സിപിഐഎമ്മും അരിവാള്‍ ചുറ്റിക നക്ഷത്രവും; ഇ എം എസ് പറഞ്ഞത്

1964 ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി കല്‍ക്കത്തയില്‍ ഇടത് കമ്യൂണിസ്റ്റുകാരുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നു. ഡിസംബര്‍ അവസാനത്തില്‍ വലതുകാരും അവരുടെ സമ്മേളനം ബോംബെയില്‍ നടത്തി. ഇതോടെ അതേവരെ ഒരേ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന രണ്ട് വിഭാഗം ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ രണ്ട് സ്വതന്ത്ര പാര്‍ട്ടികളായി മാറി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആഭ്യന്തരസമരം രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സമരത്തിന്റെ രൂപം കൈക്കൊണ്ടു. ഇതിനെത്തുടര്‍ന്ന് മുഖ്യമായ ഒരു തര്‍ക്കം പൊന്തിവന്നു.

അവിഭക്ത പാര്‍ട്ടിയുടെ അനന്തരാവകാശം ഈ രണ്ട് പാര്‍ട്ടികളിലേതിന്? പഴയ (അവിഭക്ത) പാര്‍ട്ടിയില്‍ നിന്ന് റിവിഷനിസ്റ്റുകാരെയും അവസരവാദികളെയും പുറത്താക്കി പുനഃസംഘടിപ്പിച്ചതാണ് തങ്ങളുടേതെന്ന് കല്‍ക്കത്ത കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതിനെ ഖണ്ഡിക്കുക മാത്രമല്ല ‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ന്ന് രണ്ടാക്കിയവര്‍’ എന്ന കുറ്റം കല്‍ക്കത്താ കോണ്‍ഗ്രസ് സംഘടിപ്പിച്ചവരില്‍ ചുമത്തുകകൂടി വലത് വിഭാഗക്കാരുടെ ബോംബെ കോണ്‍ഗ്രസ് ചെയ്തു.

അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരെന്ന നിലയ്ക്ക് തങ്ങളുടേത് ‘മാതൃസംഘട’യും ഇടതുകാരുടേത് ‘പിളര്‍പ്പന്‍ ഗ്രൂപ്പു’മാണെന്ന് ബോംബെ സമ്മേളനം പ്രഖ്യാപിച്ചു. ഈ രണ്ട് നിലപാടുകള്‍ തമ്മിലുള്ള സംഘട്ടനം പല രൂപഭേദങ്ങളോടെയാണെങ്കിലും ഇന്നും തുടരുകയാണ്.

രണ്ടായി പിളര്‍ന്ന പാര്‍ട്ടിയില്‍ ഓരോന്നിന്റെയും പേര്‍ സംബന്ധിച്ച തര്‍ക്കമെന്ന രൂപത്തിലാണ് അത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പഴയ പേരിന് തങ്ങള്‍ക്കാണ് അവകാശമെന്ന് ഇരുപാര്‍ട്ടികളും ഒരുപോലെ പറഞ്ഞു. കല്‍ക്കത്താ കോണ്‍ഗ്രസിന്റെയും അതില്‍ രൂപം കൊണ്ട കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറൊ എന്നിവയുടെയും രേഖകളില്‍ എല്ലാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പഴയ പേര്‍തന്നെ ഉപയോഗിച്ചുപോന്നു.

വലതുവിഭാഗക്കാരുടെ ബോംബെ കോണ്‍ഗ്രസ്, തുടര്‍ന്നുള്ള കേന്ദ്രനേതൃത്വം എന്നിവയുടെ രേഖകളിലും ഇതുതന്നെ കാണാം.

ഒരേ പേരോടുകൂടി പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ട ഈ രണ്ട് പാര്‍ട്ടികളെയും അന്യോന്യം വേര്‍തിരിക്കുന്നതിന് പത്രക്കാര്‍ പല പദപ്രയോഗങ്ങളും നടത്തി. ചിലര്‍ ‘ഇടത്’, ‘വലത്’ എന്ന വിശേഷണത്തോടുകൂടിയാണ് അതത് പാര്‍ട്ടിയെ വിശേഷിപ്പിച്ചത്. വേറെ ചിലര്‍ ‘ചൈനാ പക്ഷപാതി’കളെന്ന് ഇടതുകാരെയും ‘റഷ്യാപക്ഷപാതി’കളെന്ന് വലതുകാരെയും വിളിച്ചു. ഇനിയും ചിലര്‍ അതത് പാര്‍ട്ടിയുടെ നേതാക്കളുടെ പേര്‍ ചേര്‍ത്ത് ‘ഡാങ്കെ പാര്‍ട്ടി’, ‘സുന്ദരയ്യ പാര്‍ട്ടി’ മുതലായ പേര്‍ നല്‍കിയാണ് ഇരുപാര്‍ട്ടികളെയും വിശേഷിപ്പിച്ചത്.

