പാര്‍ട്ടി കോണ്‍ഗ്രസ്; ചരിത്രപഥങ്ങളിലൂടെ

പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം; ദേശാഭിമാനി ഒരുക്കിയ കാ‍ഴ്ച

ഒന്നാം പാര്‍ടി കോണ്‍ഗ്രസ് : 1943 മുംബൈ

സ്വാതന്ത്ര്യത്തിനുമുമ്പ് നടന്ന ഏക പാര്‍ടി കോണ്‍ഗ്രസാണ് ഇത്. മുംബൈയിലെ കാംഗര്‍ മൈതാനത്തിനടുത്തുള്ള ആര്‍ എം ഭട്ട് സ്കൂള്‍ ഹാളിലാണ് സമ്മേളനം നടന്നത്. പി സി ജോഷിയാണ് ഒമ്പത് മണിക്കൂര്‍ നിണ്ടുനിന്ന രാഷ്ട്രീയപ്രമേയം അവതരിപ്പിചത്.

ജപ്പാന്റെ ആക്രമണവും കീഴടക്കലും വളര്‍ന്നുവരുന്നതും രാജ്യത്ത് ഉയര്‍ന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങളും വലിയ വിപത്താണ് വരുത്തുന്നത് എന്ന കാര്യം ഈ റിപ്പോര്‍ട്ടിനകത്ത് പറയുകയുണ്ടായി. രാഷ്ട്രീയപ്രശ്നങ്ങളും ഭക്ഷ്യപ്രശ്നവും പ്രധാനപ്പെട്ട ഒന്നായി ഉയര്‍ന്നുവരികയുണ്ടായി. സാമ്രാജ്യത്വനയങ്ങള്‍ സാമ്പത്തികരംഗത്ത് നടപ്പാക്കപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ഉണ്ടാകുന്നതെന്നും ഇതില്‍ ഓര്‍മിപ്പിക്കുകയുണ്ടായി.

1942 ക്വിറ്റ്ഇന്ത്യാ സമരത്തിനുശേഷവും രണ്ടാംലോകമഹായുദ്ധം കഴിഞ്ഞ സാഹചര്യത്തിലും ആണ് ഈ സമ്മേളനം ചേര്‍ന്നിരുന്നത്. ഒരുവശത്ത് സോവിയറ്റ് യൂണിയനും ചൈനയും അടക്കമുള്ള ഫാസിസ്റ്റ്വിരുദ്ധ മേല്‍ക്കോയ്മകളോടുള്ള അനുഭാവവും മറുവശത്ത് ഇന്ത്യന്‍ ജനതയെ അടിച്ചമര്‍ത്തുകയും ദേശീയസ്വാതന്ത്ര്യമെന്ന ഇന്ത്യയുടെ ആവശ്യം നിഷേധിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള രോഷവും ഇവ രണ്ടിനോടും എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്നം ഈ കാലഘട്ടത്തിലുണ്ടായി.

1943ലെ പാര്‍ടി കോണ്‍ഗ്രസിനുമുമ്പ് സംസ്ഥാനസമ്മേളനങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത പ്രതിനിധികളായിരുന്നു ബോംബെ സമ്മേളനത്തില്‍ പങ്കെടുത്തത്. ഉള്‍പാര്‍ടി ജനാധിപത്യത്തിന്റേതായ ഔപചാരികത്വം ഈ സമ്മേളനത്തില്‍ ഉണ്ടായിരുന്നു.

കേന്ദ്രകമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി പി സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട്, ജനകീയയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളിരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കേണ്ട സമീപനം സംബന്ധിച്ച് പൊളിറ്റ്ബ്യൂറോ മെമ്പര്‍ രണദിവെ അവതരിപ്പിച്ച ട്രേഡ്യൂണിയന്‍ റിപ്പോര്‍ട്ട് മുതലായവ സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു. അതിനുശേഷം പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പി സി ജോഷിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
രണ്ടാം പാർടി കോണ്‍ഗ്രസ് : 1948 കൊല്‍ക്കത്ത

രണ്ടാംപാര്‍ടി കോണ്‍ഗ്രസ് 1948 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ കൊല്‍ക്കത്തയില്‍വച്ചാണ് നടന്നത്. ഈ സമ്മേളനത്തില്‍ മൂന്നുരേഖകളാണ് അവതരിപ്പിക്കപ്പെട്ടത്. ബി ടി രണദിവെ കരട് രാഷ്ട്രീയപ്രമേയവും അഞ്ചുവര്‍ഷത്തെ പാര്‍ടി നയങ്ങളെ സംബന്ധിച്ച് സ്വയം വിമര്‍ശനപരമായി വിലയിരുത്തുന്ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഭവാനി സെന്‍ പാകിസ്ഥാനെപ്പറ്റിയുള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഫാസിസ്റ്റ് പരാജയത്തെത്തുടര്‍ന്ന് അധ്വാനിക്കുന്നവര്‍ക്കും വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും അനുകൂലമായ സാഹചര്യം രൂപപ്പെട്ടതായി ഇത് വിലയിരുത്തി. സാമ്രാജ്യത്വശക്തികള്‍ ക്ഷീണിക്കുകയും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ശക്തിപ്പെട്ട് വന്നതായും ഇതില്‍ വ്യക്തമാക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍ പരിഷ്കരണനയവുമായി ബന്ധപ്പെട്ട ചര്‍ച്ച ഉയര്‍ന്നുവരികയുണ്ടായി. പ്രധാനമായും രണ്ട് വ്യതിയാനങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരുന്നത്. സാമ്രാജ്യത്വശക്തികള്‍ക്കെതിരായ പാര്‍ടിയുടെ പോരാട്ടം നിര്‍ജീവമായതും സാമ്രാജ്യത്വ മുതലാളിത്ത കൂട്ടുകെട്ടിലെ നേതാക്കന്മാരെ തുറന്നുകാട്ടി എതിര്‍ക്കുന്നതിനുപകരം അവരെ പിന്തുണച്ചു എന്ന പ്രശ്നവും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇതുമൂലം യുദ്ധാനന്തരം ഉയര്‍ന്നുവന്ന വിപ്ലവമുന്നേറ്റങ്ങളെ കാണാന്‍ കഴിഞ്ഞില്ലെന്നും അത് വിലയിരുത്തി. പാകിസ്ഥാനെയും ഇന്ത്യയെയും ശത്രുക്കളാക്കിനിര്‍ത്തി കൂടുതല്‍ ഇടപെടാനുള്ള സാമ്രാജ്യത്വതന്ത്രങ്ങളെ തിരിച്ചറിയണമെന്ന കാര്യവും അവതരിപ്പിക്കപ്പെട്ടു. പരിഷ്കരണ നയവ്യതിയാനത്തെ സംബന്ധിച്ച് വിശദമായ വിശകലനം തയ്യാറാക്കുന്നതിന് പുതിയ സിസിയെ ചുമതലപ്പെടുത്തുകയുംചെയ്തു. ബി ടി ആറിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

