ജസ്റ്റിസ് ലോയ കേസ്; ഹര്‍ജികള്‍ തള്ളിക്കളഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയുടെ വെബ്സൈറ്റ് ഹാക്ക്ചെയ്യപ്പെട്ടു; ബ്രസീലിയന്‍ ഹാക്കര്‍മാരെന്ന് സൂചന

പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബ്രസീലില്‍ നിന്നുള്ള ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെയാണ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ എന്‍.ഐ.സി.ഇന്‍ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഇലയുടെ രൂപത്തിലുള്ള ഒരു അടയാളവും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ മുകളിലായി ഹൈ ടെക് ബ്രസീല്‍ ഹാക്ക് ടീമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നും എഴുതിയിട്ടുണ്ട്.

ഇതോടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും പേജ് പ്രവര്‍ത്തന രഹിതമാണെന്നും സൈറ്റില്‍ എഴുതികാണിക്കുന്നുണ്ട്. സംഭവത്തില്‍ ദില്ലി പോലീസിന്റെ ഐടി വിഭാഗം അന്വേഷണം ആരംഭിച്ചു. ജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സംഭവം.

ഈ മാസം ആറിന് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ചൈനീസ് ഹാക്കര്‍മാരെന്ന് കരുതുന്ന സംഘം ഹാക്ക് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിനു നേര്‍ക്കും ഈ വര്‍ഷം ആദ്യം ആക്രമണം നടന്നിരുന്നു. പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഇരട്ട ഭീഷണിക്ക് തിരിച്ചടി നല്‍കാനുള്ള യുദ്ധതന്ത്രങ്ങള്‍ ആരംഭിച്ചതായി വ്യോമസേന പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

സര്‍ക്കാര്‍ സൈറ്റുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതില്‍ പരിഹാസവുമായി ട്വീറ്റുകളും ഇറങ്ങിയിട്ടുണ്ട്. മോഡി സര്‍ക്കാരിന് മന്ത്രാലയങ്ങളുടെയും മറ്റ് അധികാര സ്ഥാപനങ്ങളുടെയും വെബ്സൈറ്റ് പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് എങ്ങനെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ബ്രിജേഷ് കലപ്പ എന്നയാള്‍ ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here