പേര്‍ സംബന്ധിച്ച ഈ തര്‍ക്കം ഔപചാരികനിലവാരത്തിലെത്തിയത് രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളും കഴിഞ്ഞ ഉടനെ നടന്ന കേരളത്തിലെ ഇടക്കാല തിരഞ്ഞെടുപ്പോടുകൂടിയാണ്. രണ്ട് പാര്‍ട്ടികളും മത്സരിക്കുന്ന ആ തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും അനുവദിക്കേണ്ട ചിഹ്നം സംബന്ധിച്ച തര്‍ക്കം (അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിരുന്ന അരിവാളും നെല്‍ക്കതിരും തങ്ങള്‍ക്കാണ് അവകാശപ്പെട്ടതെന്നവാദം) ഇരുവിഭാഗക്കാരും തിരഞ്ഞെടുപ്പുകമ്മീഷന്റെ മുന്നില്‍ അവതരിപ്പിച്ചു.
വാദം കേട്ടതിനുശേഷം കമ്മീഷന്‍ നല്‍കിയ വിധിയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി എന്ന പേരും അതിന് അനുവദിച്ച ചിഹ്നവും വലതുകാര്‍ക്കാക്കി. പക്ഷേ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേര്‍ തന്നെ ഒരു ഭേദഗതിയോടെ ഇടതുകാര്‍ക്കും അംഗീകരിക്കാമെന്നും അവര്‍ക്ക് മറ്റൊരു ചിഹ്നം നിശ്ചയിക്കാമെന്നും കമ്മീഷന്‍ സമ്മതിച്ചു. പേരില്‍ വരുത്തേണ്ട മാറ്റം, പുതിയ ചിഹ്നം എന്നിവ നിശ്ചയിക്കുന്നതിന് ഇടതുകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് ചെയ്തതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുപാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പേരും അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന ചിഹ്നവും ഇടതുകമ്യൂണിസ്റ്റുകാര്‍ക്ക് അനുവദിച്ചു.
ഇത് പ്രത്യക്ഷത്തില്‍ വലതുകാരുടെ വിജയമാണ്. അവര്‍ക്കാണല്ലോ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പു ചിഹ്നവും കിട്ടിയത്. പക്ഷേ അവര്‍ക്കൊട്ടും സന്തോഷകരമല്ലാത്ത ഒന്നാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിക്ക് കിട്ടിയ തിരഞ്ഞെടുപ്പ് ചിഹ്നം.

എന്തുകൊണ്ടെന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാര്‍വലൗകികമായ കൊടിയടയാളമാണ് അരിവാളും ചുറ്റികയും. അത് തിരഞ്ഞെടുപ്പ് അടയാളമായി കിട്ടണമെന്നാണ് ആദ്യം (1952 ലെ തിരഞ്ഞെടുപ്പിനുമുമ്പ്) അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിരുന്നത്.

അത് അനുവദിക്കാതിരിക്കാന്‍ അന്ന് പറഞ്ഞ കാരണമാകട്ടെ, ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കൊടിയടയാളം തിരഞ്ഞെടുപ്പ് ചിഹ്നമായി അംഗീകരിക്കാന്‍ വയ്യെന്നതായിരുന്നു. കൊടിയടയാളത്തില്‍ നിന്ന് സ്വല്‍പം വ്യത്യാസപ്പെട്ട മറ്റൊന്ന് നിര്‍ദ്ദേശിക്കാന്‍ പറഞ്ഞപ്പോള്‍ അരിവാള്‍ ചുറ്റികയ്ക്കുപകരം അരിവാള്‍ നെല്‍ക്കതിരാക്കാന്‍ സമ്മതിക്കുകയാണ് അന്ന് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ചെയ്തത്. ഇപ്പോഴോ? 1952 ലെ അവിഭക്ത പാര്‍ട്ടി കിട്ടാന്‍ ശ്രമിച്ചതും കിട്ടാതിരുന്നതുമായ തിരഞ്ഞെടുപ്പടയാളം ഇടതുകാര്‍ക്ക് കിട്ടിയിരിക്കുകയാണ്.
ഇത്ര തന്നെ വ്യക്തമല്ലെങ്കിലും ‘മാര്‍ക്സിസ്റ്റ്’ എന്ന വിശേഷണം ചേര്‍ന്നതുകൊണ്ടാണെങ്കിലും ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന പേര്‍ തന്നെ ഇടതുകാര്‍ക്ക് കിട്ടിയതും വലതുകാരെ സന്തോഷിപ്പിച്ചില്ല. ‘മാര്‍ക്സിസ്റ്റ്’ എന്ന വിശേഷണത്തോടുകൂടിയതും ആ വിശേഷണം ഇല്ലാത്തതുമായ രണ്ട് ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’കള്‍ ഉണ്ടെന്നാണല്ലോ ഇതിനര്‍ഥം. പേരിന്റെ കൂടെ ‘റിവിഷനിസ്റ്റ്’ എന്ന വിശേഷണം ചേര്‍ത്തിട്ടില്ലെങ്കിലും എതിരാളിയുടെ പേരിന് ‘മാര്‍ക്സിസ്റ്റ്’ എന്ന വിശേഷണം ചേര്‍ത്തതില്‍ വലതുകാര്‍ക്ക് വിഷമമുണ്ടായിരുന്നു.

