കേന്ദ്രം ബലാത്സംഗത്തേയും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു; രാജ്യത്ത് നിലനില്‍ക്കുന്നത് ലജ്ജാകരമായ സാഹചര്യം; പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള യെച്ചൂരിയുടെ പ്രസംഗം പൂര്‍ണ രൂപത്തില്‍

തെലങ്കാന സമര പോരാളിയും തലമുതിർന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയർത്തിയോടെ സിപിഐ എം 22-ാം പാർടി കോൺഗ്രസിന് തുടക്കമായി. സ. മുഹമ്മദ് അമീൻ നഗറിലെ പ്രത്യേകം സജജമാക്കിയ രക്‌തസാക്ഷി മണ്‌ഡപത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രം ബലാല്‍സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിനുപയോഗിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. ഇത്തരത്തില്‍ ലജ്ജാകരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ബിജെപിയുടെ ഭരണത്തിനു കീഴില്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്.

എന്ത് കഴിക്കണം ആരോട് കൂട്ടുകൂടണമെന്ന് വരെ ആര്‍എസ്എസ് തീരുമാനിക്കുന്നു. എല്ലാ പുരോഗമനചിന്തകള്‍ക്ക് നേരെയും ആര്‍എസ്എസ് കടന്നാക്രമണം നടത്തുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് ഇടത് ജനാധിപത്യ ഐക്യത്തെ ശക്തിപ്പെടുത്തുന്നതായിരിക്കും . സിപിഐഎമ്മിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈകൊള്ളും. ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. ബിജെപി സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനങ്ങള്‍ എടുക്കും. ബദല്‍ നയങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന് ഇനി അഞ്ചുനാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണും കാതും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക്. വര്‍ഗീയസംഘര്‍ഷങ്ങളും ന്യൂനപക്ഷദളിത് വേട്ടയും ഭരണരാഷ്ട്രീയത്തിന്റെ തണലില്‍ രാജ്യമെങ്ങും ഭീതിപ്പെടുത്തുംവിധം അഴിഞ്ഞാടുമ്പോള്‍, പ്രതിരോധത്തിന്റെ കാവലാളാകാന്‍ കരുത്തുള്ള വിപ്ലവപ്രസ്ഥാനത്തെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതോടൊപ്പം ബിജെപിയും കോണ്‍ഗ്രസും തുടര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ യഥാര്‍ഥ ജനപക്ഷബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിപിഐ എം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here