സ്വാതന്ത്ര്യലബ്ധിയോടുകൂടി ഭരണവര്‍ഗമായി മാറിയ ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ അധികാരഭ്രഷ്ടമാക്കാതെ തൊഴിലാളിവര്‍ഗത്തിനും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും രക്ഷയില്ല. ഭരണവര്‍ഗത്തെ അധികാരഭ്രഷ്ടമാക്കാനാകട്ടെ ജനങ്ങള്‍ ആയുധമെടുത്ത് പോരാടുകയും വേണം. ഈ സായുധസമരത്തിന്റെ മുന്നോടിയാണ് തെലങ്കാന പ്രദേശത്ത് അന്ന് നടന്നുകൊണ്ടിരിക്കുന്ന സമരമെന്നും വിലയിരുത്തപ്പെട്ടു.

ഇതിന്റെ പശ്ചാത്തലത്തില്‍ സൈദ്ധാന്തികമായ ശരിയുടെയും തെറ്റിന്റെയും പ്രശ്നം ഉയര്‍ന്നുവന്നു. ഇന്ത്യന്‍ വിപ്ലവത്തിന്റെ മാര്‍ഗം സമാധാനപരമായിരിക്കുമോ അതോ ആയുധമേന്തിയ സംഘട്ടനത്തിന്റേതോ. ആയുധമേന്തിയ സംഘട്ടനമാണെങ്കില്‍ റഷ്യയില്‍ നടന്നതുപോലെ നഗരപ്രദേശങ്ങളിലെ തൊഴിലാളികളുടെ കലാപമാണോ അതോ ചൈനയിലേതുപോലെ നാട്ടിന്‍പുറങ്ങളിലെ ദരിദ്രജനവിഭാഗങ്ങളുടെ സായുധ ഗറില്ലാ സമരമാണോ. ഈ വക ചോദ്യങ്ങള്‍ പിന്നീട് നടന്ന ഉള്‍പാര്‍ടി ചര്‍ച്ചകളില്‍ സജീവമാക്കുന്നതിന് ഈ പാര്‍ടി കോണ്‍ഗ്രസ് അടിസ്ഥാനമായി.

പ്രത്യേക പാര്‍ടി കോണ്‍ഗ്രസ് : 1951 കൊല്‍ക്കത്ത

1951ല്‍ കൊല്‍ക്കത്തയില്‍വച്ച് ഒക്ടോബര്‍ മാസം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യേക പാര്‍ടി കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തു. ഈ സമ്മേളനമാകുമ്പോഴേക്കും പാര്‍ടിക്കകത്ത് ഉള്‍പ്പാര്‍ടി സമരം മൂര്‍ച്ഛിച്ചുവരികയുണ്ടായി. തുടര്‍ന്ന് നയപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ബാസവപുന്നയ്യ, രാജേശ്വരറാവു, എസ് കെ ഡാങ്കെ, അജയ്ഘോഷ് എന്നീ നാല് സഖാക്കളെ റഷ്യയിലേക്ക് അയച്ചു. ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യം വിലയിരുത്തി വിപ്ലവപരിപാടി തയ്യാറാക്കിയാല്‍മതിയെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു. എന്നാല്‍, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം എന്നിവയില്‍നിന്നെല്ലാം പാഠമുള്‍ക്കൊള്ളണം. അതനുസരിച്ചാണ് പാര്‍ടി പരിപാടിക്കും 1951ലെ നയപ്രഖ്യാപന രേഖയ്ക്കും രൂപംനല്‍കിയത്. 1964ല്‍ സിപിഐ എം നയപ്രഖ്യാപനരേഖയില്‍ ഉറച്ചുനിന്നു. ഈ പ്രത്യേക പാര്‍ടി കോണ്‍ഗ്രസില്‍വച്ചാണ് പാര്‍ടി പരിപാടിയും നയരേഖയും അംഗീകരിക്കപ്പെടുന്നത്.