ചുരുക്കത്തില്‍, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൊടിയടയാളമായ അരിവാളും ചുറ്റികയും എതിരാളികള്‍ക്ക് കിട്ടിയതോടെ മാര്‍ക്സിസ്റ്റ് എന്നുകൂടി ചേര്‍ന്ന ‘ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി’ എന്ന പേര്‍ കൂടി ഔദ്യോഗികമായി ഇടതുകാര്‍ക്ക് കിട്ടിയത് വലതുകാര്‍ക്ക് മനഃപ്രയാസമുണ്ടാക്കി. തങ്ങളുടേതാണ് കമ്യൂണിസ്റ്റുകാരുടെ ‘മാതൃസംഘട’, അതില്‍ നിന്ന് ഒരു ചെറുന്യൂനപക്ഷം മാത്രം വരുന്ന ‘പിളര്‍പ്പന്‍മാര്‍’ വിട്ടുപോയെന്നേയുള്ളൂ എന്ന വാദം ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണല്ലോ അതിനര്‍ഥം.
ഇടതുകാര്‍ക്കിടയിലും കല്‍ക്കത്താ കോണ്‍ഗ്രസ് അംഗീകരിച്ച ഔദ്യോഗിക രേഖകളിലെ പദപ്രയോഗം അതേപടി തുടരാനുള്ള പ്രവണത ശക്തിയായി ഉണ്ടായിരുന്നു. ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന പഴയ പേരില്‍തന്നെ പ്രവര്‍ത്തിക്കാനായിരുന്നു അധികംപേര്‍ക്കും ഇഷ്ടം. കേരളത്തിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക്വേണ്ടി പുതിയ പേര്‍ ഉപയോഗിക്കേണ്ടിവന്നുവെങ്കിലും, കേരളത്തിന് വെളിയിലോ ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാതെയോ പാര്‍ട്ടിയുടെ പേര്‍ പറയേണ്ടി വരുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പഴയ പേര്‍ തന്നെ പ്രയോഗിക്കുകയായിരുന്നു പതിവ്.
ഇതിന് മാറ്റം വന്നത് 1967 ലെ പൊതുതിരഞ്ഞെടുപ്പോടുകൂടിയാണ്. ഇന്ത്യയിലെല്ലായിടത്തും നടന്ന ആ രാഷ്ട്രീയ സമരത്തില്‍ മുമ്പ് കേരളത്തിലെന്നപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിലുള്ള പേര്‍ തന്നെ പറയേണ്ടിവന്നു. അങ്ങനെയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി എന്ന പേര്‍ സാര്‍വത്രികമായത്.

പുതുതായി രൂപം കൊണ്ട രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പേരിനെ ചൊല്ലിയെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ വിവാദം യഥാര്‍ഥത്തില്‍ രാഷ്ട്രീയമായിരുന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മൂന്നിലധികം പതിറ്റാണ്ടുകളോളം കാലമായി വളര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയപരവും സംഘടനാപരവുമായ അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി ഏത്, അതില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളത് ഏത് ഇതായിരുന്നു പ്രശ്നം.

ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളില്‍ ഔദ്യോഗികമായി കിട്ടുന്ന അംഗീകാരം, തിരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന വോട്ടും സീറ്റും എന്നിവയെ മാത്രം ആസ്പദമാക്കി ഈ പ്രശ്നം പരിഹരിക്കാന്‍ വയ്യതാനും. തെരഞ്ഞെടുപ്പുകള്‍ അടക്കമുള്ള ഒട്ടനവധി രാഷ്ട്രീയ സമരങ്ങളുടെ നടുക്ക് ഇരുപാര്‍ട്ടികളും ആശയസംഘടനാരംഗങ്ങളില്‍ നടത്തുന്ന രൂക്ഷസമരങ്ങള്‍, അവക്ക് ജനങ്ങളില്‍ നിന്നുകിട്ടുന്ന അംഗീകാരം എന്നിവയിലൂടെയേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.

