രാഷ്ട്രീയ അപചയത്തിന്‍റെ പതാളത്തില്‍ ബിജെപി; ബൈക്കപകടത്തില്‍ മരിച്ച യുവാവിന്‍റെ ദൃശ്യങ്ങള്‍ ശ്രീജിത്തിന്‍റേതാക്കി വ്യാജപ്രചരണം; ബിജെപിയെ നാണം കെടുത്തി നാട്ടുകാര്‍

അപകടത്തിൽ മരിച്ച ആലപ്പുഴ മുതുകുളം സ്വദേശിയായ യുവാവിന്റെ ഫോട്ടോ വരാപ്പുഴയിൽ പൊലീസ‌് കസ‌്റ്റഡിയിലിരിക്കെ ആശുപത്രിയിൽ മരിച്ച ശ്രീജിത്തിന്റേതാക്കി പ്രചരിപ്പിച്ച‌് രാഷ‌്ട്രീയമുതലെടുപ്പിന‌് ബിജെപിയുടെ നെറികെട്ട ശ്രമം.

മുതുകുളം വടക്ക‌് മാപ്പിളേത്ത‌് കിഴക്കതിൽ ഗോകുലിന്റെ (22) ഫോട്ടോയാണ‌് പോസ‌്റ്ററുകളിലും ഫ‌്ളക‌്സിലും അങ്ങേയറ്റം വികൃതമാക്കി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത‌്.

ഗോകുലിനെയും ശ്രീജിത്തിനെയും ഒരേസമയം അപമാനിച്ചുകൊണ്ടാണ‌് ബിജെപിയുടെ പ്രചാരണം. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പോസ‌്റ്ററുകളും ഫ‌്ളക‌്സുകളും സ്ഥാപിച്ചിട്ടുണ്ട‌്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ വരാപ്പുഴ സംഭവത്തിനെതിരെ നടത്തിയ ഉപവാസസമരത്തിലും ഇത്തരം ഫ‌്ളക‌്സ‌് പ്രദർശിപ്പിച്ചിരുന്നു. ഗോകുലിന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ അച്ഛൻ പ്രസാദ‌്, ഡിജിപിക്ക‌് ബുധനാഴ‌്ച പരാതി നൽകി.

ആറിന‌് പുലർച്ചെ 5.45ന‌് മുതുകുളം വെട്ടത്തുമുക്കിന‌് സമീപമുണ്ടായ ബൈക്കപകടത്തിലാണ‌് ഗോകുലിന‌് ഗുരുതരമായി പരിക്കേറ്റത‌്. ഗോകുൽ ഓടിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒമ്പതിന‌് ഗോകുൽ മരിച്ചു. തുടർന്ന‌് പോസ‌്റ്റ‌്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. അന്നുതന്നെയാണ‌് ശ്രീജിത്തിന്റെ മൃതദേഹവും പോസ‌്റ്റ‌്മോർട്ടത്തിന‌് എത്തിച്ചത‌്. ആദ്യം ശ്രീജിത്തിന്റെ മൃതദേഹമാണ‌് പോസ‌്റ്റ‌്മോർട്ടം ചെയ‌്തത‌്.

ശ്രീജിത്തിന്റെ മൃതദേഹത്തിനൊപ്പം വന്നവരിൽ ആരോ ഗോകുലിന്റെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു. ഇതാണ‌് ഇപ്പോൾ വികൃതമാക്കി പോസ‌്റ്ററുകളിലും ഫ‌്ളക‌്സിലും പ്രദർശിപ്പിക്കുന്നത‌്.

ശ്രീജിത്തിന്റെ ഭാര്യയുടെയും മകന്റെയും ചിത്രവും ഗോകുലിന്റെ ഫോട്ടോയ‌്ക്കൊപ്പം പോസ‌്റ്ററിലും ഫ‌്ളക‌്സിലും ഉൾപ്പെടുത്തിയിട്ടുണ്ട‌്. അവരെയും കുടുംബത്തോടെ അപമാനിക്കുകയാണ‌് ബിജെപി.

സാമൂഹ്യമാധ്യമങ്ങളിലും ബിജെപി ഗോകുലിന്റെ ചിത്രം ശ്രീജിത്തിന്റേതാക്കി പ്രചരിപ്പിക്കുന്നുണ്ട‌്. ബിജെപി വരാപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി സി എൻ വിൻസൻ ഫോട്ടോ ഉൾപ്പെടുത്തി ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് ഇട്ടിരുന്നു. ഇതിനെതിരെ എസ‌്എഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് അമൽ ജോസ‌് വരാപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട‌്.

ബിഒടി ദേശീയപാത വിരുദ്ധ സമരസമിതി നേതാവ‌് ഹാഷിം ചേന്നംപള്ളിയും ഇതേ ഫോട്ടോ ഫേസ‌്ബുക്കിൽ നൽകി. ഇതിനെതിരെ സിപിഐ എം ആലങ്ങാട‌് ഏരിയ കമ്മിറ്റിയംഗം വി പി ഡെന്നി പൊലീസ‌ിൽ പരാതി നൽകിയിട്ടുണ്ട‌്.

വരാപ്പുഴയിൽ മരിച്ച ശ്രീജിത്തിനുപകരം തന്റെ മകന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന‌് ഗോകുലിന്റെ അച്ഛൻ ഡിജിപിക്ക‌് നൽകിയ പരാതിയിൽ പറഞ്ഞു.

ബിജെപി നേതാവ‌് എ എൻ രാധാകൃഷ‌്ണൻ നടത്തിയ സത്യഗ്രഹത്തിലും തന്റെ മകൻ ഗോകുൽ അപകടത്തിൽ മരിച്ചുകിടക്കുന്ന ഫോട്ടോയാണ‌് ഫ‌്ളക‌്സിലും മറ്റും പ്രദർശിപ്പിച്ചത‌്. ഇത‌് തന്റെ മകനോടുള്ള അനാദരവും രാഷ‌്ട്രീയ മുതലെടുപ്പിനുള്ള നെറികെട്ട പ്രവർത്തനവുമാണെന്ന‌് മനസ്സിലാക്കുന്നു.

അകാലത്തിൽ മരിച്ച മകന്റെ ഫോട്ടോ ഇത്തരത്തിൽ പ്രദർശിപ്പിച്ച‌് അനാദരവ‌് കാണിക്കുന്നത‌് അവസാനിപ്പിക്കുകയും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന‌് പ്രസാദ‌് പരാതിയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News