കേന്ദ്രകമ്മിറ്റിയുടെ വിശാല പ്ലീനം : 1952 കൊല്‍ക്കത്ത

1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി പത്തുവരെ കൊല്‍ക്കത്തയില്‍ വച്ച് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയുടെ വിശാല പ്ലീനം ചേര്‍ന്നു. പാര്‍ടിയുടെ സംഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ചാണ് ഇത് പ്രധാനമായും ചര്‍ച്ചചെയ്തത്. ആരോഗ്യകരമായ ഉള്‍പാര്‍ടി ചര്‍ച്ചകളിലൂടെ പാര്‍ടിയെ ഐക്യപ്പെടുത്തുകയും ശക്തമാക്കുകയുമാണ് വേണ്ടത് എന്ന നിര്‍ദേശം ഉണ്ടായി. പാര്‍ടി അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി രേഖപ്പെടുത്തരുത് എന്നും അത് ഓര്‍മിപ്പിച്ചു. ബന്ധപ്പെട്ട വേദികളില്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നേതൃത്വം ചെവികൊടുക്കുകയും അവ പരിശോധിച്ച് സ്വീകരിക്കേണ്ടവ സ്വീകരിക്കേണ്ടതുണ്ട് എന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. പാര്‍ടി കോണ്‍ഗ്രസ് അവതരിപ്പിക്കപ്പെട്ട പാര്‍ടി ഭരണഘടനയ്ക്കുള്ള ഭേദഗതികള്‍ തയ്യാറാക്കുന്നതിന് സഖാക്കള്‍ ഇ എം എസ്, റാനെന്‍ സെന്‍, പി രാമമൂര്‍ത്തി എന്നിവരെ ചുമതലപ്പെടുത്തി.
മൂന്നാം പാര്‍ടി കോണ്‍ഗ്രസ് : 1953 മധുര

1953 ഡിസംബര്‍ 27 മുതല്‍ 1954 ജനുവരി നാലുവരെയാണ് മധുരയില്‍ പാര്‍ടി കോണ്‍ഗ്രസ് നടന്നത്. 1951ല്‍ ഏപ്രിലില്‍ പൊളിറ്റ്ബ്യൂറോ അംഗീകരിച്ച കരട് പരിപാടി ഈ കോണ്‍ഗ്രസില്‍വച്ച് അംഗീകരിച്ചു. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് പാര്‍ടിയുടെ മൂന്നാം കോണ്‍ഗ്രസ് ചേര്‍ന്നത്. കോണ്‍ഗ്രസില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയം സാര്‍വദേശീയ രംഗത്തെ സ്ഥിതിഗതികളെ വിലയിരുത്തി. കൊറിയയിലെ യുദ്ധവിരാമകരാര്‍ സോഷ്യലിസ്റ്റ് ചേരികളുടെ വിജയവും സാമ്രാജ്യത്വശക്തികള്‍ക്ക് തിരിച്ചടിയും നല്‍കുന്നതാണ് എന്ന കാര്യം അതില്‍ വ്യക്തമാക്കി. ഭൂപരിഷ്കരണം നടപ്പാക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരായും ഉള്ള നിലപാട് ഈ കോണ്‍ഗ്രസില്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. പാര്‍ടി പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ യോജിപ്പിന്റേതായ ഒരുതലം പൊതുവില്‍ ഈ സമ്മേളനത്തില്‍ ഉണ്ടായിരുന്നു. അത് ഏറെ നീണ്ടുനിന്നില്ലെങ്കിലും ഭരണഘടനാഭേദഗതി ഇ എം എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും അവ അംഗീകരിക്കുകയും ഉണ്ടായി. അജയ്കുമാര്‍ ഘോഷിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
നാലാം പാർടി കോണ്‍ഗ്രസ് : 1956 പാലക്കാട്

1956 ഏപ്രില്‍ 19 മുതല്‍ 29 വരെ പാലക്കാട്ട് വച്ചാണ് പാര്‍ടിയുടെ നാലാം കോണ്‍ഗ്രസ് നടന്നത്. സിപിഎസ്യുവിന്റെ 20ാം കോണ്‍ഗ്രസ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലാണ് ഈ കോണ്‍ഗ്രസ് ചേര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പാര്‍ടിയോടും അതിന്റെ ഗവണ്‍മെന്റിനോടും കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കേണ്ട സമീപനമെന്ത് എന്നത് വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. ഇക്കാര്യത്തില്‍ വലിയ അഭിപ്രായഭിന്നതയുണ്ടായി.

കോണ്‍ഗ്രസ് ഗവണ്‍മെന്റിനെതിരായി ബഹുജനങ്ങളെ അണിനിരത്തി പോരാട്ടം ശക്തിപ്പെടുത്തണം എന്ന അഭിപ്രായഗതി ഒരുഭാഗത്ത് ഉയര്‍ന്നുവന്നു. അതല്ല, കോണ്‍ഗ്രസുമായി ഐക്യവേദിയുണ്ടാക്കി ഇരുകക്ഷികള്‍ക്കും പങ്കുള്ള കൂട്ടുകക്ഷി ഗവണ്‍മെന്റ് രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ വേണം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കാനെന്നുള്ള മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ നയങ്ങളുമായി പോരടിക്കണം എന്ന ഔദ്യോഗികപ്രമേയം പാര്‍ടി കോണ്‍ഗ്രസ് ഐകകണ്ഠ്യേന അംഗീകരിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ കൂടെ അടിയന്തര പരിപാടിയെന്ന അനുബന്ധംകൂടി അവതരിപ്പിച്ചു.

