
എൻ എസ് മാധവന്റെ വിഖ്യാതകഥയാണ് ‘തിരുത്ത്’. ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ എഴുതിയ ചരിത്രപ്രധാനമായ ചെറുകഥ. തിരുത്തിലെ മുഖ്യകഥാപാത്രം ഐതിഹ്യം പോലെയുള്ള ഒരു പത്രാധിപരാണ്കെ – കെ. ചുല്യാറ്റ്. ചുല്യാറ്റ് ആരാണെന്നാണ് ഇപ്പോൾ മാധവൻ വെളിപ്പെടുത്തിയിരിക്കുന്നത്.
എൻ എസ് മാധവൻ എഴുതുന്നു:
“എന്നോടു പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്, എന്റെ കഥ, ‘തിരുത്തി’ലെ മുഖ്യകഥാപാത്രമായ പത്രാധിപർ കെ. കെ. ചുല്യാറ്റിന്റെ നിർമ്മിതിയിൽ വല്ല പൂർവ്വമാതൃകകളും ഉണ്ടോ? ഞാൻ ഉത്തരം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടേയുള്ളൂ.
“ഇപ്പോൾ ആ പാത്രസൃഷ്ടി തികച്ചും കൽപിതമല്ലായിരുന്നുവെന്ന് ഏറ്റുപറയേണ്ടിയിരിക്കുന്നു. ജീവിച്ചിരുന്ന ഒരു മഹാനായ പത്രാധിപരുമായി അതിന് അൽപം സാമ്യമുണ്ട്. എസ്. നിഹാൽ സിംഗ്.”
വല്ലപ്പോഴും സ്വന്തം മുറിയിൽ നിന്നു തലപുറത്തിടുന്നതു മുതൽ ചുരുട്ടുവലി വരെയുള്ള ചുല്യാറ്റിന്റെ വിഖ്യാതമായ സവിശേഷതകൾ നിഹാൽ സിംഗിൽ നിന്നാണ് പകർത്തിയതെന്ന് മാധവൻ എഴുതുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ‘ഈ എഡിഷൻ സെൻസർ ചെയ്യപ്പെട്ടിട്ടുണ്ട്’ എന്ന് എഴുതിയ ധീരനായ പത്രാധിപരായിരുന്നു നിഹാൽ സിംഗ് എന്നും മാധവൻ അനുസ്മരിക്കുന്നു.
‘തർക്ക മന്ദിരം തകർത്തു’ എന്ന സബ് എഡിറ്ററുടെ തലക്കെട്ട് ‘ബാബ്റി മസ്ജിദ് തകർത്തു’ എന്ന് ചുല്യാറ്റ് തിരുത്തിയതിനെ വിശേഷിപ്പിച്ച അതേ ഉപമ ഉപയോഗിച്ച് നിഹാൽ സിംഗിന്റെ അന്നത്തെ എഴുത്തിനെ മാധവൻ വിശേഷിപ്പിക്കുകയും ചെയ്യുന്നു – പേന ഉളിപോലെ പിടിച്ചുമാത്രം എഴുതാൻ കഴിയുന്ന വാക്യമായിരുന്നു അത്,
നിഹാൽ സിംഗിന്റെ മരണത്തിനു തൊട്ടുപിന്നാലേയാണ് കഥാകൃത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിഹാൽ സിംഗ് ഓർമ്മയായത്. അതുകൊണ്ടുതന്നെ നിറകണ്ണുകളോടെയല്ലാതെ നമുക്കിത് വായിക്കാനുമാകില്ല.
മലയാള മനോരമയിലെ പംക്തിയായ തൽസമയത്തിലാണ് എൻ എസ് മാധവന്റെ ഈ വെളിപ്പെടുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here