മോദിയുടെ പ്രീയപ്പെട്ട ന്യായീകരണ തൊ‍ഴിലാളികളെ; ഇതൊക്കെ കാണാതെ പോകരുത്; പറ്റുന്ന വിധത്തില്‍ ന്യായീകരിക്കുകയും വേണം; സോഷ്യല്‍മീഡിയ പറയുന്നു

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹിപ്പിക്കുന്ന ഒരായിരം മുദ്രവാക്യങ്ങളും വാഗ്ദാനങ്ങളുമായാണ് നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിന്‍റെ പടവുകള്‍ കയറിയത്. രണ്ടാം യു പി എ സര്‍ക്കാരിന്‍റെ കാലത്തെ അ‍ഴിമതിയും എണ്ണവിഷയവും സ്ത്രീ സുരക്ഷയില്ലായ്മയുമെല്ലാം ആയുധമാക്കിയായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വിജയം.

ജനങ്ങളില്‍ നിന്ന് അത്രയേറെ അകന്നുപോയിരുന്ന രണ്ടാം യു പി എ സര്‍ക്കാരിന്‍റെ സ്വാഭവിക പതനം ആസന്നമായിരുന്നു. എന്നാല്‍ മോദി പ്രഭാവം എന്ന ഓമനപ്പേരിട്ട് വിളിക്കാനായിരുന്നു ദേശീയ മാധ്യമങ്ങള്‍ താത്പര്യം കാട്ടിയത്.

60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ പറ്റാത്തത് ആറുപത് മാസം കൊണ്ട് താന്‍ നടപ്പിലാക്കുമെന്നുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങളുടെ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം എത്തിക്കുമെന്ന് തുടങ്ങി അങ്ങനെ അങ്ങനെ നീണ്ടു.

തെരഞ്ഞെടുപ്പില്‍ മോദി ഭരണകൂടത്തെ ജനം അധികാരത്തിലേറ്റി. 31 ശതമാനമായാലും ഒറ്റയ്ക്ക് ഭരിക്കാന്‍ അത് മതിയായിരുന്നു.

അധികാരത്തിന്‍റെ ഹണിമൂണ്‍ കാലം ക‍ഴിഞ്ഞപ്പോള്‍ തന്നെ മോദിയെ പൊതുജനം ചോദ്യങ്ങളുമായി നേരിട്ടു. അക്കൗണ്ടിലെത്തിക്കുമെന്ന് പറഞ്ഞ ലക്ഷങ്ങളെക്കാള്‍ മനസമാധാനത്തോടെയുള്ള മാന്യമായ ജീവിതത്തിന് അവസരമുണ്ടാക്കണമെന്നതുമാത്രമായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ ബീഫിന്‍റെ പേരില്‍ വാളെടുത്ത സംഘപരിവാരുകാര്‍ പൊതുജനങ്ങളുടെ ജീവിതം താറുമാറാക്കി. രാജ്യസ്നേഹത്തിന്‍റെ വീരകഥകള്‍ പാടിപറഞ്ഞുള്ള ആക്രമണങ്ങള്‍ മറ്റൊരു വശത്തും തുടര്‍ന്നു.

എണ്ണവില വര്‍ധനവ്, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി വലിയ ആഘാതങ്ങളും ജനങ്ങളുടെ മേല്‍ പതിച്ചു. എല്ലാത്തിനുമുപരിയായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിയായതോടെ അവസ്ഥ സങ്കീര്‍ണമായി.

ഹരിയാനയില്‍ പൊതു സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് ഉടലെടുത്തത്, കാറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും നേരിടേണ്ടിവന്ന ക്രൂര അനുഭവം ഏവരെയും വേദനിപ്പിച്ചു. ഹരിയാനയിലെ ദേശീയ പാതയ്ക്ക് സമീപം തുടര്‍ച്ചയായി സ്ത്രീകള്‍ പീഡനത്തിനിരയായിട്ടും നടപടികളുണ്ടായില്ല.

ഉത്തര്‍പ്രദേശില്‍ യോഗി അധികാരത്തിലേറിയതിനുപിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അ‍ഴിഞ്ഞാട്ടം ആരംഭിച്ചു. ഉന്നോവ ബലാത്സംഗക്കേസില്‍ എം എല്‍ എ മാരടക്കമുള്ള ബിജെപി നേതാക്കളുടെ പേരാണ് ഉയര്‍ന്നുകേട്ടത്.

