അധികാരത്തിന്‍റെ തലമുറ കൈമാറ്റം; വിപ്ലവക്യൂബയുടെ പ്രതീക്ഷകള്‍

ക്യൂബൻ വിപ്ലവം അനുസ്യൂതം തുടരുകയാണ്. ക്യൂബൻ വിപ്ലവനായകനായ ഫിദൽ കാസ്ട്രോയുെട സഹോദരനും സഹപോരാളിയുമായ റൗൾ കാസ്ട്രോയ്ക്കുശേഷം ക്യൂബയുടെ പുതിയ പ്രസിഡന്റായി മിഗ്വൽ ഡയസ് കനേൽ ബർമുഡോസ് നിയമിതനായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 65 അംഗ നാഷണൽ അസംബ്ലിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്ക് തുടക്കമിട്ടത്. പുതിയ വൈസ് പ്രസിഡന്റ് സാൽവദോർ വാലസാണ്. കറുത്തവർഗക്കാർ ആദ്യമായാണ് ഉന്നതപദവിയിലേക്ക് ഉയർത്തപ്പെടുന്നത്. 60 വർഷത്തെ സോഷ്യലിസ്റ്റ് ക്യൂബയുടെ ചരിത്രത്തിൽ കാസ്ട്രോ സഹോദരന്മാരുടെ ഭരണത്തിന് തിരശ്ശീല വീഴുകയാണെങ്കിലും വിപ്ലവക്യൂബ മുന്നോട്ടുതന്നെ കുതിക്കുമെന്ന് പുതിയ അധികാരമാറ്റം വ്യക്തമാക്കുന്നു.

ക്യൂബയുടെ നേതൃത്വം വിപ്ലവാനന്തര തലമുറയിലേക്കുള്ള കൈമാറ്റവുംകൂടിയാണ് മിഗ്വൽ ഡയസ് പ്രസിഡന്റാകുന്നതിലൂടെ നടക്കുന്നത്. വിപ്ലവം നടന്ന് ഒരുവർഷത്തിനുശേഷമാണ് മിഗ്വൽ ഡയസിന്റെ ജനനം. വില്ല കാര പ്രവിശ്യയിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകനായി ജീവിതം ആരംഭിച്ച മിഗ്വൽ ഡയസ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ബിരുദധാരിയാണ.് ക്യൂബൻ സൈന്യത്തിലും പ്രവർത്തിച്ചിട്ടുണ്ട്. യങ് കമ്യൂണിസ്റ്റ് ലീഗിലൂടെയാണ് ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയിലേക്ക് ഡയസ് എത്തുന്നത്. 1994ൽ കമ്യൂണിസ്റ്റ് ലീഗിന്റെ സെക്കൻഡ് സെക്രട്ടറിയായ ഡയസ്, വില്ല കാര പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഫസ്റ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പാർടിയുടെ പൊളിറ്റ്ബ്യൂറോയിലും എത്തി. തുടർന്ന് അദ്ദേഹം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫിദൽ കാസ്ട്രോയും റൗൾകാസ്ട്രോയുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിച്ച ഡയസ് അവരുടെ നയതുടർച്ച ഉറപ്പാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഫുൾജെൻസിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിയുടെ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി പൊരുതിയാണ് കാസ്ട്രോയും ചെ ഗുവേരയും ക്യൂബയിൽ വിപ്ലവം നടത്തിയത്. 1959ൽ ജനുവരി ഒന്നിനാണ് ബാറ്റിസ്റ്റയെ അധികാരത്തിൽനിന്ന് മാറ്റി ഫിദൽ കാസ്ട്രോ ക്യൂബയുടെ ഭരണാധികാരിയാകുന്നത്. കരീബിയൻ മേഖലയിലെ കൊച്ചുദ്വീപ് രാഷ്ട്രമായ ക്യൂബ സോഷ്യലിസത്തിലേക്ക് മാർച്ച് ചെയ്യുന്നത് അമേരിക്ക എന്ന സാമ്രാജ്യത്വശക്തിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ലാറ്റിനമേരിക്കൻ കരീബിയൻ മേഖലകൾ തങ്ങളുടെ പിന്നാമ്പുറമാണെന്ന അമേരിക്കയുടെ ധാരണ തിരുത്താൻ ക്യൂബയ്ക്കായി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ എതിർത്തുകൊണ്ടാണ് ക്യൂബ മുന്നേറിയത്. അതുകൊണ്ടുതന്നെ ക്യൂബയെ ശിക്ഷിക്കാൻ അമേരിക്ക എന്ന വൻകിട ശക്തി തയ്യാറാവുകയും ചെയ്തു. ക്യൂബയ്ക്കെതിരെ സാമ്പത്തിക‐ യാത്ര നിരോധനം ഏർപ്പെടുത്തി ജനങ്ങളെ ശ്വാസംമുട്ടിക്കാനാണ് അമേരിക്ക തയ്യാറായത്. ബേ ഓഫ് പിഗ്സ് യുദ്ധത്തിലൂടെ ക്യൂബയെ തകർക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും ക്യൂബൻ ജനതയുടെ പോരാട്ടവീറിനുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു. അന്നൊക്കെ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളുടെയും പിന്തുണ ക്യൂബയ്ക്കുണ്ടായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ച ക്യൂബയ്ക്കും അവരുടെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ കാസ്ട്രോയുഗത്തിന് അന്ത്യമാകുമെന്ന് അമേരിക്കയും മിയാമിയിലെ ക്യൂബക്കാരായ സോഷ്യലിസ്റ്റുവിരുദ്ധരും പ്രചരിപ്പിച്ചു. എന്നാൽ, സാമ്പത്തികനയങ്ങളിലും മറ്റും ചില മാറ്റങ്ങൾ വരുത്തിയും ലാറ്റിനമേരിക്കയിലെ വെനേസ്വല, ബൊളീവിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ നേടിയും ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാർ മുന്നോട്ടുകുതിച്ചു.