ഉള്‍പാര്‍ടി സ്ഥിതി സംബന്ധിച്ച് പൊളിറ്റ്ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. സിപിഎസ്യുവിന്റെ 20ാം കോണ്‍ഗ്രസില്‍ പങ്കെടുത്ത അജയ്ഘോഷ് അതിനെപ്പറ്റി വളരെ വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അജയകുമാര്‍ ഘോഷിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
അഞ്ചാം പാർടി കോണ്‍ഗ്രസ് : 1958 അമൃത്‌സര്‍

1958 ഏപ്രില്‍ ആറുമുതല്‍ 13 വരെയാണ് ഈ പാര്‍ടികോണ്‍ഗ്രസ് നടന്നത്. 1952ലെ പൊതുതെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കുന്ന ശക്തിയായി പാര്‍ടി മാറിയിരുന്നു. അന്നുതൊട്ട് പാര്‍ടിയുടെ അടിസ്ഥാനയങ്ങളില്‍ മൗലികമായ മാറ്റംവരുത്തിയതായി ചില പ്രചാരണങ്ങള്‍ നടന്നു. വിപ്ലവത്തിന്റെ പാതവിട്ട് സമാധാനപരമായ പരിവര്‍ത്തനത്തിന്റെ പാതയിലൂടെ പാര്‍ടി മുന്നേറാന്‍ പോകുന്നു എന്ന തീരുമാനം പാര്‍ടി എടുത്തതായാണ് പ്രചാരണം. സോവിയറ്റ് പാര്‍ടിയുടെ 20ാം കോണ്‍ഗ്രസിനുമുമ്പും കോണ്‍ഗ്രസിലും നടന്ന ചര്‍ച്ച ഇത്തരത്തിലുള്ള ധാരണകളെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലായിരുന്നു. എന്നാല്‍, കേരളത്തിലെ തെരഞ്ഞെടുപ്പും അത് നേടിയ വിജയത്തെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ രൂപീകരണവും, ഗവണ്‍മെന്റിനെതിരായി കേരളത്തിലും അഖിലേന്ത്യാതലത്തിലും കോണ്‍ഗ്രസ് അഴിച്ചുവിട്ട രൂക്ഷമായ ആക്രമണം എന്നിവയുടെ മുന്നില്‍ വിയോജിപ്പുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല.

എന്നാല്‍, വിയോജിപ്പുണ്ടായിരുന്ന കാര്യങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുകയും അന്യോന്യ ധാരണയില്‍ എത്തുന്നതിനുമുള്ള ശ്രമം പാര്‍ടി നടത്തുകയുണ്ടായി. ഈ പരിശ്രമത്തിന്റെ ഫലമായിരുന്നു 1958ല്‍ ചേര്‍ന്ന അമൃത്സറിലെ അഞ്ചാം പാര്‍ടി കോണ്‍ഗ്രസ്. അതില്‍ അംഗീകരിച്ച പ്രമേയം ഭരണഘടനാഭേദഗതി ഭരണഘടനയ്ക്ക് പുതുതായി ചേര്‍ത്ത ആമുഖം എന്നിവ പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് വഴികാട്ടിയായിത്തീര്‍ന്നു.

1951ലെ നയപ്രഖ്യാപനരേഖ അംഗീകരിച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററിയും പാര്‍ലമെന്റിതരവുമായ സമരം സംഘടിപ്പിക്കണമെന്ന ധാരണയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കപ്പെട്ടു.

സംഘടനാപരമായ കാഴ്ചപ്പാടില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ അന്ന് വരുത്തി. സെല്‍ എന്നതുമാറ്റി പകരം ബ്രാഞ്ച് എന്ന നില കൊണ്ടുവന്നു. കേന്ദ്രസംഘടന എന്ന നിലയ്ക്ക് സെന്‍ട്രല്‍ കമ്മിറ്റി, പൊളിറ്റ്ബ്യൂറോ എന്ന രണ്ടു തട്ടുകള്‍ക്കുപകരം നാഷണല്‍ കൗണ്‍സില്‍, സെന്‍ട്രല്‍ എക്സിക്യൂട്ടീവ്, സെക്രട്ടറിയറ്റ് എന്നീ മൂന്ന് തട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനജില്ലാതലങ്ങളിലും ഇതിന് സമാന്തരമായ മാറ്റംവരുത്തി. അജയ്കുമാര്‍ ഘോഷിനെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ആറാം പാർടി കോണ്‍ഗ്രസ് : 1961 വിജയവാഡ

പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് 1961 ഏപ്രില്‍ ഏഴുമുതല്‍ 16 വരെ വിജയവാഡയിലെ ലുമുംബ നഗറിലാണ് നടന്നത്. ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നേരത്തെയുള്ള പാര്‍ടികോണ്‍ഗ്രസുകളില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസുമായി ഐക്യമുന്നണി എന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്ക് സോവിയറ്റ് പാര്‍ടിയുടെയും അതിനെ എതിര്‍ക്കുന്നവര്‍ക്ക് ചൈനീസ് പാര്‍ടിയുടെയും നിലപാടുകള്‍ സഹായകമായി. ഈ പശ്ചാത്തലത്തിലാണ് ആറാം പാര്‍ടികോണ്‍ഗ്രസ് ചേര്‍ന്നത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയ രണ്ട് കമീഷനുകള്‍ക്കും പൊതു യോജിപ്പിലെത്താന്‍ കഴിയാത്തതുമൂലം രണ്ട് രാഷ്ട്രീയ പ്രമേയങ്ങളും രണ്ട് രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. മാത്രമല്ല, ഇതില്‍നിന്ന് വ്യത്യസ്തമായി ഇ എം എസ് തയ്യാറാക്കിയ മൂന്നാംരേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പ്രസംഗം ആ കോണ്‍ഗ്രസ് അംഗീകരിച്ച റിപ്പോര്‍ട്ടിലെ അവസാനഭാഗത്തെ അടവുനയം എന്ന ഭാഗംകൂടി നാഷണല്‍ കൗണ്‍സിലിന്റെ രാഷ്ട്രീയപ്രമേയത്തില്‍ ഉള്‍പ്പെടുത്തി അതിനെ ദേശീയനയമായി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ഈ കൂട്ടിച്ചേര്‍ക്കലോടെയാണ് പ്രമേയം അംഗീകരിച്ചത്. ഈ തീരുമാനങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തല്‍ വരുത്തുന്നതിന് അജയ്ഘോഷിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അജയ്ഘോഷിനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

