സൂക്ഷിക്കുക; 500ന്‍റെ കള്ളനോട്ട് എടിഎം വ‍ഴിയും; ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍; ചില്‍ഡ്രണ്‍ ബാങ്കിന്‍റെ നോട്ടുകള്‍ വ്യാപകമെന്ന് പരാതി

ദില്ലിയില്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഭാഷ് നഗറിലുള്ള എ ടി എമ്മില്‍നിന്ന് പണം പിന്‍വലിച്ച ബറേലി സ്വദേശി അശോക് പാഠകിന് ലഭിച്ചത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ 500 രൂപാ നോട്ടുകള്‍. കാഴ്ചയില്‍ ഒറിജിനല്‍ 500 രൂപയുമായി സാമ്യമുള്ളതാണ് ചില്‍ഡ്രണ്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍.

നോട്ടിന് മുകളില്‍ വലതുവശത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്ന് പ്രിന്‍റ് ചെയ്യുന്നിടത്താണ് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയെന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നത്. ഞായറാ‍ഴ്ച വൈകിട്ട് അശോക് ഈ എ ടി എമ്മില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചപ്പോളാണ് കള്ളനോട്ടുകള്‍ ലഭിച്ചത്.

ഇതേ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച നിരവധി പേര്‍ക്ക് ചില്‍ഡ്രണ്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അശോക് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. രണ്ടായിരം രൂപ പിന്‍വലിച്ച പ്രദീപ് ഉത്തമിന് ചില്‍ഡ്രന്‍ ബാങ്കിന്‍റെ രണ്ട് 500 രൂപാ നോട്ടുകള്‍ ലഭിച്ചു. പിന്നീട് പണം പിന്‍വലിച്ച ഇന്ദ്രകുമാര്‍ ശുക്ലയ്ക്കും കള്ളനോട്ട് ലഭിച്ചതായി അശോക് പറയുന്നു.

എ ടി എമ്മില്‍ നിന്ന് കള്ളനോട്ട് ലഭിച്ചതിനെ തുടര്‍ന്ന് മൂന്നുപേരും ബാങ്ക് മാനേജര്‍ക്ക് പണം പിന്‍വലിച്ചതിന്‍റെ രേഖയുടെ പകര്‍പ്പും ഉള്‍പ്പെടുത്തി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് എ ടി എം പരിശോധിച്ചെങ്കിലും വ്യാജനോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.

എ ടി എമ്മില്‍ പണം നിക്ഷേപിക്കുന്നത് പുറത്തുനിന്നുള്ള ഏജന്‍സികളാണെന്നും ബാങ്കിന് ബാധ്യതയില്ലെന്നുമാണ് ബാങ്ക് മാനേജരുടെ വാദം. പണം നിക്ഷേപിച്ച ഏജന്‍സിക്കെതിരെ നടപടി എടുക്കുകയോ കരിമ്പട്ടികയില്‍ പെടുത്തണമെന്നോ ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News