സഞ്ജുവിനെതിരെ വിനോദ് കാംബ്ലി; അവസരങ്ങള്‍ കളഞ്ഞ് കുളിച്ച് കായികജീവിതം തുലച്ചത് ചൂണ്ടികാട്ടി കാംബ്ലിക്ക് ആരാധകരുടെ പൊങ്കാല

മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ്ങ് മികവിനെ പുക‍ഴ്ത്തുന്ന കമന്‍റേറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്‍ പതിനൊന്നാം സീസണിലെയും സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് കമന്‍റേറ്റര്‍മാര്‍ പറയുന്നത് കേട്ടാല്‍ തോന്നും അവര്‍ക്ക് വേറൊന്നും പറയാനില്ലെന്ന്. അത്രയ്ക്കും ബോറാണത്. എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.

കാംബ്ലിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വീറ്ററിലുണ്ടാകുന്നത്. സെലക്ടര്‍മാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ടാണ് കമന്‍റേറ്റര്‍മാര്‍ക്ക് പറയേണ്ടിവരുന്നത് എന്നായിരുന്നു കാംബ്ലിക്ക് ക്രിക്കറ്റ് ആരാധകരുടെ മറു ട്വീറ്റ്. അനുഭവസമ്പത്ത് കുറഞ്ഞിട്ടും ഇത്രയും മികച്ച രീതിയില്‍ കളിക്കുന്ന മറ്റ് ഏതൊരു താരമുണ്ട് എന്ന് ചിലര്‍ ചോദിച്ചു.

ലഭിച്ച അവസരങ്ങള്‍ നശിപ്പിച്ച ആളാണ് നിങ്ങള്‍. സഞ്ജു ഓരോ ദിവസവും മെച്ചപ്പെടുകയാണ്. വലിയ പരിശീലകരോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് സഞ്ജു ഇത്ര മികച്ച രീതിയില്‍ കളിക്കുന്നത്. അതിനെ മാനിക്കൂവെന്നായിരുന്നു കാംബ്ലിക്കുള്ള എന്നായിരുന്നു മറ്റൊരു അഭിപ്രായം.

കമന്‍റേറ്റര്‍മാരെ വിമര്‍ശിക്കണമെങ്കില്‍ സഞ്ജുവിനെ എന്തിന് വലിച്ചി‍ഴയ്ക്കുന്നുവെന്നും വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് ഹിന്ദി കമന്‍ററി കേട്ടോളൂ എന്ന പരിഹാസ കമന്‍റും കാംബ്ലിയുടെ ട്വീറ്റിന് താഴെയുണ്ട്. ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സഞ്ജുവിന്‍റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണിത്.

സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം മുഖമുദ്രയാക്കിയ സഞ്ജു റണ്‍വേട്ടയില്‍ വിരാട് കോഹ്ലിയെയും ക്രിസ് ഗെയ്‌ലിനെയുമെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. ആറു കളികളില്‍ നിന്ന് മൊത്തം 239 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ധശതകം ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

പുറത്താകാതെ നേടിയ 92 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള കോഹ്ലി അഞ്ചു കളികളില്‍ നിന്ന് 231ഉം മൂന്നാം സ്ഥാനത്തുള്ള കെയ്ന്‍ വില്ല്യംസണ്‍ അഞ്ചു കളികളില്‍ നിന്ന് 230 റണ്‍സും നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ മൂന്ന് കളികളില്‍ നിന്ന് 229 റണ്‍സുമാണ് നേടിയത്.

സഞ്ജുവിന്‍റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും സഞ്ജുവിനായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വിദേശ മന്‍റേറ്റര്‍മാരടക്കമുള്ളവര്‍ സഞ്ജുവിനെ പുക‍ഴ്ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News