നൂറ് അംഗങ്ങളുള്ള കൗണ്‍സില്‍, 25 പേരുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി, ഒമ്പതുപേരുള്ള സെക്രട്ടറിയറ്റ് എന്ന നിലയിലാണ് അമൃത്സറില്‍ ചേര്‍ന്ന അഞ്ചാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ചത്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിക്കാനായില്ല. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിച്ചു.
തെന്നാലി കണ്‍വന്‍ഷന്‍ 1964

പാര്‍ടിയിലെ സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഭൂപേശ് ഗുപ്ത ഒഴിച്ച് മറ്റെല്ലാവരും വലതുപക്ഷ നേതൃത്വത്തിനെതിരായി പോരാടുന്ന ഒരു അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍പെട്ട തെന്നാലി നഗരമായിരുന്നു കണ്‍വന്‍ഷനുവേണ്ടി തെരഞ്ഞെടുത്തത്. യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൃഷ്ടിക്കായി നമുക്ക് പ്രതിജ്ഞയെടുക്കാം എന്ന ആഹ്വാനത്തോടെ പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ മുസാഫര്‍ അഹമ്മദ് പതാക ഉയര്‍ത്തിയതോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. 146 അംഗങ്ങളാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്.

അതിലെ ചര്‍ച്ചകളുടെ പരിണാമം എന്ന നിലയ്ക്ക് വലതുപക്ഷ വിഭാഗത്തിനെതിരായി പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റുകാരുടേതായ ഒരു പുതിയ സംഘടന ഉണ്ടാക്കാനും അതാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ടിയെന്നും പ്രഖ്യാപിക്കാനും തീരുമാനമെടുത്തു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏഴാം കോണ്‍ഗ്രസ് എന്ന നിലയില്‍ കോണ്‍ഗ്രസ് നടത്തുക. അതിന്റെമുന്നോടി എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാസമ്മേളനങള്‍ നടത്തുക, ഏഴാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുക മുതലായ ജോലികള്‍ ചെയ്യുന്നതിന് ഒരു താല്‍ക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുംചെയ്തു. അവര്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു. 7ാം പാര്‍ടികോണ്‍ഗ്രസ് എന്ന നിലയില്‍ ഒക്ടോബര്‍ അവസാനത്തിലും നവംബര്‍ ആദ്യവുമായി കൊല്‍ക്കത്തയില്‍ സമ്മേളനം നടത്താനും തീരുമാനിച്ചു.

ഏഴാം കോണ്‍ഗ്രസ്  തെരഞ്ഞെടുത്ത പി ബി ഏഴാം കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പി ബി

ഏഴാം പാർടി കോണ്‍ഗ്രസ് : 1964 കൊല്‍ക്കത്ത

പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യുന്നതിനുള്ള പ്രധാന രേഖ എന്ന നിലയ്ക്ക് പാര്‍ടി പരിപാടിയുടെ കരട് രൂപം അച്ചടിച്ച് വിതരണംചെയ്തിരുന്നു. റിവിഷനിസത്തിനെതിരായ സമരമെന്ന തലക്കെട്ടില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് നടന്ന ആശയപരവും സംഘടനാപരവുമായ രൂക്ഷസമരത്തെ അവലോകനംചെയ്ത് അതില്‍നിന്ന് പാര്‍ടി ചെന്നെത്തേണ്ട നിഗമനങ്ങള്‍ ചുരുക്കി വിവരിക്കുന്ന രേഖയായിരുന്നു അത്. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമെന്ന നിലയില്‍ തീവ്രവാദത്തിനെതിരായി പോരാടുന്നതിന്റെ ആവശ്യകതയും ആ പോരാട്ടത്തിന്റെ വിശദരൂപങ്ങള്‍ എന്നിവയും അതില്‍ വിവരിച്ചിരുന്നു.

ആറാം പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ വച്ച് പാര്‍ടിയുടെ ഏഴാം കോണ്‍ഗ്രസ് ചേര്‍ന്നു. ഈ കോണ്‍ഗ്രസില്‍ വച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റ്) എന്ന പേര് പാര്‍ടിക്ക് നല്‍കപ്പെട്ടത്. പാര്‍ടി പരിപാടി അംഗീകരിച്ചതും ഈ കോണ്‍ഗ്രസില്‍ വച്ചാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന തിരുത്തല്‍വാദത്തിനും വര്‍ഗ സഹകരണത്തിനുമെതിരായുള്ള പോരാട്ടത്തിന് അന്ത്യംകുറിക്കുന്നതിന് നേതൃപരമായ പങ്ക് നിര്‍വഹിച്ച കോണ്‍ഗ്രസ് എന്ന നിലയിലാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. വര്‍ത്തമാനസാഹചര്യങ്ങളില്‍ പാര്‍ടിയുടെ കര്‍ത്തവ്യങ്ങള്‍ എന്ന രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളെ മുഴുവനും വിലയിരുത്തന്നതാണ്. പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെ വിശകലനംചെയ്ത് യോജിപ്പിലെത്തുന്നതിനായി ഒരു പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് ഈ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിക്കുകയുണ്ടായി. പി സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി ടി ആര്‍, എം ബസവപുന്നയ്യ, ഇ എം എസ്, എ കെ ജി, പ്രമോദ് ദാസ്ഗുപ്ത, പി രാമമൂര്‍ത്തി, ഹര്‍ഷികന്‍സിങ് സുര്‍ജിത്, ജ്യോതിബസു എന്നിവരെ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുത്തു.

