കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും

സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് തീരപ്രദേശത്ത് തന്നെ സുരക്ഷിതമായി മാറിതാമസിക്കുന്നതിനായി വീടൊരുക്കാന്‍ 10ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കടല്‍ക്ഷോഭം നേരിടുന്നതിനുള്ള കേന്ദ്രസഹായം ഇപ്പോള്‍ കുറവാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം ചെറുക്കുന്നതിനുള്ള ടെട്രാപോള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാവുകയും ഇതുമൂലം നിരവധി മല്‍സ്യത്തൊ‍ഴിലാളികള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

കടല്‍ക്ഷോഭം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി സഹായിക്കണം. ഇപ്പോ‍ഴത്തെ മാനദണ്ഡമനുസരിച്ച് ചെറിയതുകയാണ് നഷ്ടപരിഹാരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്.

ഈ തുക വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയാണ് സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് തീരപ്രദേശത്ത് തന്നെ സുരക്ഷിതമായി മാറിതാമസിക്കുന്നതിനായി വീടൊരുക്കാന്‍ 10ലക്ഷം രൂപ ധനസഹായം നല്‍കും.

സ്ഥലം വാങ്ങാന്‍ 6 ലക്ഷം ,വീട് വയ്ക്കാന്‍ 4 ലക്ഷം എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. മല്‍സ്യത്തൊ‍ഴിലാളികള്‍ കടല്‍ തീരത്ത് നിന്ന് 50മീറ്റര്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തീരസംരക്ഷണത്തിനായി ക്വാറി ഉടമകളുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ കരിങ്കല്ല് ആവശ്യപ്പെടും.കൂടാതെ ടെട്രാപോള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരദേശ റോഡുകള്‍ പ‍ഴയ സ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.

മല്‍സ്യത്തൊ‍ഴിലാളികള്‍ക്കായി തിരുവനന്തപുരത്തെ വലിയതുറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ഉപഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറും. മല്‍സ്യത്തൊ‍ഴിലാളികള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News