
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി. പ്രകൃതി സംരക്ഷകരാകുക എന്ന മുദ്രകുവാക്യം ഉയർത്തിയാണ് പ്രവർത്തനങ്ങൾ.
മാലിന്യ നിർമാർജനം, പുഴ സംരക്ഷണം, കണ്ണൂരിനൊരു ഹരിത കവചം എന്ന പേരിൽ ജില്ലയിൽ ഒരു ലക്ഷം വൃക്ഷ തൈകൾ നടൽ തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് സി പി ഐ എം നേതൃത്വം നൽകുന്നത്.ഇതിന്റെ ഭാഗമായി ഈ മാസം 26 ന് സംഘാടക സമിതി രൂപീകരിക്കും.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മെയ് 7 ന് ശില്പശാല സംഘടിപ്പിക്കും.മെയ് മാസം തന്നെ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകൾ നടത്തും.
ബീറ്റ് പ്ലാസ്റ്റിക് സൊലൂഷൻസ് എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം അന്വർത്ഥമാക്കുന്ന തരത്തിൽ നായനാർ ദിനമായ മെയ് 19 നും 20 നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും.
പുഴയോരങ്ങളിലെ മണ്ണിടിച്ചിൽ തടയാനും മാലിന്യ വിമുക്തമാക്കാനും കൈയേറ്റം തടയാനും ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പുക്കുമെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി പി ജയരാജൻ പറഞ്ഞു.
ജൈവ വൈവിധ്യ- ഓക്സിജൻ കലവറയായ കാവുകൾ സംരക്ഷിക്കും.കണ്ണൂരിന് ഒരു ഹരിത കവചം എന്ന മുദ്രാവാക്യം ഉയർത്തി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ ഒരു ലക്ഷം ഫല വൃക്ഷ തൈകൾ നട്ട് സംരക്ഷണം ഉറപ്പു വരുത്തും.
കണ്ടൽ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ പുഴയോരങ്ങൾ കണ്ടൽ ചെടികൾ വച്ച് പിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ വേണമെന്നും സി പി ഐ എം കണ്ണൂർ ജില്ല കമ്മിറ്റി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here