ടിജി മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ സംഘികളുടെ പ്രതികാരം; കത്വ പെണ്‍കുട്ടിയ്ക്ക് നീതി തേടിയ ദീപക്കിന്‍റെ ജോലി തെറിപ്പിക്കാന്‍ സംഘടിത നീക്കം; പ്രതിരോധിച്ച് കേരളം

കത്വവയിൽ എട്ടു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തുകൊന്ന കേസിൽ സംഘപരിവാറിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതിന്‌ ബംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ദീപക്ക്‌ ശങ്കരനാരായണനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ സംഘപരിവാറിന്റെ സമ്മർദ്ദ തന്ത്രം.

കത്വവയിലെ ആസിഫയുടെ കൊലപാതകത്തെ തുടർന്ന്‌ ദീപക്‌ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പുകളാണ്‌ ഇപ്പോഴത്തെ പ്രകോപനം. ഇവയിലൊന്നിൽ ബിജെപി മന്ത്രിമാരടക്കം പ്രതികൾക്കായി റാലി നടത്തിയതിനെ സൂചിപ്പിച്ചുകൊണ്ട്‌, ’ആരൊക്കെ എതിരു നിന്നാലും നീതിപുലരണം’ എന്ന അർഥത്തിൽ അദ്ദേഹം എഴുതിയ ഒരു വാചകത്തെ അടർത്തിയെടുത്ത്‌, അതിനെ വക്രീകരിച്ച്‌ പ്രചരിപ്പിക്കുകയാണ്‌ സംഘപരിവാർ ഐടി സെൽ. ആര്‍എസ്എസ് നേതാവ് കെ ജി മോഹന്‍ദാസിന്‍റെ നേതൃത്വത്തിലാണ് സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം.

ദേശീയ തലത്തിൽത്തന്നെ ആസൂത്രിതമായ ക്യാമ്പയ്‌നാണ്‌ നടക്കുന്നത്‌. സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിയും കൊലവിളിയും തുടരുകയാണ്‌ സംഘപരിവാർ. ദീപക് ജോലിചെയ്യുന്ന ഐടി കമ്പനിയുടെ ഫേസ്‌ബുക്ക്‌, ട്വിറ്റർ പേജുകളിലും ഇവർ തെറിവിളി തുടരുന്നു. ദീപക്കിനെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാണ്‌ ഇക്കൂട്ടർ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം.

സാമൂഹ്യ മാധ്യമങ്ങളിലെ സംഘപരിവാർ വിരുദ്ധ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്‌ ദീപക്‌ ശങ്കരനാരായണൻ. ആർഎസ്‌എസ്‌ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെയും ഫാസിസത്തിന്റെയും സ്വാഭാവ സവിശേഷതകളെ തന്റേതായ നിലയിൽ വിശകലനം ചെയ്യുന്ന നിരവധി കുറിപ്പുകൾ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്‌. മാതൃഭൂമി വാരിക അടക്കമുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും ദീപക്കിന്റെ ലേഖനങ്ങൾ അച്ചടിച്ചു വന്നിട്ടുണ്ട്‌.

ഇതേ പോസ്റ്റ്‌ ഷെയർ ചെയ്‌തതിന്‌ എഴുത്തുകാരി ദീപാ നിശാന്തിനെതിരെയും സംഘപരിവാർ സൈബർ ആക്രമണം ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ കേരളം ഒന്നടങ്കം ഇതിനെ ചെറുക്കാനായി രംഗത്തെത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ #SolidarityWithDeepak  എന്ന ക്യാംപെയിനുമായി രംഗത്തെത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News