
തൂങ്ങി മരിച്ചവനേയും വിഷം കുടിച്ച് നിശ്ചലനായവനേയും ബൈക്കില്‍ ശരം പോലെ കുതിച്ച് ലോറിക്കടിയില്‍ നിശബ്ദനായവനേയും തേടി ചിത്രന്‍ നമ്പൂതിരി വന്നെത്തും. കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത് തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജ്ജനത്തിന്റെയും മകന്‍.
നാട്ടിലെവിടെയും ദുര്‍മരണങ്ങളുണ്ടായാല്‍ പൊലീസ് ചിത്രനെ തേടിയെത്തും. ബന്ധുക്കള്‍ പോലും മൂക്കുപൊത്തി അറച്ച് മാറി നില്‍ക്കുമ്പോള്‍ ചിത്രന്‍ ശവത്തിന്റെ ദുര്‍ഗന്ധം കൈയിലേറ്റുവാങ്ങും.
ശരീരത്തില്‍ നുരയ്ക്കുന്ന പുഴുക്കളെ കണ്ട് ഉറ്റവര്‍ പോലും കണ്ണുപൊത്തുമ്പോള്‍ ഇതെല്ലാം താനെത്ര കണ്ടു എന്ന മുഖഭാവത്തോടെ ചിത്രന്‍ ശവവുമായി ആംബുലന്‍സ് വാഹനത്തിനരികിലേക്ക് നീങ്ങും.
ചിത്രന് എല്ലാ മരണവും ഒരു പോലെയാണ്.
പൂക്കിപ്പറമ്പ് വാഹനാപകടത്തിലെ കത്തിക്കരിഞ്ഞ ജഡങ്ങളായാലും കടലുണ്ടിയില്‍ വെള്ളത്തിലൊടുങ്ങിയ ജഡങ്ങളായാലും ഇയാള്‍ ഒരേ മനസ്സോടെ കൈകളിലേന്തും.
രക്ഷിതാക്കളുടെ അമിതമായ ലാളനിയില്‍ വഴിപിഴച്ചുപോയൊരു ജീവിതമായിരുന്നു ചിത്രന്റേത്. കള്ളനായി നാട്ടുകാരുടെ ശാപങ്ങള്‍ ഏറ്റുവാങ്ങിയ ആ കാലത്തെ നിറഞ്ഞ പശ്ചാത്താപത്തോടെയാണ് ചിത്രന്‍ പിന്നീടെന്നും ഓര്‍ത്തത്.
സ്‌കൂളില്‍ പോകുമ്പോഴെ താന്‍ തല്ലിപ്പൊളിയായിരുന്നുവെന്ന് സ്വയം ഓര്‍മ്മിച്ചെടുത്തവന്‍. എന്തു തെറ്റു ചെയ്താലും അച്ഛനുമമ്മയും വഴക്കുപറയില്ല. അതിന്റെ ധൈര്യത്തില്‍ പലതും ചെയ്തുകൂട്ടി. വീട്ടിലെ പല സാധനങ്ങളും അമ്മ കാണാതെയെടുത്ത് മറ്റു കുട്ടികള്‍ക്ക് നല്‍കും. അടുത്ത പറമ്പിലെ വാഴക്കുലകള്‍ വെട്ടിയെടുത്ത് പഴുപ്പിച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കും.
ചെറിയ കലാപരിപാടികളൊന്നും ആരും അറിയുന്നില്ലെന്ന് വന്നപ്പോള്‍ ബന്ധുവീട്ടില്‍ നിന്നൊരു മുണ്ട് മോഷ്ടിച്ചു. പക്ഷെ അത് പിടിക്കപ്പെട്ടപ്പോള്‍ രോഷാകുലനായ അച്ഛന്‍ അന്നാദ്യമായി ശിക്ഷിച്ചു.
ചട്ടുകം അടുപ്പിലിട്ട് പഴുപ്പിച്ച് കൈത്തൊണ്ടയെ പൊള്ളിച്ചപ്പോള്‍ അതോടെ എല്ലാം അവസാനിപ്പിക്കാനല്ല തോന്നിയത്. മാംസം കത്തിയ വേദന വാശിയായി.
അതൊരു പെരുങ്കള്ളന്റെ തുടക്കമായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യത്തെ വലിയ മോഷണത്തിലേക്ക്. തൃക്കുറ്റിശ്ശേരി ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന നമ്പൂതിരിയുടെ തിരൂരുള്ള പാലേരി മനയിലേക്കൊരു വിരുന്നുപോയി. അന്നവിടെ താമസിച്ച് പിറ്റേന്ന് തിരിച്ചുവരുമ്പോള്‍ വീട്ടിലെ മേശയില്‍ സൂക്ഷിച്ച സ്വര്‍ണ്ണ ചെയിനുമെടുത്തായിരുന്നു മടക്കം.
വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട്ടെത്തി. ചെയിന്‍ നഗരത്തിലെ സ്വര്‍ണ്ണക്കടയില്‍ കൊടുത്ത് കാശ് വാങ്ങി. രാധാ തിയേറ്ററില്‍ നിന്നൊരു സിനിമ, ഹോട്ടലിലെ വിഭവ സമൃദ്ധമായ ഭക്ഷണം.
മോഷണത്തിന്റെ സുഖവും ആസ്വദിച്ച് രാത്രി നഗരത്തിലൂടെ നടന്നപ്പോള്‍ ചെന്ന് പെട്ടത് നൈറ്റ് പട്രോളിംഗ് നടത്തുന്ന പൊലീസുകാരുടെ മുന്നില്‍. ചിത്രന്റെ പരുങ്ങലും കൈയിലെ കാശും കണ്ടപ്പോള്‍ പൊലീസുകാര്‍ക്ക് സംശയമായി. ചോദിച്ചപ്പോള്‍ തത്ത പറയുന്നതുപോലെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു.
പൊലീസുകാര്‍ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിറ്റേന്ന് ജുവല്ലറിയില്‍ വിറ്റ സ്വര്‍ണ്ണമാല തിരിച്ചുവാങ്ങി. ആ കേസില്‍ മൂന്ന് മാസമായിരുന്നു ശിക്ഷ. ആദ്യത്തെ ജയില്‍ വാസം കഴിഞ്ഞുവന്നപ്പോള്‍ നാട്ടിലെങ്ങും വലിയൊരു കളളന്റെ പരിവേഷം. കള്ളന്‍ നമ്പൂതിരിയെ ഭയത്തോടും അദ്ഭുതത്തോടെയും നോക്കുന്ന നാട്ടുകാര്‍.
ജയില്‍ വാസത്തിനിടയ്ക്കാണ് ചില പെരുങ്കള്ളന്‍മാരുമായി പരിചയത്തിലാവുന്നത്. അവരില്‍ നിന്നാണ് വലിയ മോഷണത്തിന്റെ ടെക്‌നിക്കുകള്‍ പലതും പഠിച്ചത്. അതോടെ ആത്മവിശ്വാസമായി. മോഷണം ഒരു പ്രൊഫഷനാക്കാന്‍ ചിത്രന്‍ നമ്പൂതിരി അതോടെ തീരുമാനിക്കുകയായിരുന്നു.
പിന്നെ ചെറുതും വലുതുമായി നിരവധി മോഷണങ്ങള്‍. പലതിലും അകത്തായി. പലതില്‍ നിന്നും ആരുമറിയാതെ രക്ഷപ്പെട്ടു. പൊലീസും കേസും ജയിലുമെല്ലാം ഒരു ലഹരിയായതോടെ മോഷണത്തിന് ധൈര്യം കൂടി. മലപ്പുറം, വടക്കാഞ്ചേരി ഭാഗത്തു നിന്നാണ് കൂടുതല്‍ മോഷണങ്ങളും. ആ കേസുകളിലെല്ലാം കൂടി എട്ട് വര്‍ഷമാണ് കോടതി ചിത്രനെ ശിക്ഷിച്ചത്.
ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ പുതിയൊരാഗ്രഹം. ഒന്ന് വിവാഹം കഴിക്കണം. അങ്ങിനെ മോഷണത്തിന്റെ വഴികളില്‍ പ്രണയവും വിവാഹവും കുടുംബവുമെല്ലാം മറന്ന ചിത്രന്‍ വിവാഹിതനാവാന്‍ തീരുമാനിച്ചു. മോഷണവും കോടതിയൊന്നുമില്ലാത്ത സ്വസ്ഥ ജീവിതം ആഗ്രഹിച്ച ചിത്രന്‍ ഭാര്യയെ ജോലിക്കായി ഗള്‍ഫിലേക്ക് പറഞ്ഞയച്ചു. പക്ഷെ ആഗ്രഹങ്ങളൊന്നും നടന്നില്ല.
ഗള്‍ഫില്‍ നിന്ന് കുറേ പണവുമായി തിരിച്ചെത്തിയ ഭാര്യയ്ക്ക് പിന്നെ കള്ളനായ ഭര്‍ത്താവിനെ പിടിച്ചില്ല. അവരൊരു പൊലീസുകാരനെ വിവാഹം കഴിച്ച് ചിത്രനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പക്ഷെ ഭാര്യ തന്നെയുപേക്ഷിച്ച് കടന്നത് ചിത്രന് ക്ഷമിക്കാനായില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തിയുമായി അവരെത്തേടി അവരുടെ വീട്ടിലെത്തി.
