പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്ത്യന്‍ എംബസി; കുവൈറ്റിലെ നഴ്സിങ്‌ റിക്രൂട്ട്‌മന്റ്‌ പ്രശ്നത്തിൽ‌ എംബസി ഇടപെടും

നഴ്സിങ്‌ റിക്രൂട്ട്‌മന്റ്‌ തട്ടിപ്പിന്നിരയായവരുടെ പ്രശ്നത്തിൽ‌ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇടപെടുന്നു.
2015-16 വർഷങ്ങളിൽ വിവിധ ബാച്ചുകളിലായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം, നാട്ടിലെ വിവിധ ഏജൻസികൾ മുഖേനെ റിക്രൂട്ട്‌ ചെയ്ത്‌ കുവൈത്തിൽ എത്തി ജോലിയില്ലാതെ കഴിയുന്നവരുടെ വിവരങ്ങളാണു എംബസി ശേഖരിക്കുന്നത്‌.

കൊച്ചി, ദില്ലി , മുംബൈ , ബംഗളുരു , എന്നീ കേന്ദ്രങ്ങളിൽ നിന്നായി 2015 , 2016 കാലങ്ങളിൽ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നിരവധി നഴ്സുമാരെ റിക്രൂട്‌ ചെയ്ത്‌ കുവൈത്തിൽ എത്തിച്ചിരുന്നു. എന്നാൽ നിയമനത്തിൽ ഏജന്റുമാർ വൻ കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നും നിയമനത്തിന്‌ കുവൈറ്റ്‌ സർക്കാർ ബജറ്റിൽ തസ്തിക ഒരുക്കാതിരുന്നതും ഇവരുടെ നിയമനം മന്ത്രാലയം റദ്ദ് ചെയ്യുന്നതിൽ കലാശിക്കുകയായിരുന്നു.

ഇതോടെ നഴ്സുമാർ ജോലിയോ ശംബളവും ഇല്ലാതെ രണ്ടു വർഷമായി കുവൈത്തിൽ കുടുങ്ങി കഴിയുന്നത്‌. ഇങ്ങനെയുള്ളവരുടെ പേരു വിവരങ്ങളാണു എംബസി ഇപ്പോൾ ശെഖരിക്കാൻ ഒരുങ്ങുന്നത്‌. നിലവിൽ 58 പേർ മാത്രമാണു എംബസിയിൽ പരാതി നൽകിയിരിക്കുന്നത്‌.

എന്നാൽ ഇതിലും എത്രയോ പേർ ഇത്തരത്തിൽ കുടുങ്ങി കഴിയുന്നതായാണു വിവരം. നാട്ടിൽ പണം നൽകിയ ഏജന്റുമാരുടെ വാക്കുകൾ അനുസരിച്ചാണു പലരും ഇപ്പോഴും പ്രവർത്തിക്കുന്നത്‌. ഇതിനാലാണു എംബസിയിൽ പരാതി നൽകാൻ ഇവർ വിമുഖത കാട്ടുന്നതെന്നും കരുതുന്നു.

ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ കുവൈത്ത്‌ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹുമായി കഴിഞ്ഞ ദിവസം ഇത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എംബസി ഇപ്പോൾ കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നത്‌.

ഇത്തരത്തിൽ കുടുങ്ങി കഴിയുന്ന മുഴുവൻ നഴ്സുമാരും എംബസിയിലെ തൊഴിൽ വിഭാഗത്തിൽ ഉടൻ തന്നെ പേരു വിവരങ്ങൾ നൽകണമെന്നും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്‌. ആരോഗ്യ മന്ത്രാലയവുമായുള്ള തുടർ ചർച്ചയിൽ മുഴുവൻ പേരുടെയും പട്ടിക സമർപ്പിക്കാൻ സാധിച്ചാൽ പ്രശ്ന പരിഹാരത്തിനു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here