അച്ഛന്‍ എടുത്ത ആ തീരുമാനമാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്; ഒപ്പം ലോകക്രിക്കറ്റിന്‍റെയും; സച്ചിന്‍ പറയുന്നു

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്നവര്‍ ഡോണ്‍ ബ്രാഡ്മാനെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്നുമായിരിക്കും മാറി മാറി ഉത്തരം പറയുക. സച്ചിനാണ് മികച്ചതെന്ന് പറയുന്നവരും ബ്രാഡ്മാനാണ് മികച്ചതെന്ന് പറയുന്നവരുമുണ്ട്.

എന്തായാലും രണ്ടുപേര്‍ക്കും ക്രിക്കറ്റ് ലോകത്ത് നിറയെ ആരാധകരാണ്. സച്ചിനാകട്ടെ ഇന്ത്യയുടെ ഐക്കണ്‍ എന്ന നിലയിലാണ് വളര്‍ന്ന് പന്തലിച്ചത്. ക്രിക്കറ്റ് ദൈവമെന്ന വിളിപ്പേരില്‍ ഇന്ത്യ ഒന്നടങ്കം സച്ചിനെ സ്നേഹിക്കുകയാണ്.

പാഠപുസ്തകങ്ങള്‍ക്കകത്ത് ഒതുങ്ങികൂടാതെ കളിക്കളത്തില്‍ ചിലവ‍ഴിച്ച ബാല്യമാണ് സച്ചിനെന്ന ഇതിഹാസത്തെ ഇന്ത്യക്ക് സമ്മാനിച്ചത്. പഠനത്തില്‍ മികച്ചവനായിരുന്നില്ലെങ്കിലും കളിക്കളത്തില്‍ കുട്ടിക്കാലത്തെ സച്ചിന്‍ രാജാവായിരുന്നു.

ഇപ്പോ‍ഴിതാ തന്‍റെ ജീവിതത്തിലെ നിര്‍ണായകമായത് അച്ഛന്‍ രമേഷ് ടെണ്ടുൽക്കർ എടുത്ത ഒരു തീരുമാനമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. വീടിനടുത്തുള്ള സ്കൂളിലായിരുന്നു സച്ചിന്‍ പഠിച്ചിരുന്നത്.

ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നെങ്കിലും ബാന്ദ്ര എെഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്രിക്കറ്റ് ടീം മോശമായിരുന്നു. കാര്യമായ പരിശീലനം സ്കൂളിലുണ്ടായിരുന്നില്ല. സ്കൂള്‍ ടീം പോലും കാര്യമായ നിലയില്‍ ഉണ്ടായിരുന്നില്ല.

ക്രിക്കറ്റിലുള്ള സച്ചിന്‍റെ മികവ് തിരിച്ചറിഞ്ഞ അച്ഛന്‍ രമാകാന്ത് അച്ഛരേക്കറുടെ പരിശീലനം സച്ചിന് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബാന്ദ്ര സ്കൂളില്‍ ക്രിക്കറ്റിന് പരിഗണന ലഭിക്കാത്തത് സച്ചിനെയും അച്ഛനെയും അലട്ടി.

അതിനിടയിലാണ് പരിശീലകന്‍ അച്ഛരേക്കര്‍ താൻ ടീമിനെ പരിശീലിപ്പിക്കുന്ന ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിലേക്ക് സച്ചിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടവയ്ക്കുന്നത്. ശാരദാശ്രമം വിദ്യാമന്ദിറാകട്ടെ സച്ചിന്‍റെ വീട്ടില്‍ നിന്നും വളരെ അകലെയായരുന്നു.

അവിടെ എത്തിച്ചേരുക അക്കാലത്ത് വലിയ പ്രയാസവുമായിരുന്നു. തീരുമാനമെടുക്കാന്‍ സച്ചിന് അച്ഛന്‍ പൂര്‍ണ അനുവാദം നല്‍കി. എന്ത് തീരുമാനമായാലും ഒപ്പമുണ്ടാകുമെന്ന അച്ഛന്‍റെ വാക്ക് കുഞ്ഞ് സച്ചിനിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

ശാരദാശ്രമത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ പരിശീലനം ആരംഭിക്കുമായിരുന്നു. വൈകിയാല്‍ പരിശീലകന്‍റെ ചൂടറിയുമെന്നത് മറ്റൊരു വെല്ലുവിളിയായി. ഒടുവില്‍ സച്ചിന്‍ ആ നിര്‍ണായക തീരുമാനം കൈകൊണ്ടു.

ക്രിക്കറ്റിന് വേണ്ടി എന്ത് വെല്ലുവിളിയും ഏറ്റെടുക്കാമെന്നായിരുന്ന സച്ചിന്‍ തീരുമാനിച്ചത്. അച്ഛന്‍ രണ്ട് കയ്യും നീട്ടി അത് സ്വീകരിക്കുകയും ശാരദാശ്രമത്തിലേക്ക് വണ്ടി പിടിക്കുകയും ചെയ്തതോടെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ പിറവി.

വര്‍ഷങ്ങള്‍ക്കിപ്പുറം ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ച അത്ഭുത താരമായി മാറാനുള്ള തുടക്കം അതായിരുന്നു. അന്ന് അച്ഛനെടുത്ത നിര്‍ണായക തീരുമാനമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബാന്ദ്ര സ്കൂളിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ആ ഇതിഹാസം ഒതുങ്ങിപ്പോയെനെ.

സച്ചിൻെറ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ പുസ്തകമായ Winning like Sachin: Think & Succeed like Tendulkar’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമായിട്ടുളളത്. ദേവേന്ദ്ര പ്രഭുദേശായ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here