സംസാരിച്ച് വഴക്കായപ്പോള്‍ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് വീശി. കുനിഞ്ഞതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. പക്ഷെ ആ ദേഷ്യം മുഴുവന്‍ ചിത്രന്‍ തന്റെ ശരീരത്തോട് ചെയ്തു. കാലിന് ഒറ്റവെട്ട്. രക്തത്തില്‍ കുളിച്ച് കിടന്ന ചിത്രനെ ആരൊക്കെയോ ആശുപത്രിയിലാക്കി.
ആദ്യ പ്രണയത്തിന്റെ ദാമ്പത്യത്തിന്റെ വേദന നിറഞ്ഞ അടയാളമായി ആ വെട്ടിന്റെ പാട് ഇപ്പോഴും ചിത്രന്റെ ശരീരത്തിലുണ്ട്. എല്ലാം തകര്‍ന്നപ്പോള്‍ വീണ്ടും മോഷണത്തിന്റെ വഴിയില്‍. ഈയൊരു യാത്രയിലാണ് മരണം ചിത്രനോട് പലതും പറയുന്നത്.
ഒരു മോഷണം കഴിഞ്ഞ അര്‍ദ്ധരാത്രി കശുമാവിന്‍ തോട്ടത്തിലൂടെ ഓടുമ്പോള്‍ എന്തോ തലയ്ക്ക് മുട്ടി. വെളിച്ചം തെളിയിച്ച് നോക്കിയപ്പോഴറിഞ്ഞു മരത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ജഡത്തിലാണ് തലയടിച്ചതെന്ന്. രാത്രിയുടെ നിശബ്ദതയില്‍ ആ ജഡം ചിത്രനെ ഭയപ്പെടുത്തി.
ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ പേടിയുടെ മുഹൂര്‍ത്തം. അതൊരു തുടക്കമായിരുന്നു ജഡങ്ങളോട് സൗഹൃതത്തിലായ ഒരു മനുഷ്യന്റെ വ്യത്യസ്ഥ യാത്രയുടെ തുടക്കം.
പിന്നീടൊരു ദിവസം ഗുരുവായൂരിലെ ഒരു ബന്ധുവീട്ടില്‍ നിന്ന് ബസില്‍ തിരിച്ചുവരുമ്പോഴാണ് മരണം ഘോഷയാത്രയായി ചിത്രന് മുമ്പിലെത്തിയത്. ബസ് പെട്ടന്ന് ബ്രേക്കട്ടു. മുമ്പില്‍ മറ്റൊരു ബസ്സിന് തീപ്പിടിച്ചിരിക്കുന്നു. മനുഷ്യര്‍ പച്ചയായി കത്തുന്നു. ശവങ്ങളുടെ കരിഞ്ഞ ഗന്ധം.
മരണങ്ങളുടെ ഭീകര താണ്ഡവം. പരിചയമുള്ള ഒരു പൊലീസുകാരന്‍ സഹായിക്കാന്‍ പറഞ്ഞു. പിന്നെയൊന്നും ആലോചിച്ചില്ല. മനുഷ്യര്‍ പച്ചയ്ക്ക് കത്തിയെരിഞ്ഞ പൂക്കിപ്പറമ്പില്‍ നിന്ന് ചിത്രന്റെ മറ്റൊരു ജീവതം ആലോചിക്കുകയായിരുന്നു. ജീവനുള്ളവരേക്കാള്‍ മരിച്ചവരുമായുള്ള സൗഹൃദം.
ചീഞ്ഞളിഞ്ഞ മനുഷ്യ ശരീരത്തിന്റെ അസഹ്യമായ ദുര്‍ഗന്ധം. പുഴുക്കള്‍ നുരയ്ക്കുന്ന ശരീരങ്ങളുടെ ഭീഭത്സത.. എല്ലാം ഈ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
മദ്യപിക്കാതെ ശവമെടുക്കാന്‍ കിണറ്റിലിറങ്ങിയപ്പോഴുണ്ടായ അനുഭവവും ചിത്രന്‍ പറയുന്നു.