ചൈനയും വിയത്നാമുംപോലെ കമ്പോളശക്തികൾക്ക് ചില മേഖലകളിൽമാത്രം ക്യൂബ പ്രവേശനം നൽകിയെങ്കിലും ആസൂത്രണവും പൊതുമേഖലയും ഉപേക്ഷിക്കാൻ ക്യൂബ തയ്യാറായില്ല. ആരോഗ്യരംഗത്തും ഔഷധഗവേഷണരംഗത്തും ക്യൂബ വൻ കുതിപ്പ് നടത്തി. ക്യൂബയുടെ ഈ സോഷ്യലിസ്റ്റ് മാതൃകയാണ് ലാറ്റിനമേരിക്കയിലെ പല രാഷ്ട്രങ്ങളും പിന്തുടർന്നത്. 2006ലാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഫിദൽ കാസ്ട്രോ പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറിയത്. പുതിയ പ്രസിഡന്റായി റൗൾ കാസ്ട്രോ അധികാരമേൽക്കുകയുണ്ടായി. ഫിദൽ കാസ്ട്രോ അധികാരമൊഴിഞ്ഞപ്പോഴും ക്യൂബയിലെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ തകരുമെന്ന് പ്രചണ്ഡമായ പ്രചാരണം അമേരിക്കയും കോർപറേറ്റ് മാധ്യമങ്ങളും അഴിച്ചുവിട്ടു. പക്ഷേ, കഴിഞ്ഞ 12 വർഷവും മെച്ചപ്പെട്ട ഭരണംതന്നെ കാഴ്ചവയ്ക്കാൻ റൗൾ കാസ്ട്രോയ്ക്ക് കഴിഞ്ഞു.

ഇപ്പോൾ റൗൾ കാസ്ട്രോ ഒഴിഞ്ഞ് മിഗ്വൽ ഡയസ് അധികാരം ഏറ്റെടുത്തപ്പോഴും പാശ്ചാത്യമാധ്യമങ്ങൾ ഈ പ്രചാരണം തുടരുകയാണ്. എന്നാൽ, ഈ പ്രചാരണങ്ങളെയൊക്കെ അസ്ഥാനത്താക്കി മിഗ്വൽ ഡയസ് ക്യൂബയെയും സോഷ്യലിസത്തെയും സംരക്ഷിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സോഷ്യലിസം അല്ലെങ്കിൽ മരണം എന്ന കാസ്ട്രോയുടെ ആഹ്വാനം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നാണ് ഡയസിന്റെ പ്രഖ്യാപനം. നേതൃമാറ്റം ഒരുതരത്തിലും ക്യൂബയുടെ സോഷ്യലിസ്റ്റ് ക്രമത്തെ ബാധിക്കില്ലെന്ന് ഉറപ്പിക്കാം.

ദേശാഭിമാനിയില്‍ വിബി പരമേശ്വരന്‍ എ‍ഴുതിയ ലേഖനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News