ബര്‍ദ്വാന്‍ പ്ലീനം
പ്രത്യയശാസ്ത്രരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഒരു കേന്ദ്ര പ്ലീനം 1968 ഏപ്രില്‍ 5 മുതല്‍ 12 വരെ പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍വച്ച് നടക്കുകയുണ്ടായി. 1964ല്‍ കൊല്‍ക്കത്തയില്‍വച്ച് പാര്‍ടി കോണ്‍ഗ്രസ് ചേരുകയും പാര്‍ടി പരിപാടി അഗീകരിക്കുകയും ചെയ്തു. എന്നാല്‍, സാര്‍വദേശീയ തലത്തിലുള്ള നിലപാടിനെ സംബന്ധിച്ച് യോജിച്ച അഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വേണ്ടി 1968ല്‍ ബര്‍ദ്വാനില്‍ ഒരു പ്ലീനം വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇവിടെ വച്ച് ഒരു പ്രത്യയശാസ്ത്രപ്രമേയവും അംഗീകരിക്കുകയുണ്ടായി. ഇവിടെ അവതരിപ്പിച്ച പ്രത്യയശാസ്ത്രരേഖ കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ച ചില ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ പങ്കെടുത്ത 198 പ്രതിനിധികളില്‍ 162 പേര്‍ അനുകൂലമായും 27 പേര്‍ എതിരായും 9 പേര്‍ നിഷ്പക്ഷമായും നിലപാടെടുത്തു. ഈ പ്ലീനത്തില്‍ നിന്ന് നാഗിറെഡ്ഡിയും കൂട്ടരും ഇറങ്ങിപ്പോയി. പിന്നീട് നക്സലായി മാറി. ഇടത് വലത് വ്യതിയാനങ്ങള്‍ക്കെതിരെ സിപിഐ എം വ്യക്തമായ ധാരണയോടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇതോടെയാണ്.

എട്ടാം പാർടി കോണ്‍ഗ്രസ് : 1968 ഡിസംബര്‍ 23‐29, കൊച്ചി

എട്ടാം കോണ്‍ഗ്രസ് റാലിയുടെ മുന്നില്‍ ഇഎംഎസ് ,സുന്ദരയ്യ ,എ കെ ജി എന്നിവര്‍എട്ടാം കോണ്‍ഗ്രസ് റാലിയുടെ മുന്നില്‍ ഇഎംഎസ് ,സുന്ദരയ്യ ,എ കെ ജി എന്നിവര്‍

കേന്ദ്ര കമ്മിറ്റി 28 അംഗങ്ങള്‍.

പോളിറ്റ്ബ്യൂറോ. 1. പി സുന്ദരയ്യ ജനറല്‍ സെക്രട്ടറി 2. എം ബസവപുന്നയ്യ 3. പി രാമമൂര്‍ത്തി 4. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 5. ജ്യോതിബസു 6. എകെജി 7. ഇഎംഎസ് 8. പ്രമോദ് ദാസ്ഗുപ്ത 9. ബി ടി രണദിവെ

ഒമ്പതാം പാർടി കോണ്‍ഗ്രസ് : 1972 ജൂണ്‍ 27‐ ജൂലായ് 2, മധുര

കേന്ദ്ര കമ്മിറ്റി 31 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ. 1. പി സുന്ദരയ്യ ജനറല്‍ സെക്രട്ടറി 2. എം ബസവപുന്നയ്യ 3. പി രാമമൂര്‍ത്തി 4. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 5. ജ്യോതിബസു 6. എകെജി 7. ഇഎംഎസ് 8. പ്രമോദ് ദാസ്ഗുപ്ത 9. ബി ടി രണദിവെ
പത്താം പാർടി കോണ്‍ഗ്രസ് : 1978 ഏപ്രില്‍ 2‐8, ജലന്ധർ

കേന്ദ്ര കമ്മിറ്റി 44 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ. 1. ഇഎംഎസ് ജനറല്‍ സെക്രട്ടറി 2. ബി ടി രണദിവെ 3. എം ബസവപുന്നയ്യ 4. പി സുന്ദരയ്യ 5. പി രാമമൂര്‍ത്തി 6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 7. സമര്‍മുഖര്‍ജി 8. എ ബാലസുബ്രഹ്മണ്യം 9. ഇ ബാലാനന്ദന്‍ 10. ജ്യോതിബസു 11. പ്രമോദ് ദാസ്ഗുപ്ത

ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് പതിനൊന്നാം കോണ്‍ഗ്രസില്‍

പതിനൊന്നാം പാർടി കോണ്‍ഗ്രസ് : 1982 ജനുവരി 26‐31, വിജയവാഡ

കേന്ദ്ര കമ്മിറ്റി 42 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ. 1. ഇഎംഎസ് ജനറല്‍ സെക്രട്ടറി 2. ബി ടി രണദിവെ 3. എം ബസവപുന്നയ്യ 4. പ്രമോദ് ദാസ്ഗുപ്ത 5. പി രാമമൂര്‍ത്തി 6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 7. സമര്‍മുഖര്‍ജി 8. ജ്യോതിബസു 9. ഇ ബാലാനന്ദന്‍
പന്ത്രണ്ടാം പാർടി കോണ്‍ഗ്രസ് : 1985 ഡിസംബര്‍ 24‐29, കല്‍ക്കത്ത