‘കിണറ്റില്‍ പഴകിയ ഒരു ശവമെടുക്കാന്‍ ഇറങ്ങിയതായിരുന്നു. ശരീരത്തില്‍ പിടിച്ച് ഉയര്‍ത്തിയപ്പോള്‍ വിരലുകള്‍ ചീര്‍ത്ത ശവശരീരത്തിലേക്ക് ആഴ്ന്നിറങ്ങി. ഉടന്‍ തിരിച്ചുകയറി പൊലീസുകാരോട് എടുക്കാനാവില്ലെന്ന് പറഞ്ഞു. പിന്നെ ഒരു ഫുള്ള് ഒറ്റയ്ക്ക് അടിച്ച് ഇറങ്ങിയാണ് ആ ശവം എടുത്തത്.’
മദ്യം മാത്രമല്ല ഇറച്ചിയും മീനുമെല്ലാം ചിത്രന്‍ നമ്പൂതിരിയ്ക്ക് പ്രിയപ്പെട്ടതാണ്. മോഷ്ടാവും ശവമെടുപ്പുകാരനുമൊക്കെയായ ചിത്രന്‍ എന്നും നാട്ടിലെ ഒരദ്ഭുത കഥാപാത്രമായിരുന്നു. നിറം പിടിപ്പിച്ച പല കഥകളിലും നായകനായിരുന്നു എപ്പോഴും ഈ മനുഷ്യന്‍.
എത്ര പേരോടും ഏറ്റെമുട്ടാന്‍ കഴിയുന്ന ചിത്രന്‍. ബാലുശ്ശേരി ചന്തയില്‍ നിന്ന് അതിരാവിലെ ആടിന്റെ പച്ചച്ചോര കുടിച്ച് അങ്ങാടിയിലൂടെ ഓടുന്ന ചിത്രന്‍. വീടിന്റെ ഓടിളക്കി അകത്ത് കയറുന്നന ക്രൂരനായ കള്ളന്‍. തിരിച്ചറിയാനായി പൊലീസ് തലയില്‍ സീല്‍ ചെയ്ത വിചിത്രനായ മനുഷ്യന്‍.
ഇത്തരം വിശേഷണങ്ങള്‍ പലതും തന്നെപ്പറ്റി നാട്ടില്‍ ഉയരുന്നത് ചിത്രനറിയാം. കുറേയൊക്കെ വാസ്തവമുണ്ടെങ്കിലും ഇതില്‍ പലതും കെട്ടിച്ചമച്ച അതിശയോക്തി നിറഞ്ഞ കഥകള്‍ മാത്രമായിരുന്നു. ചിത്രനെ കാണുമ്പോള്‍ സ്ത്രീകള്‍ ഭയന്നോടിയ സംഭവങ്ങള്‍ വരെ നിരവധിയാണ്.
പക്ഷെ എല്ലാറ്റിനും മാറ്റമുണ്ടായി. വീട്ടില്‍ ഒറ്റയ്ക്കായ ഈ മനുഷ്യന് പലരും ഭക്ഷണം നല്‍കി സഹായിക്കാറുണ്ട്. അച്ഛന്റെ ഒരു സഹോദരി മാത്രമാണ് വീട്ടില്‍ ചിത്രന് കൂട്ട്. കുറച്ച് കാലം മുമ്പ് അവര്‍ മരിച്ചതോടെ വീട്ടില്‍ ചിത്രന്‍ തനിച്ചായി. ശവമെടുക്കാന്‍ തുടങ്ങിയതോടെ മോഷണത്തിന്റെ വഴിയും ചിത്രന്‍ ഉപേക്ഷിച്ചു.
ഇതുവരെ താന്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന തിരിച്ചറിവാണ് മോഷണത്തില്‍ നിന്ന് പിന്മാറാന്‍ ചിത്രനെ പ്രേരിപ്പിച്ചത്. പാവങ്ങളാണ് മരിച്ചതെങ്കില്‍ വിളിച്ചില്ലെങ്കിലും പോയി സഹായിക്കും. അല്ലാത്തതിന് പൊലീസ് വിളിച്ചാല്‍ പോവും.
അനാഥശവങ്ങളാണെങ്കില്‍ വൗച്ചര്‍ ഒപ്പിട്ടുകൊടുത്താല്‍ പൊലീസ് കാശ് നല്‍കും. അല്ലെങ്കില്‍ മരിച്ചയാളുടെ ബന്ധുക്കളാണ് പണം നല്‍കുക. പാവങ്ങളാണെങ്കില്‍ കാശ് നല്‍കിയാലും വാങ്ങില്ല.
കയ്യില്‍ തട്ടിക്കളിച്ച മരണം ഒടുവില്‍ ചിത്രനെയും ആലിംഗനം ചെയ്തു. ചിത്രന്‍ ഈ വിഷുക്കാലം അമ്മമാരുടെ കഥകളിലെ നിറംപിടിപ്പിച്ച ഓര്‍മ്മകള്‍ മാത്രമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here