നിരന്തരസമരത്തിന്റേതായ പ്രക്രിയയാണ് കഴിഞ്ഞ ഇക്കാലമത്രയും നടന്നത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സമരത്തിന്റെ രൂപവും സ്വഭാവവും നിര്‍ണയിക്കുന്ന രേഖകളാണ് ആദ്യം കല്‍ക്കത്താ കോണ്‍ഗ്രസിലും പിന്നീട് ബോംബെ കോണ്‍ഗ്രസിലും അവതരിപ്പിക്കപ്പെട്ടതും പാസായതും. അവയില്‍ പ്രധാനം രണ്ടു പാര്‍ട്ടികളുടെയും അടിസ്ഥാനപ്രമാണങ്ങളായ പാര്‍ട്ടി പരിപാടികള്‍ തന്നെ. അവയെ അന്യോന്യം താരതമ്യപ്പെടുത്തി ഈ പാര്‍ട്ടികള്‍ എവിടെ നില്‍ക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കാതെ ഈ സമരത്തിന്റെ കാതലായ ഭാഗം മനസിലാക്കാന്‍ വയ്യ.

ഇവിടെ ഒരു കാര്യം മാത്രമേ ഊന്നിപ്പറയുന്നുള്ളൂ. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണമായിരുന്നുവല്ലോ 1951 ല്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി. അതില്‍ ഉയര്‍ത്തിയ കേന്ദ്രമുദ്രാവാക്യം ജനകീയ ജനാധിപത്യവിപ്ലവമായിരുന്നു. അതു തുടരുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടരുന്ന സമീപനത്തിന്റെ കാതലായഭാഗം. ബോംബെയില്‍വെച്ച് വലതുവിഭാഗക്കാര്‍ അംഗീകരിച്ച പരിപാടിയാകട്ടെ, ജനകീയ ജനാധിപത്യത്തിനുപകരം ദേശീയ ജനാധിപത്യത്തിന്റെ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. പോരെങ്കില്‍, ‘തുടക്കത്തില്‍ ബൂര്‍ഷ്വാസിക്കും തൊഴിലാളി വര്‍ഗത്തിനും കൂട്ടായ പങ്കുള്ളുതായിരിക്കും ദേശീയ ജനാധിപത്യ മുന്നണിയും ഗവണ്‍മെന്റും എന്ന് അതില്‍ വിശദീകരിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ജനസംഘം, സ്വതന്ത്ര മുതലായ ബൂര്‍ഷ്വാ പ്രതിപക്ഷകക്ഷികളുടെയും അവസാനം കോണ്‍ഗ്രസിന്റെ തന്നെയും ഭരണപങ്കാളിയായി പ്രവര്‍ത്തിക്കാന്‍ സിപി ഐയെ പ്രേരിപ്പിച്ചത് ഈ രാഷ്ട്രീയ കാഴ്ചപ്പാടാണ്.

1951 ല്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി കുറ്റമറ്റതാണെന്ന അഭിപ്രായം കല്‍ക്കത്താ കോണ്‍ഗ്രസിന് ഇല്ലായിരുന്നു. മൗലിക പ്രാധാന്യമുള്ള ചില പ്രശ്നങ്ങളില്‍ 1951ലേതില്‍ നിന്നു വ്യത്യസ്തമായ നിലപാടാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ പരിപാടിയുടെ ഉള്ളടക്കം.

എന്നാല്‍, 1951 ലെന്നപോലെ 1964 ലും ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ കേന്ദ്രമായി നിന്നത് തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ തൊഴിലാളി കര്‍ഷക സമരസഖ്യത്തെ ആസ്പദമാക്കിയും ബൂര്‍ഷ്വാഭൂപ്രഭു ഭരണവര്‍ഗങ്ങള്‍ക്കെതിരായ രൂക്ഷസമരങ്ങളിലൂടെയും രൂപം കൊള്ളുന്ന വിപ്ലവമുന്നണിയാണ്; അതിന്റെ വളര്‍ച്ചയ്ക്കിടയ്ക്ക് ചിലപ്പോള്‍ ചില ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളുമായി താല്‍ക്കാലിക സഖ്യമുണ്ടാക്കിയെന്നുവരും. എന്നാല്‍ സി പി ഐ ചെയ്തതുപോലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെയോ ജനസംഘം, സ്വതന്ത്ര മുതലായ ബൂര്‍ഷ്വാ പ്രതിപക്ഷകക്ഷികളുടെയോ ജൂനിയര്‍ പങ്കാളികളായി ഗവണ്‍മെന്റില്‍ ഇരിക്കുക എന്ന നിലപാട് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി ഒരിക്കലും എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News