‘പല തവണ ഞാന്‍ എന്റെ മുഖം കഴുകി, ഇപ്പോഴും എനിക്കാ സംഭവത്തില്‍ നിന്നും മോചിതയാകാന്‍ കഴിയുന്നില്ല’; പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ മാപ്പുപറഞ്ഞു

ചെന്നൈ: വാർത്താസമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടിയ സംഭവത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്‌ മാപ്പു പറഞ്ഞു.സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആരുടെയും വികാരങ്ങളെ വ്രണപെടുത്താനായിരുന്നില്ല അങ്ങിനെ ചെയ്‌തതെന്നും മാധ്യമപ്രവർത്തകക്കെഴുതിയ കത്തിൽ ഗവർണർ വ്യക്‌തമാക്കി.

മാധ്യമപ്രവർത്തകയുടെ ചോദ്യം പ്രസക്‌തമായിരുന്നവെന്നും അവരെ അഭിനന്ദിക്കുന്നതിന്‌ വേണ്ടിയാണ്‌ അങ്ങിനെ ചെയ്‌തത്‌. സ്വന്തം മകളെപോലെ കണ്ടാണ്‌ അങ്ങിനെ അഭിനന്ദിച്ചതെന്നും കത്തിൽ വിശദീകരിച്ചു.

വിരുധ് നഗറില്‍ കോളേജ് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലെ പ്രതി പ്രൊഫസര്‍ നിര്‍മല ദേവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പേരും കടന്നുവന്നിരുന്നു. ഇതിലുള്ള വിശദീകരണം എന്ന നിലയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനു ശേഷം ഗവർണറോട്‌ ചോദ്യം ചോദിച്ച വനിത മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ തലോടുകയായിരുന്നു.

ഗവര്‍ണറുടെ തലോടല്‍ ചിത്രം മണിക്കൂറുകള്‍ക്കകം ട്വിറ്ററിലൂടെ വൈറല്‍ ആവുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

‘പല തവണ ഞാന്‍ എന്റെ മുഖം കഴുകി. ഇപ്പോഴും എനിക്കാ സംഭവത്തില്‍ നിന്നും മോചിതയാകാന്‍ കഴിയുന്നില്ല. ഒരുപക്ഷേ ഒരു മുത്തച്ഛനെന്നപോലെ എന്നെ അഭിനന്ദിച്ചതാവാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ശരിയല്ല’ വനിത മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു. ഗവര്‍ണറുടെ പ്രവര്‍ത്തിയില്‍ ഒട്ടനവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗവര്‍ക്ക് ചേര്‍ന്ന രീതിയല്ല എന്നു വരെ വിമര്‍ശനമുയര്‍ന്നു.

വിരുധ് നഗറിലെ സ്വകാര്യ കോളേജിലെ വനിത പ്രൊഫസര്‍ നിര്‍മല ദേവി ഉയര്‍ന്ന മാര്‍ക്കിനും പണത്തിനും വേണ്ടി സര്‍വകലാശാലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ വിദ്യാര്‍ഥിനികളെ ഉപദേശിച്ചതുമായി ബന്ധപ്പെട്ട വിവാദം തമിഴ് നാട്ടില്‍ കത്തിനില്‍ക്കുകയാണ്. തുടർന്നാണ്‌ ഗവർണർ മാപ്പു പറഞ്ഞത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here