധോണിക്ക് സാധിച്ചില്ല. എന്നാല്‍ ധോണിയുടെ പ്രകടനത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം വാഴ്ത്തുകയാണിപ്പോള്‍.
മനോഹരമായ ഇന്നിംഗ്‌സെന്നും എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ധോണിക്ക് സാധിച്ചെന്നും ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന പഞ്ചാബ് ടീമിന്റെ ഇപ്പോഴത്തെ മെന്റര്‍ കൂടിയായ വീരേന്ദര്‍ സെവാഗ് പറഞ്ഞു.
ചെന്നൈ തോറ്റെങ്കിലും ഇന്നത്തെ മത്സരത്തില്‍ ധോണിയാണ് യഥാര്‍ഥ താരമെന്നാണ് മുന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തത്. ഭായ്, താങ്കളൊരു യഥാര്‍ഥ ചാംപ്യനാണ്. നിര്‍ഭാഗ്യം കൊണ്ടാണ് താങ്കള്‍ക്ക് ഫിനിഷ് ചെയ്യാന്‍ കഴിയാഞ്ഞത് എന്നായിരുന്നു സണ്‍റൈസേഴ്‌സ് താരം റാഷിദ് ഖാന്‍ കുറിച്ചത്. ധോണി ഷോ ആയിരുന്നു കണ്ടതെന്നാണ് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here