സെന്‍സര്‍ ബോര്‍ഡ് വിലക്ക് കോമഡിയായി; മൂന്ന് വര്‍ഷം മുമ്പ് നിരോധിച്ച ‘അണ്‍ഫ്രീഡം’ നെറ്റ്ഫ്ലിക്സ് വ‍ഴി ഇന്ത്യയില്‍; ഡിജിറ്റല്‍ കരുത്തില്‍ സംവിധായകന്‍

ലെസ്ബിയന്‍ ബന്ധങ്ങള്‍, ഇസ്ലാമോഫോബിയ, മതതീവ്രവാദം, അസഹിഷ്ണുത എന്നിവ പ്രമേയമാക്കി രാജ് അമിത്കുമാര്‍ ഒരുക്കിയ അണ്‍ ഫ്രീഡത്തിന് മൂന്ന് വര്‍ഷം മുമ്പാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനനുമതി നിഷേധിച്ചത്.

വര്‍ഗീയ കലാപത്തിനും മാനഭംഗങ്ങള്‍ക്കും വഴിവയ്ക്കുമെന്നും ചിത്രത്തിലെ പല രംഗങ്ങളും വെട്ടിക്കളയണമെന്നും സെന്‍സര്‍ ബോര്‍ഡും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പ്‌ലെറ്റ് ട്രൈബ്യൂണലും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ തന്നെ അണിയറ പ്രവര്‍ത്തകര്‍ രാജ്യത്തിന് അകത്തും പുറത്തുമായി നൂറോളം കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നെറ്റ് ഫ്ലിക്സ് വ‍ഴി ചിത്രം റിലീസ് ചെയ്തത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു, ഞങ്ങള്‍ സെന്‍സര്‍ഷിപ്പിനോട് പടപൊരുതുകയാണ് എന്നു പറഞ്ഞാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. മെയ് 29ന് വടക്കേഅമേരിക്കയിലെ തിയ്യറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

വിക്ടര്‍ ബാനര്‍ജി, ഭവാനി ലീ, പ്രീതി ഗുപ്ത, ഭാനു ഉദയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓസ്ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ ശബ്ദ മിശ്രണം.

രാഷ്ട്രീയവും മതപരവും ലിംഗപരവുമായ പ്രശ്‌നങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം എന്നിവ വിഷയങ്ങളാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് അണ്‍ഫ്രീഡം. ദില്ലിയിലും ന്യൂയോര്‍ക്കിലും ഇതള്‍വിരിയുന്ന രണ്ട് കഥകളാണ് ചിത്രം പറയുന്നത്.

ഒന്നില്‍ സ്വന്തം ലൈംഗിക താത്പര്യങ്ങള്‍ നിവര്‍ത്തിക്കാനായി ഒരു പെണ്‍കുട്ടി രക്ഷിതാക്കളുമായി നടത്തുന്ന പോരാട്ടവും രണ്ടാമത്തേതില്‍ ഒരു തീവ്രവാദിയും ഉല്‍പതിഷ്ണുവായ ഒരു മുസ്ലീം മതവിശ്വാസിയും തമ്മിലുള്ള
സംഘര്‍ഷവുമാണ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here