ഒരൊറ്റ ഫോണ്‍കോളിലൂടെ കേരളത്തിന്‍റെ പ്രിയങ്കരിയായ റോസ്മി; അറിയണം ആ കഥ

തിരുവനന്തപുരം: ചങ്കാണെന്നു പറഞ്ഞ് കെഎസ്ആർടിസി ബസിനോടുള്ള അഡാർ ലൗവ് ഒറ്റ ഫോൺകോളിൽ വിളിച്ചറിയിച്ചത് ആരെന്ന ആകാംക്ഷയ‌്ക്ക് വിരാമം. കെഎസ്ആർടിസി ബസിനെ പ്രാണനെപ്പോലെ സ്നേഹിച്ചത് കോട്ടയം കപ്പാട് സ്വദേശിനി റോസ്മി. കൂട്ടുകാരിക്ക് ഒപ്പം റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ ചൊവ്വാഴ്ച സന്ദർശിച്ചതോടെ ആകാംക്ഷയ‌്ക്കും അന്വേഷണങ്ങൾക്കും ക്ലൈാമാക്സായി. കട്ടഫാനിന് അഭിനന്ദന പത്രം സമ്മാനിച്ചാണ് കെഎസ്ആർടിസി സ്നേഹം പങ്കുവച്ചത്.

ഒരു ബസിനെ ഇത്രയും സ്നേഹിക്കുന്നതിന് എന്താണ് കാരണമെന്ന ചോദ്യത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ അതേ മറുപടിയാണ് റോസ്മി നൽകിയത് ‘അത് ഞങ്ങളുട ചങ്ക് വണ്ടിയായിരുന്നു സാറേ’ എന്ന്. കോട്ടയത്ത് ഏവിയേഷൻ കോഴ്സ് വിദ്യാർഥിനിയായ റോസ്മി അഞ്ച‌് വർഷമായി ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്എസി 140ലെ യാത്രക്കാരിയായിരുന്നു.

ബസ‌് ആലുവയിലേക്ക് മാറ്റിയപ്പോൾ വലിയ സങ്കടമായി. നല്ല ഓർമകളുള്ളതിനാൽ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണ് വിളിച്ചത്. പക്ഷേ, ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും റോസ്മി പറഞ്ഞു.

ദിവസങ്ങൾക്കുമുമ്പ് ആലുവ കെഎസ്ആർടിസി ഡിപ്പോ ഇൻസ്പെക്ടർ സി ടി ജോണിക്ക് ലഭിച്ച ഫോൺകോളിൽനിന്നായിരുന്നു റോസ്മിയും കെഎസ്ആർടിസി ബസും തമ്മിലുള്ള ആത്മബന്ധം പുറത്തറിയുന്നത‌്. അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നെന്നു പറഞ്ഞ പരാതിക്കാരിയോട് ആരാണെന്ന ചോദ്യത്തിന് ബസിലെ സ്ഥിരം യാത്രക്കാരിയാണെന്നും വിദ്യാർഥിനിയുമാണെന്നായിരുന്നു ലഭിച്ച മറുപടി.

സംഭാഷണം വൈറലായതോടെ കെഎസ്ആർടിസി അധികൃതർ ബസ് തിരികെ പഴയ റൂട്ടിലേക്ക് മാറ്റി. ബസിന് ചങ്ക് എന്ന് പേരും നൽകി. അന്വേഷണത്തിന് ഒടുവിലാണ് ബസിന്റെ ചങ്ക് ബ്രോയെ കണ്ടെത്തിയത്. ബസിലെ കണ്ടക്ടർ സമീറിനെയും ചീഫ് ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു.

ബസ് മാറ്റിയതിനെതിരെ ആദ്യം ഫെയ‌്സ്ബുക്ക‌് പോസ്റ്റിട്ടത് സമീറാണ്. ഇതാണ് റോസ്മിക്ക് ഡിപ്പോയിലേക്ക് വിളിക്കാൻ പ്രചോദനമായത്. മാതൃകാപരമായി ഫോൺവിളിക്ക‌് മറുപടി നൽകിയ ജോണിക്കും കെഎസ്ആർടിസി അഭിനന്ദനക്കത്ത് സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here