
കൊച്ചി കലൂരിൽ നിർമ്മാണത്തിനിടെ കെട്ടിടം തകർന്നതിനെ തുടർന്ന് പാലാരിവട്ടം മുതൽ മഹാരാജാസ് വരെ മെട്രോ സർവ്വീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണു വ്യാഴാഴ്ച്ച രാത്രി അപകടമുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് മെട്രോ തൂണുകൾക്കിടയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്.
കലൂർ മെട്രോ സ്റ്റേഷനു സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന മേഖലയിലാണു വ്യാഴാഴ്ച്ച രാത്രി മണ്ണിടിഞ്ഞത്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പുതിയ ഷോറൂമിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
ഇതിനായി ആഴത്തിൽ മണ്ണു നീക്കം ചെയ്ത് പ്രാരംഭ പ്രവർത്തിക്കിടെ ആണു മണ്ണിടിഞ്ഞത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. സമീപത്തെ കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റോഡിനും കേട്പാടുകൾ സംഭവിച്ചതിനാൽ വാഹന നിയന്ത്രണവും കലൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം മെട്രോയുടെ തൂണുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ പാലാരിവട്ടം മുതൽ മഹരാജാസ് വരെയുള്ള മെട്രോ സർവ്വീസ് നിർത്തി വെച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവി എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനു രൂപം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
നിർമ്മാണത്തിനു അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here