കേന്ദ്ര കമ്മിറ്റി 70 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ. 1. ഇഎംഎസ് ജനറല്‍ സെക്രട്ടറി 2. ബി ടി രണദിവെ 3. എം ബസവപുന്നയ്യ 4. നൃപന്‍ ചക്രവര്‍ത്തി 5. സരോജ് മുഖര്‍ജി 6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 7. സമര്‍മുഖര്‍ജി 8. ജ്യോതിബസു 9. ഇ ബാലാനന്ദന്‍ 10. വി. എസ് അച്യുതാനന്ദന്‍
പതിമൂന്നാം കോണ്‍ഗ്രസ് : 1988 ഡിസംബര്‍ 27‐ 1989 ജനുവരി 1, തിരുവനന്തപുരം

പതിമൂന്നാം കോണ്‍ഗ്രസില്‍ ഇഎംഎസും  പ്രകാശ് കാരാട്ടും പതിമൂന്നാം കോണ്‍ഗ്രസില്‍ ഇഎംഎസും പ്രകാശ് കാരാട്ടും

കേന്ദ്ര കമ്മിറ്റി 70 അംഗങ്ങള്‍.

 കേന്ദ്ര സെക്രട്ടറിയേറ്റ് 5 അംഗങ്ങള്‍.

 പോളിറ്റ്ബ്യൂറോ. 1. ഇഎംഎസ് ജനറല്‍ സെക്രട്ടറി 2. ബി ടി രണദിവെ 3. എം ബസവപുന്നയ്യ 4. നൃപന്‍ ചക്രവര്‍ത്തി 5. സരോജ് മുഖര്‍ജി 6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 7. സമര്‍മുഖര്‍ജി 8. ജ്യോതിബസു 9. ഇ ബാലാനന്ദന്‍ 10. വി. എസ് അച്യുതാനന്ദന്‍ 11. എ നല്ലശിവം 12. എല്‍ ബി ഗംഗാധരറാവു

പതിനാലാം പാർടി കോണ്‍ഗ്രസ്: 1992 ജനുവരി 3‐10, മദിരാശി

കേന്ദ്ര കമ്മിറ്റി 63 അംഗങ്ങള്‍.

 പോളിറ്റ്ബ്യൂറോ. 1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് ജനറല്‍ സെക്രട്ടറി 2. ഇഎംഎസ് 3. ഇ ബാലാനന്ദന്‍ 4. നൃപന്‍ ചക്രവര്‍ത്തി 5. ഇ കെ നായനാര്‍ 6. സീതാറാം യെച്ചൂരി 7. എസ് രാമചന്ദ്രന്‍ പിള്ള 8. ജ്യോതിബസു 9. ബിനോയ് കൃഷ്ണ ചൗധരി 10. വി. എസ് അച്യുതാനന്ദന്‍ 11. എ നല്ലശിവം 12. എല്‍ ബി ഗംഗാധരറാവു 13. പ്രകാശ് കാരാട്ട് 14. എം ഹനുമന്തറാവു 15. സുനില്‍ മൊയ്ത്ര 16. പി രാമചന്ദ്രന്‍ 17. ശൈലേന്‍ദാസ് ഗുപ്ത

പതിനഞ്ചാം പാർടി കോണ്‍ഗ്രസ് : 1995 ഏപ്രില്‍ 2‐8, ചന്ദീഗഡ്

കേന്ദ്ര കമ്മിറ്റി 71 അംഗങ്ങള്‍.

 പോളിറ്റ്ബ്യൂറോ. 1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് ജനറല്‍ സെക്രട്ടറി 2. ഇഎംഎസ് 3. ഇ ബാലാനന്ദന്‍ 4. ആര്‍ ഉമാനാഥ് 5. ഇ കെ നായനാര്‍ 6. സീതാറാം യെച്ചൂരി 7. എസ് രാമചന്ദ്രന്‍ പിള്ള 8. ജ്യോതിബസു 9. ബിനോയ് കൃഷ്ണ ചൗധരി 10. വി. എസ് അച്യുതാനന്ദന്‍ 11. പി രാമചന്ദ്രന്‍ 12. എല്‍ ബി ഗംഗാധരറാവു 13. പ്രകാശ് കാരാട്ട് 14. ശൈലേന്‍ദാസ് ഗുപ്ത 15. സുനില്‍ മൊയ്ത്ര

പതിനാറാം പാർടി കോണ്‍ഗ്രസ് : 1998 ഒക്ടോബര്‍ 5‐11, കല്‍ക്കത്ത

കേന്ദ്ര കമ്മിറ്റി 75 അംഗങ്ങള്‍.

 പോളിറ്റ്ബ്യൂറോ. 1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് ജനറല്‍ സെക്രട്ടറി 2. മണിക് സര്‍ക്കാര്‍ 3. ഇ ബാലാനന്ദന്‍ 4. ആര്‍ ഉമാനാഥ് 5. ഇ കെ നായനാര്‍ 6. സീതാറാം യെച്ചൂരി 7. എസ് രാമചന്ദ്രന്‍ പിള്ള 8. ജ്യോതിബസു 9. ബിമന്‍ ബസു 10. വി. എസ് അച്യുതാനന്ദന്‍ 11. പി രാമചന്ദ്രന്‍ 12. അനില്‍ വിശ്വാസ് 13. പ്രകാശ് കാരാട്ട് 14. ശൈലേന്‍ദാസ് ഗുപ്ത 15. എം കെ പന്ഥെ 16. പിണറായി വിജയന്‍

പതിനേഴാം പാർടി കോണ്‍ഗ്രസ് : 2002 മാര്‍ച്ച് 19‐24, ഹൈദരാബാദ്

കേന്ദ്ര കമ്മിറ്റി 77 അംഗങ്ങള്‍.

