കത്വ പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണം; പ്രതികളുടെ ഹര്‍ജി; വ്യാജപ്രചാരണം നടത്തിയ പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്

കത്വ പീഡനക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതികള്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്തയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഈ കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടെതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
ക്ഷേത്രത്തിനകത്ത് നിന്ന ലഭിച്ച മുടി പ്രതികളുടേതാണെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിട്ടുണ്ട്.

അതേസമയം കത്വ പീഡന കേസില്‍ വ്യാജപ്രചാരണം നടത്തിയതിന് പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ശര്‍മ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചുവെന്ന് സാക്ഷി പറയുന്ന വിഡിയോയാണ് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലുള്ള വിഡിയോ പ്രാഥമിക പരിശോധനയില്‍ കോടതിക്ക് പുറത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്നും മനസിലായതായി ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചതിനാലാണ് കേസിലെ സാക്ഷി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് പറയുന്ന ഒരു സി.ഡി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രതിഭാഗം അഭിഭാഷകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here