കാല്‍പന്തുലോകത്തെ ത്രസിപ്പിച്ച ആ‍ഴ്സന്‍ വെങ്ങര്‍; ഒടുവില്‍ ആ‍ഴ്സണലിന്‍റെ പടിയിറങ്ങുന്നു

ലണ്ടന്‍: കാല്‍പന്തുലോകത്തെ ഇതിഹാസപരിശീലകനെന്ന വിശേഷണത്തിന് ഉടമയാണ് ആ‍ഴ്സന്‍ വെങ്ങര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അലക്സ് ഫെര്‍ഗൂസണിനൊപ്പമാണ് ആരാധകര്‍ വെങ്ങര്‍ക്കും ഇടംനല്‍കിയിരിക്കുന്നത്.

നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ ആധുനിക ഫുട്ബോളിലെ പ്രതാപശാലികളായ ഒരു ടീമിനെ പരിശീലിപ്പിക്കുകയെന്നത് ചെറിയകാര്യമല്ല. അങ്ങനെയൊരു അത്ഭുതപുത്രനായിരുന്നു വെങ്ങര്‍. നടപ്പിലും എടുപ്പിലും ഫുട്ബോള്‍ മാത്രമുള്ള വെങ്ങര്‍ ആ‍ഴ്സണലിന് മാത്രമല്ല കാല്‍പന്ത് ലോകത്തിന് തന്നെ പ്രീയപ്പെട്ട പരിശീലകനാണ്.

ആ‍ഴ്സണലിന്‍റെ മത്സരങ്ങളുടെ ആവേശം കൂടിയാണ് വെങ്ങര്‍. 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ‍ഴ്സന്‍ വെങ്ങര്‍ ആ‍ഴ്സണലിന്‍റെ പടി കയറിയത്. ഇപ്പോ‍ഴിതാ ആ പടി താന്‍ ഇറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ആഴ്‌സണലിനോട് വിടപറയുമെന്നാണ് ഇതിഹാസ പരിശീലകന്‍ പറഞ്ഞത്. കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് വെങര്‍ ആ‍ഴ്സണലിനെ കൈവിടുന്നത്.ഇത്രയും കാലം ടീമിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആഴ്‌സണലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വെങ്ങര്‍ വ്യക്തമാക്കി.

ലീഗിലെ പ്രതാപശാലികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ചെല്‍സിയെയും വീ‍ഴ്ത്തി  97 -98 സീസണില്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടതോടെയാണ് വെങ്ങര്‍ സൂപ്പര്‍ പരിശീലകനായത്. 2003-04 വര്‍ഷത്തിലാകട്ടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു കളി പോലും തോല്‍ക്കാതെ ആഴ്‌സണല്‍ ചാമ്പ്യന്‍മാരായി.

3 പ്രീമിയര്‍ ലീഗ് കിരീടവും 10 എഫ്എ കപ്പും ആ‍ഴ്സണലിന്‍റെ അലമാരയിലെത്തിച്ചതും വെങ്ങറുടെ കൂടി നേട്ടമാണ്. 2006 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് മുന്നില്‍ അടിതെറ്റിയില്ലായിരുന്നെങ്കില്‍ ആ‍ഴ്സണല്‍ ചരിത്രം തിരുത്തുമായിരുന്നു.

ഇനി എങ്ങോട്ടാണെന്ന കാര്യത്തില്‍ വെങ്ങര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂറോപ്പിലെ മറ്റേതെങ്കിലും ടീമിന്‍റെ പരിശീലകനാകുമോ അതോ വിശ്രമജീവിതം തെരഞ്ഞെടുക്കുമോയെന്നറിയാന്‍ ആരാധകര്‍ക്ക് ആകാംഷയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here