പെട്രോള്‍ ഡീസല്‍ വില 50 രൂപയില്‍ താഴെ എത്തിക്കുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളില്‍ നിന്ന്‌ കവര്‍ന്നെടുത്തത്‌ 20 ലക്ഷംകോടി; പൊതുജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്താവനയിൽ പറഞ്ഞു.

പെട്രോളിന്റേയും ഡീസലിന്റേയും വില സർവകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്‌. പെട്രോള്‍ ലിറ്ററിന്‌ 78.46 രൂപയും, ഡീസലിന്‌ 71.37 രൂപയുമാണ്‌ ഇന്നത്തെ വില. കഴിഞ്ഞ 6 മാസത്തിനിടയില്‍ ഡീസലിന്‌ 10.67 രൂപയും, പെട്രോളിന്‌ 6.44 രൂപയും വര്‍ദ്ധിച്ചു. എണ്ണവില വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചിലവ്‌ കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നും കോടിയേരി പറഞ്ഞു.

ഇത്‌ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന്‌ പറഞ്ഞ കോടിയേരി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത്‌ പ്രതികൂലമായി ബാധിക്കുമെന്നും ഓർമപ്പെടുത്തി.

പെട്രോളും, ഡീസലും 50 രൂപയില്‍ താഴെ നിരക്കില്‍ വില്‍ക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ 4 വര്‍ഷത്തിനിടെ ഇന്ധനവില വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ നിന്ന്‌ കവര്‍ന്നെടുത്തത്‌ 20 ലക്ഷംകോടി രൂപയാണ്‌.

സബ്‌സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി 2 ലക്ഷംകോടിയോളം രൂപ കേന്ദ്ര ഖജനാവിന്‌ ലഭിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന്‌ നല്‍കാതെ ഖജനാവ്‌ നിറയ്‌ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ്‌ മോഡി സര്‍ക്കാര്‍ ചെയ്‌തത്‌.

2013 ല്‍ അസംസ്‌കൃത എണ്ണവില ബാരലിന്‌ 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ പെട്രോളിന്‌ 77 രൂപയും, ഡീസലിന്‌ 54 രൂപയുമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇന്ന്‌ രാജ്യാന്തര വിപണിയില്‍ ബാരലിന്‌ 73.51 ഡോളര്‍ മാത്രമാണ്‌ അസംസ്‌കൃത എണ്ണയുടെ വില. രാജ്യാന്തര വിപണിയില്‍ ഇരട്ടി വിലയുണ്ടായിരുന്ന കാലഘട്ടത്തിലെ വിലയെക്കാള്‍ കൂടുതലാണ്‌ ഇപ്പോള്‍ പെട്രോളിനും ഡീസലിനുമുള്ളതെന്നും കോടിയേരി പറഞ്ഞു.

യുപിഎ ഭരണകാലത്ത്‌ എണ്ണക്കമ്പിനികള്‍ക്ക്‌ വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ടിയാണ്‌ ബിജെപി. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പിനികള്‍ക്ക്‌ ദിനംപ്രതി വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ്‌ ചെയ്‌തത്‌.

സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ കമ്പിനികളെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് . വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണവില വര്‍ദ്ധനവ്‌ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യറാകണമെന്നും എണ്ണ വില വര്‍ദ്ധനവിനെതിരെ മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയർത്തണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News