അര കിലോ തൂക്കവും, കടുത്ത ഹൃദ്രോഗവുമായി ആറാം മാസം പിറന്നു വീണ ആസിയ; വൈദ്യശാസ്ത്രത്തിന് അത്ഭുതമായ ആസിയക്ക് പറയാനുള്ളത് അതിജീവനത്തിന്‍റെയും കരുതലിന്‍റെയും കഥ

ഒരു വയസ്സുകാരി ആസിയക്ക് പറയാനുള്ളത്, അതിജീവനത്തിന്റെയും കരുതലിന്റെയും കഥയാണ് . അര കിലോ തൂക്കവും, കടുത്ത ഹൃദ്രോഗവുമായി ആറാം മാസം പിറന്നു വീണ ഈ കുഞ്ഞിന് പുതുജീവൻ നൽകിയത് കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജാണ് . ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകി ലിസി ആശുപത്രിയും ഒപ്പം ചേർന്നതോടെ കുഞ്ഞ് ആസിയ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി . വൈദ്യശാസ്ത്രത്തിന് അത്ഭുതമായ ആസിയയുടെ പിറന്നാൾ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ആഘോഷമാക്കി .

ആസിയ മെഹറിൻ എന്ന അറബി വാക്കിന്റെ അർത്ഥം തേജസ്സുള്ള പരിചാരിക എന്നാണ്. ആ പേര് അന്വർത്ഥമായി. കുഞ്ഞ്‌ ആസിയക്ക്‌ പറയാനുള്ളത്‌ തേജ്ജസ്സാർന്നൊരു കഥയാണ്. കേരളത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ അവിശ്വസനീയവും വിസ്മയകരവുമായ കഥ. ഒരു സർക്കാർ മെഡിക്കൽ കോളേജ് കാണിച്ച കരുതലിന്റെയും കരുണയുടെയും ഹൃദയസ്പർശിയായ കഥ .

അഞ്ഞൂറ്റമ്പത്‌ ഗ്രാം തൂക്കവുമായി ആറാം മാസം ജനനം. ഗുരുതരമായ ഹൃദ്രോഗം . ആസിയ മെഹറിൻ ജനിച്ച്‌ വീഴുമ്പോൾ ഇതായിരുന്നു അവസ്ഥ. കുഞ്ഞ്‌ ജീവിച്ചിരിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒരു സർക്കാർ മെഡിക്കൽ കോളേജും ഒരു സ്വകാര്യ ആശുപത്രിയും ഏതാനും മനുഷ്യ സ്നേഹികളും കൈ കോർത്തപ്പോൾ ആ അത്ഭുതം സംഭവിച്ചു. ആ അത്ഭുതത്തിന്‍റെ പേരാണ് ആസിയ.

കളമശ്ശേരി മെഡിക്കൽ കോളേജിൽ നീണ്ട ആറു മാസത്തെ ആശുപത്രി വാസം. കുട്ടിയുടെ രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ ലിസ്സി ആശുപത്രി അധികൃതർ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത്‌ നൽകി. കുട്ടി അപകട നില തരണം ചെയ്യുന്നത്‌ വരെ രണ്ട്‌ ആശുപത്രിയിലെ ഡോക്ടർമാർ കണ്ണിമ ചിമ്മാതെ കാവൽ നിന്നു. ഒരു മാസത്തിലേറെക്കാലം വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കുട്ടി ജീവൻ നില നിർത്തിയത്‌.
വീട്ടിലും ഓക്സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏറെ നാൾ വേണ്ടി വന്നു. ഇതും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് സൗജന്യമായി വിട്ട്‌ നൽകി.

ഇപ്പോൾ കുട്ടിക്ക്‌ അഞ്ച്‌ കിലോഗ്രാമിലേറെ തൂക്കമുണ്ട്‌. അവയവങ്ങളെല്ലാം സാധാരണ നിലയിൽ പ്രവർത്തിച്ച്‌ തുടങ്ങിയിരിക്കുന്നു. നഷ്ടപ്പെടുമെന്ന് കരുതിയത്‌ തിരിച്ച്‌ കിട്ടിയതിൽ ആഹ്ലാദത്തിലാണ് അടിമാലി സ്വദേശികളായ ആസിയയുടെ മാതാപിതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News