‘പോക്സോ’ ഭേദഗതി ചെയ്യും; കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി നിഷ്ഠുരമായി കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവച്ച സാഹചര്യത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധിശിക്ഷ ഉറപ്പാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ മുഖേന സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വനിതാശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

നിഷ്ഠുരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മന്ത്രാലയത്തിന് കടുത്ത ആശങ്കയുണ്ടെന്നും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടി.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

കഴിഞ്ഞതവണ കേസില്‍ വാദംകേള്‍ക്കവേ വധശിക്ഷ എല്ലാത്തിനുമുള്ള പരിഹാരമാര്‍ഗമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, കഠ്‌വസംഭവത്തെതുടര്‍ന്ന് രാജ്യവ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ 28 വയസ്സുകാരനായ ബന്ധു പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ പോക്‌സോ നിയമപ്രകാരം അന്വേഷണവും വിചാരണയും പരാതി രജിസ്റ്റര്‍ ചെയ്ത് ആറ‌് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന രീതിയില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

പോക്‌സോ നിയമപ്രകാരമുള്ള എത്ര കേസുകളുടെ വിചാരണ മുടങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് സുപ്രീംകോടതിക്ക് കൈമാറാന്‍ എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറല്‍മാരോട് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാര്‍ച്ച് 12ന് നിര്‍ദേശം നല്‍കി.

പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകളില്‍ ഭൂരിഭാഗത്തിന്റെയും അന്വേഷണവും വിചാരണയും പലഘട്ടങ്ങളില്‍ മുടങ്ങിക്കിടക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here