തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണഗർഭിണിയെ കാണാതായ സംഭവം:ടവര്‍ലൊക്കേഷന്‍ തമി‍ഴ്നാട്ടില്‍; പെണ്‍കുട്ടി ഗര്‍ഭിണിയല്ലെന്നും സംശയം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗർഭിണിയെ കാണാതായ സംഭവത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്കും.തമി‍ഴ്നാട്ടിൽ പെണ്‍കുട്ടിയുടെ മൊബൈൽഫോണ്‍ ലൊക്കേഷൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് അന്വേഷണ സംഘം അവിടേക്ക് തിരിച്ചു.അതേസമയം ഗർഭിണിയാണെന്ന് പറഞ്ഞു പെണ്‍കുട്ടി വീട്ടുകാരെ കബളിപ്പിച്ചിരുന്നതാണോ എന്നും പൊലീസിന് സംശയമുണ്ട്.

എസ് എ ടിയിൽ നിന്ന് യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈൽഫോണ്‍ലൊക്കേഷൻ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാൽ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായില്ല.

അതുകൊണ്ട് തന്നെ പെണ്‍കുട്ടി ട്രയിനിൽ അന്യസംസ്ഥാനത്തേക്ക് പോകുകയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.എന്നാൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തമി‍ഴ്നാട്ടിലും ടവർലൊക്കേഷൻ കണ്ടെത്തി തുടർന്ന് അന്വഷണ സംഘം രാത്രിതന്നെ അവിടേക്ക് തിരിച്ചിട്ടുണ്ട്.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനിൽ ഷംനയുടെ തിരോധാനത്തെ കുറിച്ച് അറിയിപ്പും നൽകിയിട്ടുണ്ട്.

എന്നാൽ പൂർണഗർഭിണിയായ ഒരു പെണ്‍കുട്ടിക്ക് ഇത്രയും ദൂരം യാത്രചെയ്യാൻക‍ഴിയുമോ എന്നത് പൊലീസിന് പെണ്‍കുട്ടി ഗർഭിണിയാണോ എന്ന സംശയംവർദ്ധിപ്പിക്കുന്നുണ്ട്.കൂടാതെ ഗർഭിണിയാണെന്ന കൃത്യമായ ആശുപത്രിരേഖകളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല കൂടാതെ പ‍ഴയ ഒപി ടിക്കറ്റ് കാണിക്കാതെ പുതിയ ടിക്കറ്റുമായാണ് പെണ്‍കുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം ഉടൻ യുവതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്‍റെ വിശ്വാസം.മാത്രമല്ല ഷംനയെ കണ്ടെത്തിയാൽ മാത്രമെ സിനിമയെ വെല്ലുന്ന ഈ തിരോധാനത്തിന്‍റെ ക്ലൈമാക്സിലേക്ക് എത്താനാകു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like