
സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് സ്വർണ്ണമാലകൾ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചക്കുളത്ത്കാവ് മുക്കാടൻ വീട്ടിൽ ശ്രീലാൽ , രാമങ്കരി പ്ലാങ്കര വീട്ടിൽ ആരോമൽ രാജ് എന്നിവരെയാണ് ചെങ്ങന്നൂർ സിഐ ദീലീപ്ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോണ്ടിച്ചേരിയിൽനിന്നും പിടികൂടിയത്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ തേക്കുംകാട്ടിൽ വീട്ടിൽ രാജേഷ് കുമാറിന്റെ ‘ഭാര്യ മീനു വിനെയാണ് ബൈക്കിലെത്തിയ പ്രതികൾ ആക്രമിച്ചു പരിക്കേൽപ്പിച്ച് അണിഞ്ഞിരുന്ന 6 പവന്റെ ലോക്കറ്റ് ഉൾപ്പെടുന്ന മാലയും, താലി ഉൾപ്പെടുന്ന മൂന്നര പവൻ വരുന്ന മറ്റൊരു മാലയും കവർന്നത്. ആക്രമണത്തിൽ യുവതിയുടെ തോളെല്ലിനു ഒടിവുണ്ടായി.
ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിനു വടക്കുവശം ശബരിമല വില്ലേജ് റോഡിലായിരുന്നു കവർച്ച. മാന്നാർ കുരട്ടി ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്‌കൂട്ടറിൽ മടങ്ങി വരുകയായിരുന്ന മീനുവിനെ പിന്നിൽ നിന്നും ബൈക്കിലെത്തിയ പ്രതികൾ മർദ്ദിക്കുകയും, സ്‌കൂട്ടറിൽ നിന്നും തള്ളിയിടുകയുമായിരുന്നു. റോഡിൽ വീണ മീനുവിന്റെ മാലകൾ കവർന്ന് ഇവർ അതിവേഗത്തിൽ കിഴക്കേനട ‘ഭാഗത്തേക്ക് ബൈക്കിൽ രക്ഷപ്പെട്ടു.
വീഴ്ച്ചയുടെ ആഘാതത്തിൽ മീനുവിന്റെ ഇടതു തോളെല്ലിനു ഒടിവുണ്ടായി. പൊലീസ് അന്വേഷണത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് കുരട്ടി ക്ഷേത്രം മുതൽ സംഭവം നടന്ന റോഡുകളിലെയും തുടർന്ന് ചക്കുളത്തുകാവ്‌വരെയുമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മന്ത്രി ജി സുധാകരൻ മീനുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ച് ചെങ്ങന്നൂർ ഡിവൈഎസ്പിയോട് കേസന്വേഷണം വേഗത്തിലാക്കാൻ പറഞ്ഞിരുന്നു.
പൊലീസ് അന്വേഷണം ഊർജ്ജിതമാകുന്നുവെന്നറിഞ്ഞ പ്രതികൾ വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ച ശേഷം പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഒന്നാംപ്രതിയായ ശ്യാംലാലിന്റെ പേരിൽ ചങ്ങനാശ്ശേരി, എടത്വ, രാമങ്കരി പൊലീസ് സ്‌റ്റേഷനുകളിലും ആലപ്പുഴ എക്‌സൈസിലും ആക്രമണം, മോഷണം, മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെ പതിനഞ്ചോളം കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
ആരോമൽരാജ് അമ്പലപ്പുഴ സ്വദേശിയിൽനിന്നും സ്വിഫ്റ്റ് കാർ വാടകയ്‌ക്കെടുത്ത് തിരികെ നൽകാതെ വഞ്ചിച്ച കേസിൽ പ്രതിയാണ്. പ്രതികൾ സഞ്ചരിച്ച ചങ്ങനാശ്ശേരി സ്വദേശിയുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
കവർന്ന സ്വർണാഭരണങ്ങളിൽ അഞ്ച് പവന്റെ മാല ചങ്ങനാശ്ശേരിയിലെ ജൂവലറിയിൽനിന്നും പൊലീസ് കണ്ടെടുത്തു.
90,000 രൂപയ്ക്കാണ് ഇവർ ഇത് വിറ്റത്. ഒന്നര പവൻ വരുന്ന മാലയും ഒരു പവന്റെ ലോക്കറ്റും പ്രതികളുടെ പക്കൽനിന്നും കണ്ടെടുത്തു. ബാക്കി ആഭരണങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം വരുംദിവസങ്ങളിൽ തുടരും. പ്രതികളെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here