പോളിറ്റ്ബ്യൂറോ. 1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് ജനറല്‍ സെക്രട്ടറി 2. മണിക് സര്‍ക്കാര്‍ 3. ഇ. ബാലാനന്ദന്‍ 4. ആര്‍. ഉമാനാഥ് 5. ഇ കെ നായനാര്‍ 6. സീതാറാം യെച്ചൂരി 7. എസ് രാമചന്ദ്രന്‍ പിള്ള 8. ജ്യോതിബസു 9. ബിമന്‍ ബസു 10. വി. എസ് അച്യുതാനന്ദന്‍ 11. പി. രാമചന്ദ്രന്‍ 12. അനില്‍ വിശ്വാസ് 13. പ്രകാശ് കാരാട്ട് 14. ബുദ്ധദേവ് ഭട്ടാചാര്യ 15. എം കെ പന്ഥെ 16. കോര്‍ത്താല സത്യനാരായണ 17. പിണറായി വിജയന്‍

  പതിനെട്ടാം പാർടി കോണ്‍ഗ്രസ് : 2005 ഏപ്രില്‍ 6‐11, ന്യൂഡല്‍ഹി

പതിനെട്ടാം കോണ്‍ഗ്രസില്‍ ബസു,സുര്‍ജിത്,കാരാട്ട്പതിനെട്ടാം കോണ്‍ഗ്രസില്‍ ബസു,സുര്‍ജിത്,കാരാട്ട്

പോളിറ്റ്ബ്യൂറോ. 1. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി 2. വി.എസ്. അച്ചുതാനന്ദന്‍ 3. എസ.് രാമചന്ദ്രന്‍ പിള്ള 4. സീതാറാം യെച്ചൂരി 5. എം.കെ. പാന്ഥെ 6. ബിമന്‍ ബസു 7. മാണിക്ക് സര്‍ക്കാര്‍ 8. പിണറായി വിജയന്‍ 9. ബുദ്ധദേവ് ഭട്ടാചാര്യ 10. കെ. വരദ രാജന്‍ 11. ബി.വി. രാഘവുലു 12. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് 13. അനില്‍ വിശ്വാസ് 14. വൃന്ദ കാരാട്ട് 15. ചിത്തബ്രത മജൂംദാര്‍ 16. ജ്യോതി ബസു 17. ആര്‍. ഉമാനാഥ്
പത്തൊന്‍പതാം പാർടി കോണ്‍ഗ്രസ് : 2008 മാര്‍ച്ച് 29‐ ഏപ്രില്‍ 3, കോയമ്പത്തൂര്‍

പോളിറ്റ് ബ്യൂറോ. 1. പ്രകാശ് കാരാട്ട്. 2. വി.എസ്. അച്ചുതാനന്ദന്‍ 3. എസ.് രാമചന്ദ്രന്‍ പിള്ള 4. സീതാറാം യെച്ചൂരി 5. എം.കെ. പാന്ഥെ 6. ബിമന്‍ ബസു 7. മാണിക്ക് സര്‍ക്കാര്‍ 8. പിണറായി വിജയന്‍ 9. ബുദ്ധദേവ് ഭട്ടാചാര്യ 10. കെ. വരദ രാജന്‍ 11. ബി.വി. രാഘവുലു 12. വൃന്ദ കാരാട്ട് (ണ) 13. മൊഹമ്മദ് അമീന്‍ 14. കൊടിയേരി ബാലകൃഷ്ണന്‍ 15. നിരുപെം സെന്‍
പോളിറ്റ് ബ്യൂറോയിലേക്കുള്ള പ്രത്യേക ക്ഷണിതാവ് 16. ജ്യോതി ബസു

ഇരുപതാം പാർടി കോണ്‍ഗ്രസ് : 2012 ഏപ്രില്‍ 4‐9, കോഴിക്കോട്

കേന്ദ്രകമ്മിറ്റി 89 അംഗങ്ങള്‍.
പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍: 1. പ്രകാശ് കാരാട്ട് (ജനറല്‍ സെക്രട്ടറി) 2. എസ് രാമചന്ദ്രന്‍ പിള്ള 3. സീതാറാം യെച്ചൂരി 4. ബിമന്‍ ബസു 5. മണിക് സര്‍ക്കാര്‍ 6.പിണറായി വിജയന്‍ 7.ബുദ്ധദേബ് ഭട്ടാചാര്യ 8.കെ വരദരാജന്‍ 9. ബി വി രാഘവലു 10. വൃന്ദ കാരാട്ട് 11.നിരുപം സെന്‍ 12.കോടിയേരി ബാലകൃഷ്ണന്‍ 13. എം എ ബേബി 14. സൂര്യ കാന്ത് മിശ്ര 15. എ കെ പത്മനാഭന്‍.

ഇരുപത്തൊന്നാം പാർടി കോണ്‍ഗ്രസ് : 2015 ഏപ്രില്‍ 16‐19, വിശാഖപട്ടണം

കേന്ദ്രകമ്മിറ്റി 91 അംഗങ്ങള്‍.
പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍: 1. സീതാറാം യെച്ചൂരി (ജനറല്‍ സെക്രട്ടറി) 2. പ്രകാശ് കാരാട്ട്  3. എസ് രാമചന്ദ്രന്‍ പിള്ള 4. ബിമന്‍ ബസു 5. മണിക് സര്‍ക്കാര്‍ 6.പിണറായി വിജയന്‍ 7. ബി വി രാഘവലു 8. വൃന്ദ കാരാട്ട് 9. കോടിയേരി ബാലകൃഷ്ണന്‍ 10. എം എ ബേബി 11. സൂര്യ കാന്ത് മിശ്ര 12. എ കെ പത്മനാഭന്‍ 13. ഹനൻ മൊള്ള 14. മുഹമ്മദ് സലിം 15. സുഭാഷിണി അലി 16. ജി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News