രാഷ്ട്രീയ പ്രമേയത്തില്‍ 63 ഭേദഗതികള്‍; വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം; സിപിഐഎമ്മിന്‍റെ സംഘടനാ നടപടികള്‍ അറിയാത്തവരുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്നും പ്രകാശ് കാരാട്ട്

22 ാം പാര്‍ട്ടികോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. രാഷ്ട്രിയ പ്രമേയത്തില്‍ 63 ഭേദഗതികള്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി.

രാഷ്ട്രിയ പ്രമേയം വൈകുന്നേരത്തോടെ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭേദഗതി നിര്‍ദേശങ്ങളില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തും. രാഷ്ട്രീയ പ്രമേയ ചര്‍ച്ചകളില്‍ 43പേര്‍ പങ്കെടുത്തു.

പാര്‍ട്ടിയില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയ പ്രമേയം പാസാക്കാന്‍ രഹസ്യ വോട്ടെന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലില്ലെന്നും കാരാട്ട് വ്യക്തമാക്കി.

സിപിഐഎമ്മിന്‍റെ സംഘടനാ സംവിധാനത്തെക്കുറിച്ച് ബോധമില്ലാത്ത മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളില്‍ ക‍ഴമ്പില്ലെന്നും അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിനിടയുള്ള വാര്‍ത്താ സമ്മേളനത്തില്‍ കാരാട്ട് വ്യക്തമാക്കി.

രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പ്രമേയം താന്‍ അവതരിപ്പിച്ചത് പാര്‍ട്ടിയുടെ സംഘടനാ രീതി അനുസരിച്ചാണെന്നും അതില്‍ അപാകതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ സിപിഐഎമ്മിന്‍റെ ഭരണഘടന വായിക്കുന്നത് നല്ലതാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്. തീരുമാനമുണ്ടായിക്ക‍ഴിഞ്ഞാല്‍ പിന്നെ ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ല. പാര്‍ട്ടിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും കാരാട്ട് ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News