അഗ്യൂറോയുടെ പരിക്ക്; പകരക്കാരനായി ആ സൂപ്പര്‍താരം മടങ്ങിയെത്തുന്നു; അര്‍ജന്റീനയുടെ പരിശീലകന്‍റെ അമ്പരപ്പിക്കുന്ന നീക്കത്തിന് വമ്പന്‍ കൈയ്യടി

കഴിഞ്ഞ ദിവസമാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയ ആ വാര്‍ത്ത എത്തിയത്. മുന്നേറ്റത്തിലെ കുന്തമുന സെര്‍ജിയോ അഗ്യൂറോ പരിക്കേറ്റ് പടിക്ക് പുറത്താകുന്നുവെന്നത് ആരാധകരെയും ടീമിനെയും സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്.

എന്നാല്‍ അഗ്യൂറോയുടെ പകരക്കാരനായി പരിശീലകന്‍ ജോര്‍ജ് സാംപോളി ടീമിലേക്ക് പരിഗണിക്കുന്നത് ആരെയെന്നറിഞ്ഞാല്‍ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും.

അര്‍ജന്റീനയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി അറിയപ്പെടുന്ന കാര്‍ലോസ് ടെവസിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് സാംപോളിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിനുള്ള 35 അംഗ സാധ്യതാ ടീമില്‍ ടെവസിനെ ഉള്‍പ്പെടുത്തി കഴിഞ്ഞെന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സടക്കമുള്ള അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

മെസി കഴിഞ്ഞാല്‍ അര്‍ജന്റീനയിലെന്നല്ല ലോകമാകെ ഏറ്റവുമധികം ആരാധകരുള്ള നീലപ്പടയുടെ താരമാണ് ടെവസ്. മെസിയുമായുള്ള അസ്യാരസ്യങ്ങളാണ് പലപ്പോഴും താരത്തിന് വിനയായിട്ടുള്ളത്. ഒറ്റയ്ക്ക് കളിയുടെ ഗതിമാറ്റാന്‍ ശേഷിയുള്ള താരം കൂടിയാണ് ടെവസ് എന്നത് ആരാധകരെ സംബന്ധിച്ചുടത്തോളം ആവേശം പകരുന്നതാണ്.

കഴിഞ്ഞ ലോകകപ്പിന്റെ കലാശക്കളിയില്‍ മെസി നീട്ടി നല്‍കിയ പാസ് ഹിഗൈ്വന്‍ വലയിലാക്കാതെ നോക്കി നിന്നത് കണ്ടപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ആഗ്രഹിച്ചത് ടെവസ് കളത്തിലുണ്ടായിരുന്നെങ്കിലെന്നായിരുന്നു.

അസാമാന്യ ഫിനിഷ് പാടവവും അപ്രതീക്ഷിതമായി വലകുലുക്കാനുള്ള ശേഷിയുമാണ് ടെവസിനെ വ്യത്യസ്തനാക്കുന്നത്.

അര്‍ജന്റീന കുപ്പായത്തില്‍ 76 തവണ ഇറങ്ങിയ ടെവസ് 13 ഗോളുകളാണ് നേടിയിട്ടുള്ളത്. ഈ പ്രായത്തില്‍ ടെവസിന് അത്ഭുതം കാട്ടാനാകുമോയെന്ന ആശങ്കയും ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

എന്തായാലും പരിശീലകന്‍ ഔദ്യോഗികമായി ടീം ലിസ്റ്റ് പുറത്തുവിടുന്നതുവരെ കാത്തിരിക്കേണ്ടിവരും. ജൂണ്‍ 16ന് ഐസ് ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യലോകകപ്പ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News