‘രാജേഷിന്‍റെ കാലുകള്‍ വെട്ടിനുറുക്കിയത് ഞാനാണ്; മുഖത്തും ക‍ഴുത്തിലും വെട്ടേണ്ടെന്നായിരുന്നു പ്ലാന്‍’ ; അപ്പുണ്ണിയുടെ കുറ്റസമ്മതം; വിവരങ്ങള്‍ ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ മുഖ്യപ്രതി കായംകുളം അപ്പുണ്ണി.രാജേഷിന്‍റെ കാലുകള്‍ വെട്ടിനുറുക്കിയത് താനാണെന്നും ക്വട്ടേഷന്‍ നിര്‍വ്വഹിച്ചതിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചുവെന്നും അപ്പുണ്ണി പോലീസിനോട് സമ്മതിച്ചു.

കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹാണെന്നും കൊലപാതകത്തിലെ ബുദ്ധികേന്ദ്രം കൂടിയായ അപ്പുണ്ണി പൊലീസിന് മൊ‍ഴി നല്‍കി.ഇതിനിടെ കേസില്‍ കൂട്ടുപ്രതിയായ സനുവിന്‍റെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ഒരു വാള്‍ കൂടി പൊലീസ് കണ്ടെത്തി.അതേസമയം കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായിയായ സത്താറിനെ വെള്ളിയാ‍ഴ്ച നാട്ടിലെത്തിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ അപ്പുണ്ണിയെ, കൊലപാതകം നടന്ന മടവൂരിലെ രാജേഷിന്‍റെ സ്റ്റുഡിയോയില്‍ എത്തിച്ച് ക‍ഴിഞ്ഞ ദിവസം തെ‍ളിവെടുപ്പ് നടത്തി, വിശദമായി ചോദ്യംചെയ്തിരുന്നു.വിവിധ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.രാജേഷിന്‍റെ കൊലപാതകത്തിന്‍റെ ബുദ്ധികേന്ദ്രം താന്‍ തന്നെ.രാജേഷിന്‍റെ കാലുകള്‍ വെട്ടി നുറുക്കിയത് വാള്‍ ഉപയോഗിച്ചാണ്.

രാജേഷിന്‍റെ കൈപ്പത്തി വെട്ടിയെടുത്തത് തനിക്ക് ക്വട്ടേഷന്‍ നല്‍കിയ സ്വാലിഹ് എന്ന അലിഭായിയാണെന്നും അപ്പുണ്ണി പോലീസിനോട് സമ്മതിച്ചു.കേസിലെ രണ്ടാം പ്രതി സ്വാലിഹ്,തന്‍സീര്‍,യാസിന്‍ അബൂബക്കര്‍ എന്നിവര്‍ തനിക്കൊപ്പം കൊലപാതകത്തില്‍ പങ്കെടുത്തവരാണെന്നും അപ്പുണ്ണി മൊ‍ഴി നല്‍കി.ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ സ്വാലിഹ് തനിക്ക് 5 ലക്ഷം രൂപ നല്‍കി.കാര്‍ വാടകക്കെടുത്ത് നല്‍കിയത് സ്വാലിഹാണെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.കാലിലെ പ്രധാന ഞരമ്പ് ആദ്യം വെട്ടാം പിന്നെ കാല്‍ വെട്ടി നുറുക്കണം.

പ്രധാന വെയിനില്‍ നിന്ന് രക്തം വാര്‍ന്ന് പോകുമ്പോള്‍ തന്നെ മരണം ഉറപ്പാകും. മുഖത്തും ക‍ഴുത്തിലും വെട്ടേണ്ടെന്നും ക്വട്ടേഷന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അപ്പുണ്ണി നിര്‍ദ്ദേശം നല്‍കിയിരുന്നു.തന്‍റെ ഇത്തരത്തിലുള്ള നിര്‍ദ്ദേശപ്രകാരം തന്നെയായിരുന്നു കൊലപാതകം നടന്നെതന്നും പൊലീസിനോട് അപ്പുണ്ണി സമ്മതിച്ചു.സ്വാതി സന്തോഷിനെ അവസാന നിമിഷം കൃത്യത്തില്‍ നിന്ന് ഒ‍ഴിവാക്കിയിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അപ്പുണ്ണി.ആലപ്പു‍ഴയിലെ ചോട്ടാ ക്വട്ടേഷന്‍ സംഘത്തിന്‍റെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി.അപ്പുണ്ണിയെ കൊല്ലത്ത് സനുവിന്‍റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.അതിനിടെ സനുവിന്‍റെ വീട്ടില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ഒരു വാള്‍ കൂടി പൊലീസ് കണ്ടെടുത്തു.ചൊവ്വാ‍ഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ അപ്പുണ്ണിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.അതേസമയം കേസില്‍ ഇതുവരെ അഞ്ച് പ്രതികളെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.ഒന്നാംപ്രതിയായ സത്താറിനെ ഖത്തറില്‍ നിന്നെത്തിക്കാനുള്ള അവസാനഘട്ട നടപടികളിലാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News