വിപ്ലവഗായകന്‍ ഗദ്ദര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍; ആവേശത്തിന്‍റെ അലയടിച്ച് ചുവന്ന് തുടുത്ത് തെലങ്കാന

മുഹമ്മദ് അമീന്‍ നഗര്‍(ഹൈദരാബാദ്)> രാജ്യമൊട്ടുക്കമുള്ള സമരഭൂമികളെ പാട്ടുകൊണ്ട് ആരവം തീര്‍ക്കുന്ന ഗദ്ദര്‍ തികച്ചും സൗമ്യഭാവത്തോടെയാണ് മുഹമ്മദ് അമീന്‍ നഗറിലേക്ക് കടന്നുവന്നത്. ഉദ്ഘാടനചടങ്ങിനെ ഒരു തരത്തിലും അലോസരപ്പെടുത്തരുതെന്ന് നിര്‍ബന്ധമുള്ളതുപോലെ. നരച്ചതാടി നന്നായി വെട്ടിയൊതുക്കിയിട്ടുണ്ട്. നഗ്‌നശരീരത്തില്‍ കറുത്ത കമ്പളം ചുറ്റുന്ന പതിവു രീതിയില്ല. നീല ഷര്‍ട്ടും ചുവന്ന ഷാളുമാണ് വേഷം.

പോരാളികളെ എക്കാലവും പ്രചോദിപ്പിക്കുന്ന ഈ പടപ്പാട്ടുകാരന്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെത്തിയപ്പോഴേക്കും സദസ്സിന്റെ ഒരുഭാഗത്ത് തിരയിളക്കം. വളണ്ടിയര്‍മാര്‍ കസേരയ്ക്കായി പുറപ്പെടുന്നു. ഇരിക്കുന്ന ചിലര്‍ ഇടമൊഴിഞ്ഞു കൊടുത്തു. എല്ലാം വിനയപൂര്‍വം നിഷേധിച്ചുകൊണ്ട് ഗദ്ദര്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം നിലത്ത് കുത്തിയിരുന്നു. ഉദ്ഘാടനചടങ്ങ് ശ്രദ്ധയോടെ വീക്ഷിച്ചു.

ഉദ്ഘാടനം കഴിഞ്ഞതോടെ മുന്‍നിരയിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും അഭിവാദ്യംചെയ്‌ത് ഗദ്ദര്‍ മടങ്ങാനൊരുങ്ങി. തിരക്കിനിടയില്‍ വളണ്ടിയര്‍മാരും പൊലീസുകാരും ഗദ്ദറിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടി. മുന്‍കാലങ്ങളില്‍ സിപിഐ എം വിമര്‍ശകനായിരുന്ന ഗദ്ദര്‍ ഇപ്പോള്‍ തെലങ്കാനയുടെ പൊതു പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങളില്‍ സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം സംസ്ഥാനവ്യാപകമായി നടത്തിയ മഹാജനപദയാത്രയെ സ്വീകരിക്കാന്‍ ഗദ്ദര്‍ എത്തിയിരുന്നു. കാഞ്ച ഐലയ്യയെപ്പോലുള്ള ദളിത് ചിന്തകരും സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here