കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ കോഴിക്കോട്

കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ കോഴിക്കോട്.  ഉദ്ഘാടനം ഇന്ന് വൈകീട്ട് ടാഗോര്‍ ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന സമ്മേളനം 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുരോഗമനാത്മക നിയമങ്ങള്‍ക്ക് രൂപം നല്‍കി രാജ്യത്തിന് മാതൃകയായ കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കമാവും.

ഇന്ന് മുതല്‍ 27 വരം നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മണ്‍മറഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി, സി എച്ച് മുഹമ്മദ് കോയ അനുസ്മരണം, മുന്‍ നിയമസഭാംഗങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കല്‍, കലാസന്ധ്യ, സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മാതൃകാ നിയമസഭ, സെമിനാര്‍, ചരിത്ര പ്രദര്‍ശനം എന്നിവ ഒരുക്കിയിട്ടുണ്ട.

വജ്രജൂബിലി ആഘോഷവും സി എച്ച് അനുസ്മരണവും ഇന്ന് വൈകീട്ട് ടാഗോര്‍ സെന്റിനറി ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ നിയമസഭാ സാമാജികരേയും സ്വാതന്ത്ര്യസമര സേനാനികളേയും ആദരിക്കും. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ടി പി രാമകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തും.

കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം പി മാരായ എം കെ രാഘവന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, എം പി വീരേന്ദ്രകുമാര്‍, വി മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍ നിര്‍വഹിക്കും. ജില്ലയിലെ എം എല്‍ എ മാര്‍, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ്, ജില്ലാ കളക്ടര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

25 ന് നിയമസഭാ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്രപ്രദര്‍ശനം ടൗണ്‍ഹാളില്‍ ആരംഭിക്കും. സി കെ നാണു എം എല്‍ എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മാതൃകാ നിയമസഭ ചേരും മന്ത്രി ടി പി രാമകൃഷണ്ന്‍ മാതൃകാ നിയമസഭയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 26 ന് നമ്മുടെ നിയമസഭ, വജ്രകേരളം എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

നിയമസഭാ ദിനമായ 27 ന് സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുളള നിയമനിര്‍മ്മാണങ്ങള്‍, ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി കെ കെ ശൈലജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡ് അംഗം ഡോക്ടര്‍ ബി ഇക്ബാല്‍ വിഷയം അവതരിപ്പിക്കും.

വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം 27 ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ നിയമസഭാ സാമാജികരും പങ്കെടുക്കും. നിയമസഭാ സെക്രട്ടറിയറ്റ്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 4 നാള്‍ നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News