കത്വ പീഡനം; ക്ഷേത്രത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെ; നിര്‍ണായകമായ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കത്വ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചു. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് വ്യക്തമായതായി ഫോറന്‍സിക് റിപ്പോര്‍ട്ട്.

പതിനാല് തെളിവുകളാണ് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ അവശേഷിച്ചിരുന്നുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആ രക്തക്കറ പ്രതികളില്‍ ഒരാളുടേത് എന്ന് പരിശോധയില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചതോടെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറായ മുഖ്യ ആസൂത്രകന്‍ സഞ്ജി റാം തങ്ങള്‍ നിരപരാധികളാണെന്നും അതുകൊണ്ടുതന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതിയിവല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ പ്രതികള്‍ കുറ്റകാരാണെന്ന് തെളിയിക്കുകയാണ്. കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News