കത്വ കേസ് വാദിക്കുന്ന അഭിഭാഷകയുടെ സുരക്ഷ ഉറപ്പാക്കണം; 10 ദിവസത്തിനകം കേസിലെ രേഖകള്‍ ഹാജരാക്കണമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ജമ്മു കശ്മീരിലെ കത്വയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് പുറത്തുള്ള കോടതിയില്‍ കേസ് പരിഗണിക്കണമെന്ന വിഷയത്തില്‍ ഈ മാസം 27നകം രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി.

കത്വാ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന്‍ നിന്ന് ചണ്ഡിഗണ്ഡിലേക്ക് മാറ്റണമെന്ന് ഇരയുടെ പിതാവിന്റെ ഹര്‍ജിയില്‍ ഈ മാസം 27നകം രേഖാമൂലം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.കത്വാ ബലാത്സംഗ കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം ഇങ്ങനെയൊരാവിശ്യവുമായി മുന്നോട്ട് വന്നത്.

ഹര്‍ജി പരിഗണിച്ച കോടതി പെണ്‍കുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. വധഭീഷണി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അഭിഭാഷകയും കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം കേസിലെ വിചാരണ ജമ്മു കശ്മീരിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കപ്പെട്ട ഏഴ് പ്രതികളും തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കോപ്പി പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഏപ്രില്‍ 28ന് കോടതി വീണ്ടും പരിഗണിക്കും.

കേസില്‍ തെറ്റുകാരല്ലെന്നും നുണപരിശോധനക്ക് തയ്യാറാണെന്നും കേസിലെ പ്രധാന പ്രതി സഞ്ജി റാം കോടതിയെ അറിയിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറായ സാഞ്ജി റാമാണ് കേസിലെ മുഖ്യപ്രതി,പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍.

എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. പ്രതികളില്‍ നിന്ന് പണം വാങ്ങി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here