ബിജെപി ഭരണത്തെ താഴെയിറക്കുന്നതിനുള്ള കർമപരിപാടികൾക്ക് ഊന്നൽ നൽകും; കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ല; രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു

മുഹമ്മദ് അമീൻ നഗർ (ഹൈദരാബാദ്) > ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി ഭരണത്തെ താഴെയിറക്കുന്നതിനുള്ള കർമപരിപാടികൾക്ക് ഊന്നൽ നൽകുന്ന രാഷ്ട്രീയപ്രമേയം 22‐ാം പാർടി കോൺഗ്രസ് അംഗീകരിച്ചു.

കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യവും ഇല്ലാതെയാണ് ഇത് നിർവഹിക്കേണ്ടതെന്ന് സ്റ്റിയറിങ് കമ്മിറ്റി അവതരിപ്പിച്ച ഭേദഗതിയോടെയാണ് പ്രമേയം അംഗീകരിച്ചത്.

രാജ്യത്താകെ സിപിഐ എമ്മിന്റെ ബഹുജന സ്വാധീനശക്തി വർധിപ്പിക്കാനും ജനപക്ഷബദൽ പടുത്തുയർത്താനും ജനകീയവിഷയങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കാനും അടുത്ത മൂന്നുവർഷത്തേക്കുള്ള അടവുനയ രേഖയാണ് വെള്ളിയാഴ്ച രാത്രിയോടെ പാർടി കോൺഗ്രസ് അംഗീകരിച്ചത്.

ബിജെപി ഉയർത്തുന്ന വർഗീയതയെയും ഏകാധിപത്യത്തെയും ചെറുക്കാൻ പൊരുതുക, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം ഊർജിതമാക്കാൻ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുക, ഇടത് ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ ഇടത് ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്നിവ പ്രധാന കടമയായി പ്രമേയം കാണുന്നു.

ഉൾപ്പാർടി ജനാധിപത്യത്തിന്റെയും കേന്ദ്രീകൃത ജനാധിപത്യത്തിന്റെയും ഉദാത്തമായ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ദീർഘവും വിപുലവുമായ ചർച്ചയ്ക്കുശേഷം രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപമായത്.

കരടുപ്രമേയത്തിലെ പാരഗ്രാഫ് 2.115ലെ രണ്ടാംവകുപ്പ് നീക്കുകയും മൂന്നാംവകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തു. ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഇല്ലെന്ന വകുപ്പ് മാറ്റിയാണ് കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന വകുപ്പ് ഉൾപ്പെടുത്തിയത്.

പാർലമെന്റിനകത്ത് യോജിപ്പുള്ള വിഷയങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർടികളുമായി സഹകരിക്കും. പാർലമെന്റിന് പുറത്ത് വർഗീയതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളുമായി വിശാലാടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കണം.

കോൺഗ്രസിനും മറ്റു ബൂർഷ്വാ പാർടികൾക്കും ഒപ്പം നിൽക്കുന്നവരെക്കൂടി അടുപ്പിക്കുംവിധം വർഗ‐ബഹുജന സംഘടനകളുടെ യോജിച്ച മുന്നേറ്റം ശക്തിപ്പെടുത്തണമെന്നും പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയരേഖയിൽ ആഹ്വാനം ചെയ്യുന്നു.

ഭേദഗതി റിപ്പോർട്ടോടുകൂടിയ കരട് രാഷ്ട്രീയപ്രമേയം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് ഉദ്ഘാടനദിവസം പാർടി കോൺഗ്രസിൽ അവതരിപ്പിച്ചത്. പ്രമേയം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിച്ചു.

തുടർന്ന് രണ്ടുദിവസമായി കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ നടന്ന ചർച്ച വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പൂർത്തിയായത്. കേരളത്തിൽനിന്ന് പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ് എന്നിവർ ഉൾപ്പെടെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നുമായി 47 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

ഉച്ചയ്ക്കുശേഷം പാർടി കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായ പൊളിറ്റ്ബ്യൂറോ ചേർന്നു. പ്രതിനിധികളുടെ ചർച്ചയുടെ മിനിട്സും പ്രതിനിധികളിൽനിന്ന് രേഖാമൂലം ലഭിച്ച 363 ഭേദഗതികളും പരിശോധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here