ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

തെലങ്കാനയുടെ മനസ്സ് എന്നും ഇടതുപക്ഷത്തോടൊപ്പമാണ്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ സീറ്റുകളുടെയും വോട്ടുകളുടെയും അപ്പുറമാണ് തെലങ്കാനയുടെ ജനഹൃദയങ്ങളിലെ ഇടതുമനസ്സ്. നൈസാമിന്റെ കിരാതഭരണത്തിനെതിരെ പോരാടിയ കമ്യൂണിസ്റ്റ് പാർടിയുടെ വേരുകൾ ഇന്നും ഈ മണ്ണിൽ പ്രോജ്വലിച്ചുനിൽക്കുന്നു. ആന്ധ്രയുടെ വിഭജനത്തിലൂടെ തെലങ്കാനയും ആന്ധ്രപ്രദേശും രണ്ട് സംസ്ഥാനങ്ങളായിട്ട് നാലുവർഷമാകുന്നു.

രാഷ്ട്രീയ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് ആന്ധ്രയെ വെട്ടിമുറിച്ചതെങ്കിലും രണ്ടിടത്തും കോൺഗ്രസിന് കാലിടറി എന്നുമാത്രമല്ല, തകരുകയും ചെയ്തു. പകരം വന്ന സർക്കാരുകൾ ബിജെപിയുടെ സഹയാത്രികരായി നിന്നു. എന്നാൽ, രണ്ടിടത്തും ഇപ്പോൾ ഭരണം പ്രതിസന്ധിയിലാണ്. ജനവിരുദ്ധനയങ്ങൾ കാരണം രണ്ടിടത്തും ഭരണം ജനങ്ങളിൽനിന്ന് അകന്നു. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജുമില്ല. അക്ഷരാർഥത്തിൽ വിഭജനത്തിന്റെ ഉൾപ്പെടെ പ്രതിസന്ധി പേറുകയാണ് തെലുങ്ക് ജനത. ബിജെപിയെയും ഇരുസംസ്ഥാന ഭരണകക്ഷികളെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തുകഴിഞ്ഞു.

സംസ്ഥാന വിഭജനത്തിനുശേഷമാണ് വിശാഖപട്ടണത്ത് 21 ാം പാർടി കോൺഗ്രസ് ചേർന്നത്. തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ രാജ്യത്ത് ഒട്ടേറെ പ്രക്ഷോഭങ്ങളാണ് നടന്നത്. കർഷകരും തൊഴിലാളികളും വിദ്യാർഥികളുമെല്ലാം കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ ഇപ്പോഴും സമരപഥത്തിലാണ്.

ഈ സമര‐പോരാട്ടങ്ങളുടെ ആവേശത്തിലാണ് 22 ാം പാർടി കോൺഗ്രസിന് ഹൈദരാബാദ് വേദിയാകുന്നത്. വിദ്യാർഥിസംഘടനാ പ്രവർത്തകനായിരിക്കെ മുതൽ ഹൈദരാബാദിൽ വിവിധ ഘട്ടങ്ങളിൽ വന്നിട്ടുണ്ട്. അന്നൊന്നും കാണാത്തവിധം ആവേശത്തിലാണ് ഈ നഗരം. തിരക്കേറിയ നഗരമാകെ ചുവപ്പിൽ അലംകൃതമാണ്. തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് പാർടി കോൺഗ്രസ് വിജയിപ്പിക്കുന്നതിന് രാപ്പകൽ പ്രവർത്തിക്കുന്നത്. സമ്മേളനഹാളിന് പുറത്തും തെരുവുകളിലും സാംസ്കാരിക‐ കലാ പ്രവർത്തകർ ആവേശത്തോടെ പരിപാടികൾ അവതരിപ്പിക്കുന്നു.

ബുധനാഴ്ച രാവിലെ തെലങ്കാനസമര നേതാവ് മല്ലു സ്വരാജ്യം പതാക ഉയർത്തിയതോടെയാണ് പാർടി കോൺഗ്രസിന് തുടക്കമായത്. ആവേശം വാനോളമുയർന്ന അന്തരീക്ഷമായിരുന്നു സ. മുഹമ്മദ് അമീൻ നഗറിൽ (ആർടിസി കല്യാണമണ്ഡപം) അലതല്ലിയത്. തുടർന്ന് സ. ഖഗൻദാസ്‐ സുകോമൾ സെൻ മഞ്ചിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഫാസിസ്റ്റ് ശൈലിയിലുള്ള ബിജെപിഭരണത്തെ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാക്കിക്കൊണ്ട് തൂത്തെറിയേണ്ടുന്നതിന്റെ അനിവാര്യതയും ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തിയുമാണ് ഉദ്ഘാടനസമ്മേളനത്തിൽ പ്രകടമായത്. ഈ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ടുന്നത് ഇടതുപക്ഷമാണെങ്കിൽ അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് സിപിഐ എംതന്നെയാണെന്നും പാർടി കോൺഗ്രസിന്റെ ഉദ്ഘാടനസമ്മേളനം സാക്ഷ്യപ്പെടുത്തുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത ഇടതുപക്ഷ പാർടികളുടെ നേതാക്കളെല്ലാം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകി. ആ ദൗത്യം ഏറ്റവും വലിയ ഇടതുപക്ഷ പാർടിയെന്ന നിലയിൽ സിപിഐ എം ഏറ്റെടുക്കണമെന്നുമാണ് ഘടകകക്ഷികളും ആവശ്യപ്പെടുന്നത്. തീർച്ചയായും ആ ദൗത്യം സിപിഐ എം ഏറ്റെടുക്കുകതന്നെ ചെയ്യും. പാർടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഇടതുപക്ഷത്തിന് ഇനി രാജ്യത്ത് പ്രസക്തിയില്ലെന്നും വിളിച്ചുപറയുന്നവർക്കുള്ള മറുപടിയാണ് ഹൈദരാബാദ് പാർടി കോൺഗ്രസ്.

ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചർച്ചകളാണ് ഇനിയുള്ള രണ്ടുദിവസം നടക്കുക. മറ്റു പാർടികളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് സിപിഐ എം രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതെന്ന് കാണാം. ഓരോ പാർടി അംഗത്തിനും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരം നൽകിയാണ് കരട് രാഷ്ട്രീയപ്രമേയം പാർടി കോൺഗ്രസിൽ അവതരിപ്പിച്ചത്.

രണ്ടുമാസംമുമ്പ് പാർടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയം രാജ്യത്തെ മുഴുവൻ ഘടകങ്ങളും ചർച്ച ചെയ്തു. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല കമ്മിറ്റികൾ, സംസ്ഥാന കമ്മിറ്റികൾ എല്ലാം പ്രമേയം ചർച്ച ചെയ്തു. അതിൽനിന്ന് ലഭിച്ച നിർദേശങ്ങളും ഭേദഗതികളും കേന്ദ്ര കമ്മിറ്റി പരിശോധിച്ചു. പാർടി കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭേദഗതി ലഭിച്ചത് ഇത്തവണയാണ്.

8174 ഭേദഗതികൾ. ഇതിൽ 6924 എണ്ണം ദേശീയ സംഭവവികാസങ്ങളും 893 എണ്ണം സാർവദേശീയ സംഭവവികാസങ്ങളും പ്രതിപാദിക്കുന്നതാണ്. അതോടൊപ്പം 603 നിർദേശങ്ങളും ലഭിച്ചു. ഇത് വ്യക്തമാക്കുന്നത് കരട് രാഷ്ട്രീയപ്രമേയത്തിന്റെ ഓരോ വാക്കും വാചകങ്ങളും വരികളും രാജ്യത്തെമ്പാടുമുള്ള പാർടി അംഗങ്ങൾ ചർച്ച ചെയ്തുവെന്നാണ്. അങ്ങനെ ചർച്ച ചെയ്തശേഷം ലഭിച്ച ഭേദഗതിനിർദേശങ്ങളും അടങ്ങുന്ന റിപ്പോർട്ടാണ് ബുധനാഴ്ച പാർടി കോൺഗ്രസിൽ സമർപ്പിക്കപ്പെട്ടത്.

ഈ കരട് ചർച്ച ചെയ്താണ് പാർടിരേഖയ്ക്ക് രൂപംനൽകാൻ പോകുന്നത്. ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിന്റെ ഗതി എന്തായിരിക്കുമെന്നതിന്റെ സുപ്രധാനമായ തീരുമാനങ്ങൾ പാർടി കോൺ്രഗസിൽ ഉരുത്തിരിയും. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഇടതുപക്ഷ ജനാധിപത്യ ബദൽശക്തികളെ വളർത്തിയെടുക്കുന്നതോടൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്ര സ്വാധീനശക്തി വികസിപ്പിക്കുന്നതിനും സഹായകമായ രാഷ്ട്രീയ അടവുനയത്തിനാണ് പാർടി കോൺഗ്രസ് രൂപംനൽകാൻ പോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാനമായ വഴിത്തിരിവാകും ഹൈദരാബാദ് പാർടി കോൺഗ്രസ് എന്ന കാര്യത്തിൽ സംശയമില്ല.

മാസങ്ങൾ നീണ്ട പദയാത്ര നടത്തിയാണ് തെലങ്കാനയിലെ ജനകീയവിഷയങ്ങളാകെ ഇവിടത്തെ പാർടി ഏറ്റെടുത്തത്. ഇവിടെ ഇപ്പോൾ ഇതര ഇടതുപക്ഷകക്ഷികളെ കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച ബഹുജൻ ഇടതുമുന്നണി കരുത്താർജിച്ചുകഴിഞ്ഞു. പാർടിയും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നു. സമ്മേളന നടത്തിപ്പിൽനിന്നുതന്നെ അത് പ്രകടമാണ്. പുതുതായി രൂപംകൊണ്ട സംസ്ഥാനവും പുതിയ പാർടി സംസ്ഥാന ഘടകവുമായിട്ടും പഴുതുകളില്ലാത്ത സംഘാടനംകൊണ്ട് സമ്മേളനം ശ്രദ്ധേയമാവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News