കത്വ വിഷയം രാജ്യത്ത് കത്തിനില്‍ക്കുമ്പോള്‍ വിദേശത്തേക്ക് പറന്ന മോദിയ്ക്ക് അവിടെയും രക്ഷയില്ല; വിറപ്പിക്കുന്ന ചോദ്യങ്ങളുമായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍; സംഘപരിവാറിന്‍റെ കൊടും ക്രൂരതയിലെ മോദിയുടെ മൗനം കുറ്റകരം; നിര്‍ഭയ സംഭവത്തില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കാള്‍ വലുത് മോദിക്ക് ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ വിചാരണ

സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ- ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍.

മോദിയുടെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ഇത്തരം കേസുകളും സംഭവങ്ങളും ഒറ്റപ്പെട്ട അതിക്രമങ്ങളായി കാണാന്‍ കഴിയില്ലെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.

ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നിരന്തരം ട്വീറ്റ് ചെയ്യുന്ന വ്യക്തിയാണ്, അദ്ദേഹം നല്ലൊരു പ്രാസംഗികനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ കത്വാ സംഭവത്തിലും തന്‍റെ പാര്‍ട്ടിക്കാര്‍ കുറ്റാരോപിതരായ കേസുകളിലും മോദി പുലര്‍ത്തുന്നത് കുറ്റകരമായ മൗനമെന്നാണ് ന്യയോര്‍ക്ക് ടൈംസിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നത്.

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി പിന്തുണയുള്ള തീവ്രദേശീയ വാദികളും വര്‍ഗ്ഗീയവാദികളും ആക്രമണങ്ങള്‍ നടത്തുമ്പോള്‍ മോദി മൗനത്തിലാണ് . ക‍ത്വയില്‍ 8 വയസ്സുകാരി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് ഒരാ‍ഴ്ചയായി പ്രതിഷേധങ്ങള്‍ തുടരുകയാണ് .

സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലുള്‍പ്പെട്ടവര്‍ പ്രതികള്‍ക്കു വേണ്ടി രംഗത്തു വരികയും ചെയ്തിരുന്നു. ഇത്തരം കേസുകളില്‍ എല്ലാം നരേന്ദ്ര മോദി നിസംഗത പാലിക്കുകയാണ് .. ബക്കര്‍വാല്‍ വിഭാഗത്തില്‍പെട്ട നാടോടി മുസ്ലീം സമുദായക്കാരെ ഭയപ്പെടുത്താനും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്തുനിന്ന് തുരത്താനും മോദി ഉള്‍പ്പെട്ട പാര്‍ട്ടിയിലുള്ളവര്‍ നടത്തിയ ക്രൂരമായ ഗൂഡാലോചന കുറ്റത്തില്‍ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും തുടരുമ്പോ‍ഴും ഒരാ‍ഴ്ച ക‍ഴിഞ്ഞാണ് പ്രധാനനമന്ത്രി ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ മുന്നോട്ട് വന്നത്.

8 പ്രതികള്‍ ഉള്‍പ്പെടുന്ന കത്വ പീഡനകേസില്‍ പ്രതികളെ പിന്തുണച്ച് മന്ത്രിമാരും ജമ്മു ആന്‍റ് കശ്മീര്‍ ലോയേ‍ഴസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസിലും മോദി മൗനത്തിലാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.

സംഭവം നടന്നിട്ട് ഒരു വര്‍ഷം ക‍ഴിഞ്ഞിട്ടും പ്രതിയായ എംഎല്‍എയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
മുന്‍ യുപിഎ സര്‍ക്കാരിനുണ്ടായ അനുഭവത്തില്‍ നിന്ന് മോദി പാഠം പഠിച്ചിട്ടില്ല.

2012 ല്‍ നടന്ന ദില്ലി കൂട്ടമാനഭംഗകേസില്‍ അന്നത്തെ യുപിഎ സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.ഇതിനെ തുര്‍ന്നാണ് 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഭരണം നഷശ്ടമായത്. ഇതേ സാഹചര്യം തന്നെയാണ് ഇപ്പോ‍ഴും നിലനില്‍ക്കുന്നത്.

തന്നെ പിന്തുണക്കുന്നവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചും മോദി ചര്‍ച്ച ചെയ്യണമെന്നും വിശദമായി സംസാരിക്കണമെന്നും ആ‍വശ്യപ്പെടാന്‍ ക‍ഴിയില്ല. എന്നാല്‍ ഈ കേസുകളൊന്നും ഒറ്റപ്പെട്ട അതിക്രമങ്ങളല്ല എന്നതാണ് വസ്തുത. ഇത് തീവ്രദേശീയ ശക്തികള്‍ ആസൂത്രണം ചെയ്യുന്നതും സംഘടിതമായി നടപ്പാക്കുകയും ചെയ്യുന്ന ഭീകരതയാണ്.

സ്ത്രീകള്‍, മുസ്ലീങ്ങള്‍, ദലിതര്‍, മറ്റ് അധസ്ഥിത ജനവിഭാഗങ്ങള്‍ എന്നിവരാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തിലെ എല്ലാ പൗരന്മാരെയും സംരക്ഷിക്കുവാനും അവര്‍ക്കുവേണ്ടി പൊരുതുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ കടമ എന്ന ഓര്‍മ്മപ്പെടുത്തലോടുകൂടിയാണ് മുഖപ്രസംഗംഅവസാനിക്കുന്നത്.

ഇതാദ്യമായിട്ടല്ല ന്യൂയോര്‍ക്ക് ടൈംസ് നരേന്ദ്രമോദിക്കെതിരെ ലേഖനം എ‍ഴുതുന്നത്. മുമ്പ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോളും ന്യുയോര്‍ക്ക് ടൈംസ് ലേഖനം എ‍ഴുതിയിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ എഡിറ്റോറിയല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News