പണിമുടക്ക് അനവസരത്തില്‍; സമരം രോഗികളോടുള്ള വെല്ലുവിളി; കെജിഎംഒഎയില്‍ കടുത്ത ഭിന്നത

തിരുവനന്തപുരം മുന്നറിയിപ്പില്ലാതെ നടത്തിയ സമരം പിന്‍വലിച്ചതിനു പിന്നാലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയില്‍ കടുത്ത അഭിപ്രായഭിന്നത. സംസ്ഥാന നേതൃത്വം രാജിവയ്ക്കണമെന്ന ആവശ്യവുമായി കെജിഎംഒഎ തിരുവനന്തപുരം ജില്ലാകമ്മിറ്റി രംഗത്തെത്തി. മറ്റ് ജില്ലകളിലും ഇതേവികാരം ശക്തമാണെന്ന് കെജിഎംഒഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലുദിവസംനീണ്ട പണിമുടക്ക് പിന്‍വലിച്ചത്.

പണിമുടക്ക് അനവസരത്തിലായിരുന്നുവെന്ന് ജില്ലാകമ്മിറ്റി തുറന്നടിച്ചു. മുന്നറിയിപ്പില്ലാതെ നടത്തിയ സമരം രോഗികളോടുള്ള വെല്ലുവിളിയാണെന്ന സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണ് സംഘടനയിലെ അഭിപ്രായ ഭിന്നത. മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ല. സമരവുമയി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കൈക്കൊണ്ട മുഴുവന്‍ നടപടികളും അപക്വമാണ്.

സംഘടനയെ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം രാജിവയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലും പണിമുടക്ക് സംബന്ധിച്ച്‌ ഭിന്നാഭിപ്രായമാണ്. പുതുതലമുറ ഡോക്ടര്‍മാര്‍ ഭൂരിപക്ഷവും സമരത്തിനെതിരായ നിലപാട് സ്വീകരിച്ചു. സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംഘടനായോഗങ്ങളില്‍ത്തന്നെ ഇവര്‍ തുറന്നടിച്ചു. തിരുവനന്തപുരത്തിനു പുറമെ മറ്റ് പല ജില്ലാ നേതൃത്വങ്ങളും സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞു.

ഇതിനിടെ, സംസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച സാധാരണ നിലയിലായി. മന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് സമരം പിന്‍വലിച്ചത്. ആര്‍ദ്രം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച പാലക്കാട് ജില്ലയിലെ ഒരു ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനായിരുന്നു മിന്നല്‍പണിമുടക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News