പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ചു; ആസാറാം ബാപ്പു പ്രതിയായ കേസില്‍ ഇന്ന് വിധി

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ കോടതി ഇന്ന് വിധി പറയും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കും.

രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മ ഈ മാസമാദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.

വിധി പ്രതികൂലമാണെങ്കില്‍ ആസാറാം ബാപ്പുവെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്.

ജോധ്പൂരിന് സമീപം മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആസാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്നാണ് ആദ്യത്തെ കേസ്.പീഢനത്തിനിരയായ പെണ്‍കുട്ടി 2013 ആഗസ്റ്റ് 20നാണ്് പൊലീസില്‍ പരാതി നല്‍കിയത്.

ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.

പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണവും കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് മേധാവി അറിയിച്ചു.

കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News