ഹവാന: ക്യൂബന്‍ പ്രസിഡന്റായി മിഗ്വേല്‍ ഡിയാസ് കാനെല്‍ ചുമതലയേറ്റു. വ്യാഴാഴ്‌‌‌ച്ച ചേര്‍ന്ന ക്യബന്‍ നാഷണല്‍ അസംബ്ലിയിലാണ് മിഗ്വേലിന്റെ പേര് പ്രഖ്യാപിച്ചത്. 2006ല്‍ ഫിദല്‍ കാസ്‌‌‌‌ട്രോയില്‍ നിന്ന് രാജ്യഭരണം ഏറ്റെടുത്ത റൗള്‍ കാസ്‌‌‌‌ട്രോ സ്ഥാനമൊഴിഞ്ഞു. 58കാരനായ മിഗ്വേല്‍ 2013ല്‍ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റു.

മൂന്നര പതിറ്റാണ്ടു മുന്‍പ് യംഗ് കമ്യൂണിസ്റ്റ് ലീഗ് അംഗമായാണ് മിഗ്വേല്‍ പാര്‍ടിയിലെത്തുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് മിഗ്വേല്‍. 14 അംഗ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന അദ്ദേഹത്തെ 2009ല്‍ റൗള്‍ ഹാവനയിലേക്ക് വിളിച്ചുവരുത്തി ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കി. 2013ല്‍ നാഷണല്‍ അസംബ്ലി മിഗ്വേലിനെ വൈസ് പ്രസിഡന്റാക്കി.

ഭരണപരമായ നേതൃസ്ഥാനം ഒഴിഞ്ഞാലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ തലപ്പത്ത് റൗള്‍ തുടരും. ഏപ്രിലില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് 86കാരനായ റൌള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചത്. എന്നാല്‍, ഇര്‍മ കൊടുങ്കാറ്റ് രാജ്യത്ത് വ്യാപക നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് നീട്ടിയത്.

ക്യൂബന്‍ വിപ്‌ളവനായകന്‍ ഫിദല്‍ കാസ്‌ട്രോ 2006ല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് റൗള്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയത്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഫിദല്‍ കാസ്‌ട്രോയുടെ മാതൃക പിന്തുടര്‍ന്ന് റൌള്‍ മികച്ച നേട്ടം കൈവരിച്ചു. 2016ല്‍ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച് ഈ വര്‍ഷം സാമ്പത്തികവളര്‍ച്ചയില്‍ 1.6 ശതമാനം നേട്ടം കൈവരിക്കാനും ക്യൂബയ്‌‌‌ക്കായി.