കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാ‍ഴ്ച കൂടി; വിവരങ്ങള്‍ ഇങ്ങനെ

കുവൈറ്റിൽ കഴിഞ്ഞ ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച കൂടി. നേരത്തെ ഫെബ്രുവരി 22 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് ഏപ്രിൽ 22 വരെ നീട്ടിയിരുന്നു.

കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താൻ ശക്തമായ തിരച്ചിലുകൾക്ക് വരും ദിവസങ്ങളിൽ കുവൈറ്റ് സാക്ഷ്യം വഹിക്കും. പൊതുമാപ്പ് കാലാവധിയിൽ താമസരേഖകൾ ഇല്ലാത്തവർക്കും മറ്റും പിഴയോ, ശിക്ഷയോ ഇല്ലാതെ രാജ്യം വിടാനുള്ള അവസരം ഉണ്ടായിരുന്നു.

പിഴയടക്കുന്നവർക്ക് രാജ്യത്ത് തുടരാനും സാധിക്കും. എന്നാൽ 1,60,000 ത്തോളം വരുന്ന നിയമലംഘകരിൽ 52,000 ത്തോളം പേർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതവസാനിക്കുന്നതോടെ പിടിക്കപ്പെട്ടാൽ വിരലടയാളം രേഖപ്പെടുത്തി നാടുകടത്തും. കുവൈറ്റിലും, മറ്റു ജി.സി.സി രാഷ്ട്രങ്ങളിലും പിന്നീട് ജോലിക്കും മറ്റും വരുന്നതിനു ഇത് തടസമാകും.

കാലാവധി അവസാനിക്കും മുൻപ് മുഴുവൻ നിയമലംഘകരും രാജ്യം വിടുകയോ, പിഴയടച്ച താമസ രേഖ നിയമവിദേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 30000ത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്.

ഇതിൽ പകുതി പോലും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടില്ല. റെസിഡൻസി ഓഫീസുകളിലും, എംബസികളിലും പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ തിരക്ക് കുറവാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സഹായകേന്ദ്രങ്ങൾ പൊതുമാപ്പിനായ് തുറന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here