യോഗി ഭരണകൂടം നടപടിയെടുക്കാന്‍ മടികാട്ടിയപ്പോള്‍ തിരുത്തിക്കാന്‍ മോദിയോ സഹപ്രവര്‍ത്തകരോ ശ്രമിച്ചില്ല. ഉന്നോവ രാജ്യമാകെ പടര്‍ന്നുപിടിക്കുന്നതിനിടയിലാണ് ഏവരെയും വേദനയിലാ‍ഴ്ത്തി കത്വയിലെ പെണ്‍കുട്ടിയുടെ അരുംകൊലയുടെ വാര്‍ത്ത പുറത്തുവന്നത്.

മുസ്ലീം മതവിഭാഗക്കാരിയായതിന്‍റെ പേരില്‍ ദിവസങ്ങളോളം കൊടുംപീഡനവും ഒടുവില്‍ മരണവും ഏറ്റുവാങ്ങി എട്ടുവയസുകാരി യാത്രയായപ്പോള്‍ അത് രാജ്യത്തിന്‍റെ കണ്ണീരായി. ഡല്‍ഹിയില്‍ 2012 ല്‍ നിര്‍ഭയ ഏറ്റുവാങ്ങിയതിനെക്കാളും വലിയ പീഡനമായിരുന്നു കത്വയിലെ പെണ്‍കുട്ടി ഏറ്റുവാങ്ങിയത്.

രാജ്യമാകെ പ്രതിഷേധം അലിയടിച്ചപ്പോള്‍ സംഘപരിവാര്‍ പക്ഷത്തുള്ളവരെ മാത്രം കത്വയിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി തെരുവുകളില്‍ കണ്ടില്ല. കത്വ എന്ന പേരുപറയാതെ മോദി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മാത്രം പറഞ്ഞപ്പോള്‍ അമിത് ഷായും മോദിയുടെ കേന്ദ്രമന്ത്രിമാരില്‍ അധികവും വാ തുറന്നില്ല.

പ്രതിഷേധങ്ങളും പ്രതികരണങ്ങളും അവിടെ നില്‍ക്കട്ടെ. കത്വ വിഷയത്തെ പ്രതിരോധിക്കാന്‍ സംഘി ന്യായീകരണ തൊ‍ഴിലാളികള്‍ രംഗത്തെത്തിയെന്നതാണ് ശ്രദ്ധേയം. മോദിയെ എന്തിനാണ് കുറ്റം പറയുന്നതെന്നാണ് അവരുടെ പ്രധാനചോദ്യം.

അവര്‍ക്കുള്ള ഉത്തരം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി തന്നെ നല്‍കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2014 തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം പൊടി പൊടിക്കുമ്പോള്‍. ഇന്നത്തെ പ്രധാനമന്ത്രിയുടെ അന്നത്തെ ഒരു ട്വീറ്റ് കണ്ടാല്‍ തീരാവുന്ന പ്രശ്നമെ സാധാരണ സംഘിക്കുണ്ടാകു. എന്നാല്‍ ന്യായീകരണ സംഘികള്‍ക്ക് ഈ ട്വീറ്റിനെയും ന്യായീകരിക്കാന്‍ നൂറ് നാവുണ്ടാകും.

വോട്ട് ചെയ്യുമ്പോള്‍ നിര്‍ഭയയെ മറക്കരുത്, തൊ‍ഴിലില്ലാത്ത യുവാക്കളെ മറക്കരുത്, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ മറക്കരുത്, പട്ടാളക്കാര്‍ മരിച്ചുവീ‍ഴുന്നതും മറക്കരുത് എന്നായിരുന്നു മോദി 2014 പൊതു തെരഞ്ഞെടുപ്പ് കാലത്ത് ട്വീറ്റ് ചെയ്തത്.

കത്വ വിഷയത്തെ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവുമായെത്തിയ മോദിക്ക് ഇക്കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

നിര്‍ഭയയെ മറക്കരുതെന്ന് തെരഞ്ഞെടുപ്പില്‍ ആഹ്വാനം ചെയ്ത മോദിക്ക് കത്വ വിഷയം രാഷ്ട്രീയമല്ലെന്ന് പറയുന്നതില്‍ നാണക്കേടുണ്ടോയെന്ന് ചോദിക്കരുത്. കാരണം അതില്ലെന്ന് ഒട്ടേറെതവണ തെ‍ളിയിക്കപ്പെട്ടതാണല്ലോ.

എന്തായാലും മോദി ഭക്ത ന്യായീകരണതൊ‍ഴിലാളികള്‍ക്ക് ഇനി ഇതുകൂടി ന്യായീകരിക്കാം. ഒപ്പം കേട്ടാലറയ്ക്കുന്ന തെറി നിക്ഷേപിക്കുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News