‘റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപിന് തീവെച്ചത് തങ്ങള്‍ തന്നെ’; യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍

ദില്ലിയിലെ കാളിന്ദി കുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപിന് തീവെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തല്‍. മനീഷ് ചന്ദേലയെന്ന യുവമോര്‍ച്ച പ്രവര്‍ത്തകനാണ് ട്വീറ്റിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മനീഷിന്റെ ട്വീറ്റ് റോഹിങ്ക്യകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുകയെന്ന ഹാഷ് ടാഗോടെയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 50 ഓളം കുടിലുകള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.

ദില്ലിയിലെ കാളിന്ദി കുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിന് തീവെച്ചത് യുവമോര്‍ച്ചാ പ്രവര്‍ത്തകരാണെന്ന മനീഷ് ചന്ദേലയുടെ
വെളിപ്പെടുത്തല്‍ വിവാദമായിരിക്കുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇതോടെ ട്വീറ്റ് മനീഷ് ചന്ദേല ആദ്യം പിന്‍വലിച്ചു. പിന്നീട് റോഹിങ്ക്യ ക്വിറ്റ് ഇന്ത്യ എന്ന ഹാഷ് ടാഗുമായി വീണ്ടും പ്രത്യക്ഷപ്പെട്ടുകയായിരുന്നു.തീപിടുത്തത്തില്‍ നശിച്ച 50 കൂടിലുകളിലായി 228 റോഹിങ്ക്യന്‍ മുസ്ലീം മതവിശ്വാസികളാണ് താമസിച്ചിരുന്നത്.തീപ്പിടുത്തത്തില്‍ ആളപായങ്ങളൊന്നുമുണ്ടായിരുന്നില്ല ചെറിയ തരത്തിലുള്ള പൊള്ളലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 12 ഫയര്‍ഫോഴ്സ് സംഘങ്ങളെത്തിയാണ് തീ അണച്ചിരുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സന്നദ്ധ സംഘടനകള്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിനു മുമ്പ് രണ്ട് പ്രാവിശ്യം നേരിയ തോതില്‍ തീപ്പിടുത്തം കാളിന്ദി കുജില്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ഇത്തവണ തീവെച്ചത് മനപൂര്‍വ്വമാണെന്നും അഭയാര്‍ത്ഥികള്‍ അന്നേ ആരോപിച്ചിരുന്നു .

റോഹിങ്ക്യനുകളെ അഭയാര്‍ത്ഥികളായി കാണാനാകില്ലെന്ന ബിജെപി നേതൃത്വത്തിന്റെ നിലപാട് ഈ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആര്‍എസ്എസ് നേതാവ് സുഭാഷ് ചന്ദ്ര നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുെട നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയ ക്യാമ്പുകളിലൊന്നാണ് കാളിന്ദി കുജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here