ലക്ഷ്മി നടയില്‍ തയ്യല്‍ കട നടത്തിയിരുന്ന അച്ഛന്‍റെ വരുമാനം മാത്രമായിരുന്നു ആശ്രയം; അവിടെനിന്ന് മകന്‍ പറന്നുയര്‍ന്നത് 19 ലക്ഷം ശമ്പളത്തിന്‍റെ തിളക്കത്തിലേക്ക്; നാടിന് അഭിമാനമായി ജസ്റ്റിന്‍

നാഗ്പൂര്‍ ഐഐഎമ്മില്‍ പഠിച്ചിറങ്ങി 19 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി നേടി നാടിനാകെ അഭിമാനമായിരിക്കുകയാണ് കൊല്ലം തങ്കശേരിയില്‍ നിന്നുളള ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ലക്ഷ്മിനടയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന അച്ഛന്റെ വരുമാനം മാത്രം ആശ്രയിച്ചുകഴിഞ്ഞ കുടുംബത്തില്‍ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ബി.ടെക് നേടിയ ജസ്റ്റിന്‍ രണ്ട് വര്‍ഷം ടെക്‌നോപാര്‍ക്കില്‍ ജോലി നോക്കിയ ശേഷമാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര പഠനത്തിന് ഐഐഎമ്മിലെത്തുന്നത്.

തങ്കശേരി യേശുദാസ് മന്ദിറില്‍ ജോസഫ് ഫെര്‍ണാണ്ടസിന്റെയും മേരിയുടെയും മകനാണ് ജസ്റ്റിന്‍. അച്ഛനും മുത്തച്ഛനും തയ്യലായിരുന്നു ജോലി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ തയ്യല്‍ജോലി കുറഞ്ഞു. അതോടെ കട പൂട്ടി. വീട്ടിലെത്തുന്ന ഓര്‍ഡറുകള്‍ തയ്ച്ചു നല്‍കുന്നതില്‍ മാത്രമായി വരുമാനമാര്‍ഗം.

മികച്ച വിദ്യാഭ്യാസം മാത്രമാണ് കഷ്ടപ്പാടുകള്‍ മാറാനുളള പോംവഴിയെന്ന് മനസിലാക്കിയ ജസ്റ്റിന്‍ അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചു. സ്‌കോളര്‍ഷിപ്പിന്റെ തണലിലും ബന്ധുക്കളുടെ സഹായത്തോടെയുമാണ് തിരുവനന്തപുരം ഗവ. കോളജില്‍ നിന്ന് ബിടെക് നേടിയത്.

നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്നിറങ്ങിയ സ്റ്റുഡന്റിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജാണിത്. 54 പേരുളള ബാച്ചില്‍ നിന്നാണ് ജസ്റ്റിന്‍ ഉയര്‍ന്ന ശമ്പളം നേടി അഭിമാനമായത്. കോഴിക്കോട് ഐഐഎമ്മില്‍ എംബിഎ ചെയ്യാന്‍ വേണ്ടിയാണ് ശ്രമിച്ചതെങ്കിലും അഡ്മിഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് സെക്കന്‍ഡ് അറ്റെംപ്റ്റിലാണ് നാഗ്പൂര്‍ ഐഐഎമ്മില്‍ പ്രവേശനം ലഭിക്കുന്നത്

സ്റ്റോറി കടപ്പാട്: ചാനല്‍ ഐആം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here