രോഗികള്‍ വലയുന്നു; ഡോക്ടര്‍മാരുടെ സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

ഡോക്ടര്‍മാരുടെ സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പ്രൊബേഷനിലുള്ള ഡോക്ടര്‍മാര്‍ ജോലിക്കെത്തിയില്ലെങ്കില്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. വര്‍ക്കിംഗ് അറെയ്ജ്‌മെന്റിലുള്ളവരെ തിരികെ മാതൃ സ്ഥാപനത്തിലെക്ക് വിളിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ നടപടികളിലെക്ക് കടന്നാല്‍ അത്യാഹിത വിഭാഗത്തിലെക്ക് സമരം നീട്ടാനൊരുങ്ങുകയാണ് KGMOA ഡോക്ടര്‍മാര്‍. അതെസമയം സമരത്തിന്റെ നാലാം ദിനത്തിലും രോഗികള്‍ ഏറെ വലഞ്ഞു.

തികച്ചും അന്യായമായ സമരം, രോഗികളെയും സര്‍ക്കാരിനെയും ഒരു പോലെ വെല്ലുവിളിച്ചു കൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരത്തെ അംഗീകരിക്കാന്‍ സാധിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സമരം ചെയ്യുന്ന ഡോക്ടമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗവും തീരുമാനിച്ചത്. എന്നാല്‍ എസ്മ പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ഒരു നോട്ടീസ് പോലും നല്‍കാതെ ആരംഭിച്ച സമരത്തില്‍ സര്‍ക്കാര്‍ എങ്ങനെ ചര്‍ച്ചയ്ക്ക് വിളിക്കും. സമരം അവസാനിപ്പിച്ച് ഡോട്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍ക്കാര്‍ അവരുടെ ഏത് ആവശ്യവും കേള്‍ക്കാന്‍ തയ്യാറെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാര്‍, നടപടികളിലെക്ക് കടന്നാല്‍ അത്യാഹിത വിഭാഗത്തിലെക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്നാണ് KGMOA ഡോക്ടര്‍മാരുടെ വെല്ലുവിളി. നാളത്തെ സംസ്ഥാന സമിതിയില്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന ഭാരവാഹികളായ ഡോ. റൗഫും രജീഷും പ്രതികരിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഓ.പി സമയം പുനക്രമീകരിച്ചതും 3 ഡോക്ടര്‍മാരെ വച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന തീരുമാനത്തിലും മാറ്റമുണ്ടാകിലിലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതെസമയം, ഡോക്ടര്‍മാരുടെ സമരത്തില്‍ നാലാം ദിനത്തിലും രോഗികള്‍ വലഞ്ഞു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ആഭാവമാണ് അവരെ ഏറെ ദുരിതത്തിലാഴ്ത്തിയത്. പ്രൊബേഷനറി ഡോക്ടര്‍മാരെ പുറത്താക്കുമ്പോള്‍ PSC യിലെ പുതിയ പട്ടികയില്‍ നിന്നും നിയമനം നടത്തി രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here